- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർജന്റീന ആഗ്രഹിച്ചത് ഇന്ത്യയുമായി സൗഹൃദ മത്സരം കളിക്കാൻ; ആവശ്യപ്പെട്ടത് ഒരു മത്സരത്തിന് 32 കോടിക്കും 40 കോടിക്കും ഇടയിലുള്ള ഒരു തുക; കേട്ടപാടെ ദാരിദ്രം പറഞ്ഞ് കൈമലർത്തി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ; ഇന്ത്യയിൽ പന്തു തട്ടാനുള്ള മെസിയുടെ മോഹം നടന്നില്ല; കേട്ട് ഞെട്ടി ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ
ന്യൂഡൽഹി: സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിരസിച്ചതായി റിപ്പോർട്ട്. ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ (എഐഎഫ്എഫ്) സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്താണ്. ഇന്ത്യൻ ഫുട്‌ബോൾ ആരാധകരെ നിരാശരാക്കുന്നതാണ് ഈ വാർത്ത.
സൂപ്പർ താരം ലയണൽ മെസ്സി അടങ്ങിയ ലോകകപ്പ് ജേതാക്കളായ അർജന്റീനയുമായുള്ള മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയർന്ന ചെലവ് കാരണമാണ് ഇന്ത്യ പിന്മാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ലോക സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്ന അവകാശ വാദം ഉയരുമ്പോഴാണ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന്റെ ഈ നീക്കം. അന്താരാഷ്ട്ര മത്സര പരിചയം ഇന്ത്യൻ ടീമിന് അനിവാര്യതായണ്. ഇതിന് അർജന്റീനയെ പോലൊരു ടീം മുമ്പോട്ട് വന്നിട്ടും അതിനോട് ഇന്ത്യ മുഖം തിരിച്ചു. മത്സര പരിചയത്തിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ഫുട്‌ബോളിന്റെ കരുത്ത് തെളിയിക്കാനുള്ള സാഹചര്യം കൂടി ഇതൊരുക്കുമായിരുന്നു.
ജൂൺ 12-നും 20-നും ഇടയിൽ അർജന്റീനയ്ക്ക് രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാനുള്ള സ്ലോട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ ലഭിച്ച വലിയ പിന്തുണ കണക്കിലെടുത്ത് ദക്ഷിണേഷ്യൻ ടീമുകളുമായി ഈ സമയം സൗഹൃദ മത്സരം കളിക്കാനായിരുന്നു അർജന്റീനയ്ക്ക് താത്പര്യം. ഇതിനായി ഇന്ത്യയേയും ബംഗ്ലാദേശിനെയുമാണ് അവർ തിരഞ്ഞെടുത്തത്.
അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇന്റർനാഷണൽ റിലേഷൻസ് തലവൻ പാബ്ലോ ജാക്വിൻ ഡിയാസ്, ഇക്കാര്യം അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷനുമായി സംസാരിക്കുകയും ചെയ്തു. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആവശ്യപ്പെട്ടത് വലിയ തുകയായിരുന്നു. ഇത് കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഇന്ത്യ സൗഹൃദ മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. 32 കോടിക്കും 40 കോടിക്കും ഇടയിലുള്ള ഒരു തുകയാണ് കളിക്കാൻ അർജന്റീന ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.
''അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഒരു സൗഹൃദ മത്സരത്തിനായി ഞങ്ങളെ സമീപിച്ചിരുന്നു. പക്ഷേ ഇത്രയും വലിയ തുക കണ്ടെത്താൻ സാധിക്കുമായിരുന്നില്ല. അത്തരമൊരു മത്സരം ഇവിടെ സംഘടിപ്പിക്കണമെങ്കിൽ ഞങ്ങൾക്ക് ശക്തമായ ഒരു പങ്കാളിയുടെ പിന്തുണ ആവശ്യമാണ്. കളിക്കുന്നതിനായി അർജന്റീന ആവശ്യപ്പെട്ട തുക വളരെ വലുതാണ്. ഫുട്ബോളിലെ ഞങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിൽ ഞങ്ങൾക്ക് പരിമിതികളുണ്ട്.'' - ഷാജി പ്രഭാകരൻ പറഞ്ഞു.
ഇന്ത്യയും ബംഗ്ലാദേശും പിന്മാറിയതോടെയാണ് അർജന്റീന ജൂൺ 15-ന് ബെയ്ജിങ്ങിൽ ഓസ്ട്രേലിയക്കെതിരേയും ജൂൺ 19-ന് ജക്കാർത്തയിൽ ഇൻഡൊനീഷ്യയ്ക്കെതിരേയും സൗഹൃദ മത്സരം കളിച്ചത്.
മറുനാടന് മലയാളി ബ്യൂറോ