മാഡ്രിഡ്: ഫ്രഞ്ച് സൂപ്പർതാരം കരീം ബെൻസേമ റയൽ മാഡ്രിഡ് വിട്ടു. ബെൻസേമ ക്ലബ്ബ് വിട്ട കാര്യം റയൽ മാഡ്രിഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ സീസൺ അവസാനത്തോടെ ബെൻസേമയുടെ ക്ലബ്ബുമായുള്ള കരാർ കഴിയും. നേരത്തെ തന്നെ താരം ക്ലബ്ബ് വിടുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ക്ലബ്ബ് തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു.

സ്പാനിഷ് ഫുട്ബാളിലെ വമ്പന്മാരായ റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ രണ്ടാമനായ ബെൻസേമ 14 വർഷത്തെ ക്ലബുമായുള്ള ബന്ധമാണ് അവസാനിപ്പിക്കുന്നത്. 2009ലാണ് ഫ്രഞ്ച് ക്ലബ് ലിയോണിൽനിന്ന് ബെൻസേമ റയലിൽ എത്തിയത്. അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടം അടക്കം 24 ട്രോഫികളിൽ താരം പങ്കാളിയായി. ക്ലബിനായി 450 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നിൽ 353 ഗോളുമായി രണ്ടാമതാണ് ബെൻസേമ.

'ഒരു കളിക്കാരനെന്ന നിലയിൽ ക്യാപ്റ്റൻ കരിം ബെൻസേമയും റയൽ മാഡ്രിഡും അദ്ദേഹത്തിന്റെ ഉജ്വലവും അവിസ്മരണീയവുമായ യുഗത്തിന് വിരാമമിടാൻ സമ്മതിച്ചു. ഞങ്ങളുടെ ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒരാളായ അദ്ദേഹത്തോടുള്ള നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കാൻ മാഡ്രിഡ് ആഗ്രഹിക്കുന്നു', ക്ലബ് പ്രസ്താവനയിൽ അറിയിച്ചു.

ബെൻസേമ സൗദി അറേബ്യയിലേക്ക് കൂടുമാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബെൻസേമക്ക് മുന്നിൽ വമ്പൻ ഓഫർ വച്ച് സൗദി ക്ലബ്ബായ അൽ ഇത്തിഹാദ് ആണ് രംഗത്തുള്ളത്. ഒരു സീസണിൽ 200മില്യൺ യൂറോ, എകദേശം 882 കോടി രൂപയാണ് ഇത്തിഹാദ് താരത്തിന് വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇത്തിഹാദുമായി താരത്തിന്റെ ഏജന്റ് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്.

ക്രിസ്റ്റ്യാനോ റോണോൾഡോക്ക് പിന്നാലെ ബെൻസേമയെകൂടി സൗദിയിലെത്തിക്കാൻ സർക്കാറിന്റെ നേതൃത്വത്തിൽ ജനുവരിയിൽ തന്നെ ശ്രമം നടന്നിരുന്നു. 400 മില്യൺ യൂറോയാണ് 2022ലെ ബാലൺ ഡി ഓർ ജേതാവിന് രണ്ടു വർഷത്തേക്കുള്ള ഓഫർ. സൗദിയിലെ ഏതെങ്കിലും പ്രധാന ക്ലബ് താരത്തിന് തെരഞ്ഞെടുക്കാം. സൗദിയുടെ ലോകകപ്പ് ബിഡിന്റെ അംബാസഡറും ആകും.

2009ൽ 35 മില്യൺ യൂറോക്കാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ബെൻസേമയെ സാന്റിയാഗോ ബെർണബ്യൂവിലെത്തിക്കുന്നത്. ക്രിസ്റ്റ്യാനോയും കക്കയുമടക്കം റയലിന്റെ പുതിയ തലമുറയെ ഫ്‌ളോറണ്ടീനോ പെരസ് അവതരിപ്പിച്ച അതേ വർഷം വലിയ കൊട്ടിഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ബെൻസേമ റയൽമാഡ്രിഡിലെത്തിയത്. എന്നാൽ പെട്ടെന്ന് തന്നെ റയലിന്റെ മുന്നേറ്റ നിരയിലെ നിർണ്ണായക സാന്നിധ്യമായി താരം മാറി.