ബെയ്ജിങ്: ഓസ്ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തിൽ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോൽനാണ് ലോക ചാംപ്യന്മാർ ഓസ്ട്രേലിയയെ കീഴടക്കിയത്. നായകൻ ലയണൽ മെസി, ജർമൻ പസെല്ല എന്നിവരാണ് അർജന്റീനക്കായി ഗോളുകൾ നേടിയത്. ഇരുപാതികളിലുമായിട്ടായിരുന്നു ഗോൾ.

നേരത്തെ, ലോകകപ്പിലും അർജന്റീന ഓസ്ട്രേലിയയെ തോൽപ്പിച്ചിരുന്നു. തോൽവിക്ക് പകരം വീട്ടുകയെന്ന ഓസ്ട്രേലിയയുടെ ആഗ്രഹവും നടന്നില്ല. അടുത്ത ലോകകപ്പിനില്ലെന്ന് വ്യക്തമാക്കിയശേഷം മെസി അർജന്റീന കുപ്പായത്തിൽ ഇറങ്ങുന്ന ആദ്യ മത്സരമായിരുന്നു ഇത്. യുറോപ്യൻ ഫുട്ബോൾ ലീഗുകളിൽ നിന്ന് വിടപറഞ്ഞ മെസി അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ ഇന്റർ മിയാമിയിലേക്ക് പോകാൻ തീരുമാനിച്ചശേഷം രാജ്യത്തിനായി കളിക്കുന്ന ആദ്യ മത്സരവുമാണ് ഓസ്‌ട്രേലിയക്ക് എതിരെ നടന്നത്.

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ മെസി അർജന്റീനയെ മുന്നിലെത്തിച്ചു. എൻസോ ഫെർണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു മെസിയുടെ ഗോൾ. തുടക്കത്തിൽ തന്നെ അർജന്റീന ആധിപത്യം പുലർത്തി. എൻസോയിൽ നിന്ന് പന്ത് വാങ്ങിയ മെസി. ഒരു ഓസ്ട്രേലിയൻ പ്രതിരോധ താരത്തെ വെട്ടിയൊഴിഞ്ഞ് ഡി ബോക്സിൽ നിന്ന് നിറയൊഴിച്ചു. ഗോൾ വന്ന ഞെട്ടലിൽ നിന്ന് ഉണർന്ന് സോക്കറൂസ് പിന്നീട് മത്സരം നിയന്ത്രിച്ചു.

പല തവണ അവർ മറുപടി ഗോൾ നേടുമെന്ന് തോന്നിച്ചു. ഇതിനിടെ ഓസ്ട്രേലിയൻ താരത്തിന്റെ ഫ്ളിക്ക് അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് പണിപ്പെട്ട് രക്ഷപ്പെടുത്തി. മറുവശത്ത് മെസിക്ക് ലഭിച്ച മറ്റൊരു ഗോൾ അവസരം മുതലാക്കാനായില്ല. ഡി മരിയയിൽ നിന്ന് പന്ത് സ്വീകരിച്ച് മെസി തൊടുത്ത ഷോട്ട് സൈഡ് നൈറ്റിൽ ഒതുങ്ങി. മറ്റൊരു ചിപ് ശ്രമം ക്രോസ്ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ ഹാഫ്ടൈം വിസിൽ.

രണ്ടാംപാതിയിൽ അർജന്റീന ആധിപത്യം തുടർന്നു. 68-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. മെസിയു ഡിപോളും നടത്തിയ നീക്കമാണ് പസെല്ല ഗോളാക്കിയത്. ഡി പോളിന്റെ ക്രോസിൽ പസെല്ല തല വെക്കുകയായിരുന്നു. രണ്ടാം ഗോൾ വീണതോടെ ഓസ്ട്രേലിയ തളർന്നു. ആ തിരിച്ചടിയിൽ കരകയറാൻ ഓസ്ട്രേലിയക്ക് സാധിച്ചില്ല. ഇതിനിടെ ജൂലിയൻ അലാവരസിന്റെ ഗോൾശ്രമം ഓസീസ് ഗോൾ കീപ്പർ തട്ടിയകറ്റി. യുവതാരം അലസാൻഡ്രോ ഗർനാച്ചോ അർജന്റീന ജേഴ്സിയിൽ അരങ്ങേറി.