ജകാർത്ത: സൗഹൃദ മത്സരത്തിൽ ഇന്തോനേഷ്യയെ കീഴടക്കി ലോകചാമ്പ്യന്മാരായ അർജന്റീന. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അർജന്റീനയുടെ ജയം. ലിയാൻഡോ പരേഡസ്, ക്രിസ്റ്റ്യൻ റൊമേറോ എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. കഴിഞ്ഞ സൗഹൃദ മത്സരത്തിൽ ഓസ്ട്രേലിയയേയും അർജന്റീന പരാജയപ്പെടുത്തിയിരുന്നു.

ലയണൽ മെസി, എയ്ഞ്ചൽ ഡി മരിയ, നിക്കോളാസ് ഒട്ടൊമെൻഡി എന്നിവരില്ലാതെ ഇറങ്ങിയ അർജന്റീന നിരയിൽ ഫാക്കുണ്ടോ ബ്യൂണനോട്ടെ അർജന്റീനയ്ക്കായി അരങ്ങേറ്റം കുറിച്ചു. മത്സരത്തിലുടനീളം അർജന്റീന്ക്കായിരുന്നു മുൻതൂക്കം. 74 ശതമാനവും പന്ത് അർജന്റൈൻ താരങ്ങളുടെ കാലിലായിരുന്നു. അഞ്ചിനെതിരെ 21 ഷോട്ടുകളുതിർത്തു. ഇതിൽ ഏഴെണ്ണം ലക്ഷത്തിലേക്കായിരുന്നു. രണ്ടെണ്ണം ഗോൾവര കടന്നു.

38-ാം മിനിറ്റിൽ പരേഡസ് ലോംഗ്റേഞ്ച് ഷോട്ടിലൂടെ നേടിയ ഗോളിലാണ് അർജന്റീന മുന്നിലെത്തുന്നത്. ബോക്സിന് ഏറെ പുറത്തുനിന്ന് നേടിയ ബുള്ളറ്റ് ഷോട്ടിൽ ഇന്തോനേഷ്യൻ ഗോൾ കീപ്പർക്ക് മറുപടിയൊന്നുമുണ്ടായില്ല. വളഞ്ഞുപുളഞ്ഞ് പോസ്റ്റിന്റെ വലത് മൂലയിലേക്ക്. സ്‌കോർ 1-0. വീഡിയോ കാണാം...

രണ്ടാംപാതിയിൽ രണ്ടാം ഗോളും അർജന്റീന കണ്ടെത്തി. 55-ാം മിനിറ്റിൽ ജിയോവാനി ലോസെൽസോയുടെ കോർണർ കിക്കിൽ തലവച്ചാണ് അർജന്റീനയുടെ പ്രതിരോധതാരം വല കുലുക്കിയത്.

ഓസ്ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് അർജന്റീന ജയിച്ചിരുന്നത്. ലിയോണൽ മെസി, ജർമൻ പസെല്ല എന്നിവരാണ് അർജന്റീനക്കായി ഗോളുകൾ നേടിയത്. ഇരുപാതികളിലുമായിട്ടായിരുന്നു ഗോൾ. നേരത്തെ, ലോകകപ്പിലും അർജന്റീന ഓസ്‌ട്രേലിയയെ തോൽപ്പിച്ചിരുന്നു.