ബെംഗളൂരു: സാഫ് കപ്പ് ഫുട്ബോളിൽ പാക്കിസ്ഥാനെ ഗോ്ൾമഴയിൽ മുക്കി ഇന്ത്യയ്ക്ക് വിജയ തുടക്കം. ചിരവൈരികളായ പാക്കിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് നാണം കെടുത്തി ഇന്ത്യ വിജയമാഘോഷിച്ചു. ഇന്ത്യയ്ക്ക് വേണ്ടി നായകൻ സുനിൽ ഛേത്രി ഹാട്രിക്ക് നേടി. ഉദാന്ത സിങ്ങാണ് ഗോൾ പട്ടിക പൂർത്തിയാക്കിയത്. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി.

ശക്തമായ ടീമിനെയാണ് പാക്കിസ്ഥാനെതിരേ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഇറക്കിയത്. മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദും ആഷിഖ് കുരുണിയനും ആദ്യ ഇലവനിൽ ഇടം നേടി. മത്സരത്തിന്റെ ആദ്യ മിനിറ്റ് തൊട്ട് ഇന്ത്യ ആക്രമണം അഴിച്ചുവിട്ടു. അതിന്റെ ഭാഗമായി 10-ാം മിനിറ്റിൽ തന്നെ ബ്ലൂ ടൈഗേഴ്സ് മത്സരത്തിൽ ലീഡെടുത്തു.

സൂപ്പർ താരം സുനിൽ ഛേത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. പാക്കിസ്ഥാൻ ഗോൾകീപ്പർ സാഖിബ് ഹനീഫിന്റെ മണ്ടത്തരമാണ് ഗോളിന് വഴിവെച്ചത്. പാക് പ്രതിരോധതാരം ഇഖ്ബാലിന്റെ മൈനസ് പാസ് സ്വീകരിച്ച സാഖിബിനടുത്തേക്ക് ഛേത്രി ഓടിയെത്തി. ഛേത്രിയെ മറികടന്ന് പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ച സാഖിബിന്റെ ശ്രമം പാളി. ഗോൾകീപ്പറുടെ കാലിൽ നിന്ന് തെന്നിമാറിയ പന്ത് അനായാസം പിടിച്ചെടുത്ത ഛേത്രി ആളൊഴിഞ്ഞ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഇതോടെ ഇന്ത്യ 1-0 ന് മുന്നിലെത്തി.

ഒരു ഗോൾ വഴങ്ങിയതിന്റെ ആഘാതം വിട്ടുമാറുംമുൻപ് പാക്കിസ്ഥാന് ഇന്ത്യയുടെ വക അടുത്ത പ്രഹരം ലഭിച്ചു. ഇത്തവണയും ഛേത്രി തന്നെയാണ് വലകുലുക്കിയത്. 16-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഛേത്രി ഇന്ത്യയ്ക്ക് വ്യക്തമായ ലീഡ് സമ്മാനിച്ചു. ബോക്സിനുള്ളിൽ വെച്ച് പാക് പ്രതിരോധതാരത്തിന്റെ കൈയിൽ പന്ത് തട്ടിയതിനെത്തുടർന്നാണ് റഫറി ഹാൻഡ്ബോളും പെനാൽറ്റിയും വിളിച്ചത്. കിക്കെടുത്ത ഇന്ത്യൻ ഇതിഹാസത്തിന് പിഴച്ചില്ല. അനായാസം പന്ത് വലയിൽ.

പിന്നാലെ ഇന്ത്യ ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഇന്ത്യൻ ആക്രമണങ്ങൾക്ക് മുന്നിൽ പാക്കിസ്ഥാൻ പ്രതിരോധം പകച്ചു. 45-ാം മിനിറ്റിൽ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചും പാക് താരങ്ങളും തമ്മിൽ ഗ്രൗണ്ടിൽ ഏറ്റുമുട്ടിയത് വലിയ വിവാദത്തിന് വഴിവെച്ചു. പിന്നാലെ പാക് പരിശീലകനും തർക്കത്തിലേർപ്പെട്ടതോടെ റഫറി കടുത്ത തീരുമാനത്തിലേക്ക് നീങ്ങി. സ്റ്റിമാച്ചിന് ചുവപ്പുകാർഡ് വിധിച്ച റഫറി പാക് പരിശീലകന് മഞ്ഞക്കാർഡും നൽകി. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിലും ഇന്ത്യ തന്നെയാണ് നിറഞ്ഞുനിന്നത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല. എന്നാൽ 73-ാം മിനിറ്റിൽ ഇന്ത്യയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. ഛേത്രിയെ പാക് പ്രതിരോധതാരം ബോക്സിനകത്തുവെച്ച് വീഴ്‌ത്തിയതിനെത്തുടർന്നാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത ഛേത്രിക്ക് ഇത്തവണയും പിഴച്ചില്ല. ഗോൾകീപ്പർ സാഖിബിനെ നിസ്സഹായനാക്കി ഛേത്രി പാക് വല തുളച്ചു. ഇതോടെ താരം ഹാട്രിക്ക് പൂർത്തിയാക്കി. ഇന്ത്യൻ കുപ്പായത്തിൽ ഛേത്രി നേടുന്ന നാലാം ഹാട്രിക്കാണിത്. ഇതോടെ ഇന്ത്യ വിജയമുറപ്പിച്ചു.

പിന്നാലെ 81-ാം മിനിറ്റിൽ ഇന്ത്യ നാലാം ഗോൾ നേടി. ഉദാന്ത സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്. അൻവർ അലിയുടെ അതിമനോഹരമായ ലോങ് പാസ് സ്വീകരിച്ച ഉദാന്ത പാക് ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ അതിവേഗത്തിൽ ലക്ഷ്യം കണ്ടു. പാക് പ്രതിരോധത്തെ പൊളിച്ചുകൊണ്ടാണ് അൻവർ അലിയുടെ പാസ് വന്നത്. ഇത് ഉദാന്ത കൃത്യമായി ഗോളാക്കി മാറ്റുകയും ചെയ്തു. പിന്നാലെ ഇന്ത്യ ആധികാരിക വിജയം നേടി.