- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ കോൺഫറൻസ് ലീഗിൽ ഇറ്റാലിയൻ ക്ലബ്ബ് ഫ്ളോറന്റിനയെ തകർത്ത് കിരീടം നേടിയതോടെ പ്രേഗ് നഗരം കീഴടക്കി വെസ്റ്റ് ഹാം ആരാധകർ; 65 ന് ശേഷം വെസ്റ്റ് ഹാം നേടുന്ന ആദ്യത്തെ സൂപ്പർ വിൻ; തെരുവ് പാർട്ടികളും അടിപിടിയുമായി ആരാധകർ
പ്രേഗ്: ചെക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രേഗിൽ നടന്ന യൂറോപ കോൺഫറൻസ് ലീഗ് ചാമ്പ്യൻഷിപ്പിൽ ഇറ്റാലിയൻ ക്ലപ്പായ ഫ്ളോറന്റിനയെ 2-1 ന് തകർത്തുകൊണ്ട് വെസ്റ്റ് ഹാം കിരീടം നേടി. അതോടെ ഏഡൻ അറീനയിൽ തടിച്ചു കൂടിയ വെസ്റ്റ് ഹാം ആരാധകർക്ക് ഉത്സവത്തിന്റെ നിമിഷങ്ങളായി. അതേസമയം, ലണ്ടൻ സ്റ്റേഡിയത്തിനു പുറത്തും ആരാധകർ ഈ വിജയം ആഘോഷമാക്കി. 1965 ന് ശേഷം വെസ്റ്റ് ഹാം നേടുന്ന ആദ്യ യൂറോപ്യൻ കിരീടമാണിത്.
ആഹ്ലാദത്തിന്റെ ഉച്ചകോടിയിലെത്തിയ ആരാധകർ ആർത്തു വിളിച്ചും ദേശീയഗാനം മുഴക്കിയും സ്റ്റേഡിയത്തിനകത്ത് ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. വിജയ ഗൊൾ നേടിയ ബോവന്റെ പേരും അവർ ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ എന്നായിരുന്നു ടീം മാനേജർ 60 കാരനായ ഡേവിഡ് മോയെസ് പറഞ്ഞത്.
അതേസമയം, വിജയത്തിന്റെ ശോഭ കെടുത്തിക്കൊണ്ട്, ഫുട്ബോൾ ലോകത്തിനു തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളായിരുന്നു സ്റ്റേഡിയത്തിലും പുറത്തും അരങ്ങേറിയത്. മത്സരത്തിനിടയിൽ തന്നെ വെസ്റ്റ് ഹാം ആരധകൻ എറിഞ്ഞത് എന്ന് സംശയിക്കുന്ന ഒരു കുപ്പി തലയിൽ കൊണ്ട് ഫ്ളോറന്റൈൻ കാപ്റ്റന് പരിക്ക് പറ്റിയിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇറ്റാലിയൻ ആരാധകരും ലണ്ടൻ ആരാധകരുംതമ്മിൽ ഏറ്റുമുട്ടലുകൾ ആരംഭിച്ചിരുന്നു.
നിരവധി വെസ്റ്റ്ഹാം ആരാധകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും അക്രമ സംഭവത്തിൽ പരിക്കേറ്റു. മുപ്പതോളം ഇറ്റാലിയൻ പൗരന്മാരെ ഇതുമായി പ്രേഗ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മത്സരം ആരംഭിക്കുന്നതിനു മുൻപ് തന്നെ ഫ്ളോരന്റൈൻ ആരാധകർ അഴിഞ്ഞാടുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഒരു ബാറിനകത്ത് കസേരകൾ വലിച്ചെറിയുന്നതിന്റെ ദൃശ്യം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നഗര ഹൃദയത്തിലുള്ള ടെക്കില ബാറിൽ അതിനിടയിൽ ഗ്രനേഡ് സ്ഫോടനവും നടന്നു. ഏകദേശം മുന്നൂറോളം ബ്രിട്ടീഷുകാർ അപ്പോൾ അതിനുള്ളിൽ പാട്ടും നൃത്തവുമായി ആഘോഷത്തിലായിരുന്നു. തങ്ങളുടെ കൂടെയുള്ളവർ ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞ് നഗരത്തിന്റെ പല ഭാഗങ്ങളിലായിരുന്ന വെസ്റ്റ് ഹാം ആരാധകരും സംഭവസ്ഥലത്തെത്തി. തുടർന്നായിരുന്നു റയട്ട് പൊലീസ് എത്തി ഇറ്റാലിയൻ ആരാധകരെ അറസ്റ്റ് ചെയ്തത്.
നീണ്ട 47 വർഷത്തിനു ശേഷം ഫൈനലിൽ എത്തിയ വെസ്റ്റ് ഹാമിന്റെ കളികാണുവാൻ ഏകദേശം 20,000 ഓളം ആരാധകരായിരുന്നു വെസ്റ്റ് ഹാമിൽ എത്തിയിരുന്നത്. എന്നാൽ, ഒരു പ്രകോപനവും ഇല്ലാതെ ഇറ്റാലിയൻ ആരാധകർ തുടങ്ങിവെച്ച അക്രമ പരമ്പരകൾ അവരുടെ ആഘോഷത്തിന്റെ ശോഭ കെടുത്തുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്