- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞെന്ന് ഞാൻ വിചാരിക്കുന്നു; അടുത്ത ലോകകപ്പിൽ പങ്കെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല; ഈ തീരുമാനം ഞാൻ മാറ്റിയിട്ടില്ല'; 2026 ഫിഫ ലോകകപ്പ് കളിക്കാനില്ലെന്ന് ലയണൽ മെസ്സി; ആരാധകർ നിരാശയിൽ
ബീജിങ്: 2026 ൽ നടക്കുന്ന അടുത്ത ഫുട്ബോൾ ലോകകപ്പിൽ കളിക്കില്ലെന്ന സൂചന നൽകി അർജന്റീന നായകൻ ലയണൽ മെസ്സി. അടുത്ത ലോകകപ്പിൽ താൻ പങ്കെടുക്കുമെന്ന് തോന്നുന്നില്ലെന്ന് മെസ്സി പറഞ്ഞു. ലോകകപ്പ് വിജയത്തിന് ശേഷം കരിയറിൽ താൻ തൃപ്തനാണെന്നും മെസ്സി കൂട്ടിച്ചേർത്തു. ചൈന ടിവിയോടായിരുന്നു മെസ്സിയുടെ പ്രതികരണം.
ഖത്തറിൽ 2022ൽ നടന്ന ഫുട്‌ബോൾ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച നായകനായ മെസി അമേരിക്കയിലെ മേജർ ലീഗ് സോക്കറിലെ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് തന്റെ ഭാവിയെ കുറിച്ച് മനസ് തുറന്നത്.
'2026 ലോകകപ്പിന് താനുണ്ടാകില്ല. ഖത്തറിലേത് തന്റെ അവസാന ലോകകപ്പാണ്. കാര്യങ്ങൾ എങ്ങനെ പോകും എന്ന് നമുക്ക് നോക്കാം. എങ്കിലും അടുത്ത ലോകകപ്പിനുണ്ടാവില്ലെന്ന് ഉറപ്പാണ്' എന്നുമാണ് മെസിയുടെ വാക്കുകൾ.
'ഞാൻ നേരത്തേ പറഞ്ഞതുപോലെ അടുത്ത ലോകകപ്പിൽ പങ്കെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഭാവിയിൽ എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല, പക്ഷേ ഈ തീരുമാനം ഞാൻ മാറ്റിയിട്ടില്ല. അവിടെ ലോകകപ്പ് കാണാൻ ഇഷ്ടപ്പെടുന്നു, പക്ഷേ ഞാൻ പങ്കെടുക്കാൻ പോകുന്നില്ല.'-മെസ്സി പറഞ്ഞു.
'ലോകകപ്പ് വിജയത്തിന് ശേഷം ഞാൻ എന്റെ ഈ കരിയറിൽ തൃപ്തനും നന്ദിയുള്ളവനുമാണ്. അതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞെന്ന് ഞാൻ വിചാരിക്കുന്നു'- മെസ്സി വ്യക്തമാക്കി.
ഓസ്ട്രേലിയയ്ക്കെതിരായ സൗഹൃദമത്സരത്തിനായി അർജന്റീന ടീമിനൊപ്പം ബീജിങ്ങിലെത്തിയപ്പോഴാണ് മെസ്സി തന്റെ ലോകകപ്പ് ഭാവിയെക്കുറിച്ച് തുറന്നു പറഞ്ഞത്. ജൂൺ 15-നാണ് ഓസ്ട്രേലിയയുമായുള്ള മത്സരം. നേരത്തേ ക്ലബ്ബ് ഫുട്ബോളിൽ പിഎസ്ജി വിട്ട താരം മേജർ ലീഗ് സോക്കർ ക്ലബ്ബ് ഇന്റർ മയാമിയിലേക്ക് കൂടുമാറിയിരുന്നു.
ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് വീഴ്‌ത്തിയാണ് ലിയോണൽ മെസിയുടെ അർജന്റീന കപ്പുയർത്തിയത്. ലോകകപ്പ് കരിയറിൽ രണ്ടാം തവണ മെസി ഗോൾഡൻ ബോൾ നേടിയപ്പോൾ കിലിയൻ എംബാപ്പെ ഗോൾഡൻ ബൂട്ടും അർജന്റീനൻ ഗോളി എമി മാർട്ടിനസ് ഗോൾഡൻ ഗ്ലൗവും കരസ്ഥമാക്കി.
എക്സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ നിർണായക സേവുമായി അർജന്റീനയുടെ എമി മാർട്ടിനസ് വിജയശിൽപിയായി. ഫ്രാൻസിനായി ഹാട്രിക് നേടിയ കിലിയൻ എംബാപ്പെയുടെ ഒറ്റയാൾ പ്രകടത്തിന് ഫലമില്ലാണ്ടുപോയി.
സ്പോർട്സ് ഡെസ്ക്