ബെംഗളൂരു: സാഫ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് എതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന്റെ ഇൻജുറി ടൈമിൽ ജയം കൈവിട്ട് ഇന്ത്യ. നിശ്ചിതസമയത്ത് ഒരു ഗോളിന് മുന്നിലായിരുന്ന ഇന്ത്യ ഇൻജുറി ടൈമിൽ വഴങ്ങിയ സെൽഫ് ഗോളിൽ സമനിലയിൽ കുരുങ്ങുകയായിരുന്നു.

ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾവീതം നേടി. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഗോളിൽ മുന്നിലെത്തിയ ഇന്ത്യയ്ക്കെതിരേ ഇൻജുറി ടൈമിൽ അൻവർ അലി വഴങ്ങിയ സെൽഫ് ഗോളിലാണ് കുവൈത്ത് സമനില പിടിച്ചത്. ഇതോടെ തുടർച്ചയായി എട്ടു മത്സരങ്ങളിൽ ഗോൾവഴങ്ങാതെ റെക്കോഡിട്ട ഇന്ത്യയ്ക്ക് ആ നേട്ടം നിലനിർത്താനായില്ല.

പാക്കിസ്ഥാൻ, നേപ്പാൾ ടീമുകളെ പരാജയപ്പെടുത്തിയ ഇന്ത്യയും കുവൈത്തും നേരത്തെ തന്നെ സെമി ഉറപ്പാക്കിയിരുന്നു. ഇരു ടീമുകൾക്കും മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയന്റ് വീതമാണെങ്കിലും ഇന്ത്യയേക്കാൾ (7) കൂടുതൽ ഗോൾ സ്‌കോർ ചെയ്ത കുവൈത്ത് (8) ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇതോടെ സെമിയിൽ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാകും കുവൈത്തിന്റെ എതിരാളികൾ. ഇന്ത്യയ്ക്ക് ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ സെമിയിൽ നേരിടേണ്ടതായി വരും.

അതേസമയം പാക്കിസ്ഥാനെതിരേ പന്ത് പിടിച്ചെടുത്തതിന് ഒരു മത്സരത്തിൽ വിലക്കുനേരിട്ട ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് കുവൈത്തിനെതിരായ മത്സരത്തിലും ചുവപ്പുകാർഡ് കണ്ട് പുറത്തായി. മൂന്ന് മത്സരങ്ങൾക്കിടെ ഇത് രണ്ടാം തവണാണ് സ്റ്റിമാച്ച് ചുവപ്പുകാർഡ് കണ്ട് പുറത്താകുന്നത്.