- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലയണൽ മെസി പി എസ് ജി വിട്ടു, ഒപ്പം ആരാധകരും; ക്ലബിനെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ്; ബാഴ്‌സയിലേക്ക് മടങ്ങാൻ താരം ആഗ്രഹിക്കുന്നതായി പിതാവ് ഹോർഗെ മെസി; ക്ലബ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
പാരിസ്: അർജന്റീന സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ് പി എസ് ജി വിട്ടതിനു പിന്നാലെ ക്ലബിന് കനത്ത തിരിച്ചടി. മെസിക്കൊപ്പം ആരാധകരും ക്ലബ്ബിനെ കൈവിട്ടതോടെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ്.
മെസ്സി പിഎസ്ജിയിൽ തന്റെ അവസാന മത്സരം പൂർത്തിയാക്കി മടങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ പത്ത് ലക്ഷത്തിലേറെ പേർ പിഎസ്ജിയെ പിന്തുടരുന്നതു നിർത്തിയെന്നാണ് രാജ്യാന്തര മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. 69.9 ദശലക്ഷം പേർ സമൂഹമാധ്യമത്തിൽ പിഎസ്ജിയെ പിന്തുടരുന്നുണ്ടായത്, മെസ്സിയുടെ വിടവാങ്ങലോടെ 68.8 ആയി ചുരുങ്ങിയിരുന്നു.
ക്ലെർമോണ്ടിനെതിരെ പിഎസ്ജി 3 - 2ന് തോറ്റ മത്സരത്തിലും മെസ്സിക്കെതിരെ പിഎസ്ജി ആരാധകർ തിരിഞ്ഞിരുന്നു. മത്സരത്തിനു ശേഷം സംഘാടകർ മെസ്സിയുടെ പേരു വിളിച്ചപ്പോൾ കൂവിവിളികളോടെയാണ് ആരാധകർ സൂപ്പർ താരത്തെ നേരിട്ടത്. ക്ലബിനും പാരിസ് നഗരത്തിലെ ജനങ്ങളോടുമുള്ള നന്ദി അറിയിക്കുന്നതായി ലയണൽ മെസ്സി മത്സര ശേഷം പ്രതികരിച്ചു. സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ കോടികളെറിഞ്ഞ് മെസ്സിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്.
മെസ്സിയുടെ ഫ്രഞ്ച് ക്ലബ്ബിലെ അവസാന മത്സരത്തിൽ ക്ലെർമണ്ടിനെതിരെ പിഎസ്ജി 3 - 2നാണു തോറ്റത്. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ദെ പ്രിൻസസിൽ കിക്കോഫിനു മുൻപ് മെസ്സിയുടെ പേരു വിളിച്ചപ്പോൾ കയ്യടികളും കൂവലുകളും സമ്മിശ്രമായിരുന്നു. മത്സരത്തിൽ മെസ്സിക്ക് ഒട്ടേറെ അവസരങ്ങൾ കിട്ടിയെങ്കിലും ഗോൾ നേടാനായില്ല.
16ാം മിനിറ്റിൽ ഹെഡറിലൂടെ സെർജിയോ റാമോസും 21ാം മിനിറ്റിൽ പെനൽറ്റിയിലൂടെ കിലിയൻ എംബപെയുമാണ് പിഎസ്ജിയുടെ ഗോളുകൾ നേടിയത്. എന്നാൽ പിന്നീട് 3 ഗോളുകൾ തിരിച്ചടിച്ച് ക്ലെർമണ്ട് അദ്ഭുത വിജയം നേടി. തോറ്റെങ്കിലും പിഎസ്ജി നേരത്തേ തന്നെ കിരീടം ഉറപ്പിച്ചിരുന്നു.
അതേ സമയം ഫ്രഞ്ച് ക്ലബ് പി.എസ്.ജി വിട്ട സൂപ്പർതാരം ലയണൽ മെസ്സി പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തന്നെ മടങ്ങാനുള്ള സാധ്യത കൂടുതൽ തെളിയുന്നു. മെസ്സി ബാഴ്‌സയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി പിതാവും ഏജന്റുമായ ഹോർഗെ മെസ്സി പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ബാഴ്‌സ പ്രസിഡന്റ് ജോൺ ലപോർട്ടയുമായി മെസ്സിയുടെ പിതാവ് കൂടിക്കാഴ്ച നടത്തി. ബാഴ്‌സ പ്രസിഡന്റിന്റെ വസതിയിലേക്ക് മെസ്സിയുടെ പിതാവ് എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ, കൂടിക്കാഴ്ച നടന്നതായുള്ള റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞു. അതേസമയം, മെസ്സി ബാഴ്‌സയിലേക്ക് തന്നെ മടങ്ങിപോകാൻ ആഗ്രഹിക്കുന്നതായി പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
'തീർച്ചയായും, മെസ്സി ബാഴ്‌സയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. ഞാനും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. നമുക്ക് കാണാം...' -ഹോർഗെ മെസ്സി മാധ്യമങ്ങളോട് പറഞ്ഞു. താരങ്ങളുടെ ട്രാൻസ്ഫർ നടപടികൾക്കുള്ള ലാ ലിഗയുടെ അനുമതി ഈ ആഴ്ച തന്നെ ബാഴ്‌സക്ക് ലഭിക്കുമെന്നാണ് ക്ലബ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇതിൽ മെസ്സിയും ഉൾപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരം.
മെസ്സി ബാഴ്‌സയിലേക്ക് മടങ്ങിപോകുമ്പോൾ, പ്രതിഫലത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും താരത്തിന്റെ പിതാവ് പ്രതികരിക്കാൻ തയാറായില്ല. ഞങ്ങൾ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നെന്നും പക്ഷേ വ്യക്തത വന്നിട്ടില്ലെന്നുമാണ് അദ്ദേഹം മറുപടി നൽകിയത്. ഭാവി ക്ലബിനെ കുറിച്ചുള്ള തീരുമാനം മെസ്സി ഈ ആഴ്ച പ്രഖ്യാപിക്കുമെന്നും ബാഴ്‌സയുടെ വാതിലുകൾ താരത്തിനായി തുറന്നിട്ടിരിക്കുകയാണെന്നും ബാഴ്‌സ പരിശീലകൻ സാവി ഹെർണാണ്ടസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
സ്പോർട്സ് ഡെസ്ക്