- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ; നിലവിലെ ചാമ്പ്യന്മാർ സെമിയിൽ ലെബനനെ കീഴടക്കിയത് പെനാൽറ്റി ഷൂട്ടൗട്ടിൽ; ചൊവ്വാഴ്ചത്തെ ഫൈനലിൽ കുവൈറ്റ് എതിരാളികൾ
ബംഗളൂരു: സാഫ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലിൽ. സെമിയിൽ ലെബനനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ ഷൂട്ടൗട്ട് വിജയിച്ചത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ കുവൈറ്റാണ് ഇന്ത്യയുടെ എതിരാളികൾ.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യയാണ് ആദ്യ കിക്കെടുത്തത്. നായകൻ സുനിൽ ഛേത്രി പന്ത് വലയിലാക്കി. ലെബനന്റെ ആദ്യ കിക്ക് ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു തടഞ്ഞു. ഇന്ത്യക്കായി രണ്ടാം കിക്കെടുത്തത് അൻവർ അലി. താരത്തിന്റെ കിക്കും വലയിൽ. ഇന്ത്യ 2-0ത്തിനു മുന്നിൽ.
ലെബനൻ ആദ്യ ഗോൾ വലയിലാക്കി. ഇന്ത്യക്കായി മൂന്നാം തവണ എത്തിയത് നരോം മഹേഷ്. താരവും പന്ത് സുരക്ഷിതമായി വലയിലാക്കി. സ്‌കോർ 3-1. ലെബനൻ സ്‌കോർ ഉയർത്തി 3-2ൽ. നാലാം കിക്ക് ഇന്ത്യക്കായി ഉദാന്ത സിങും ഗോളാക്കി. ലെബനന്റെ നാലാം കിക്ക് പക്ഷേ പിഴച്ചു. ഇന്ത്യ സുരക്ഷിതമായി ഫൈനലിലേക്ക്.
എട്ട് തവണ കിരീടം നേടിയ ഇന്ത്യ ഇതു 13ാം തവണയാണ് സാഫ് പോരാട്ടത്തിന്റെ ഫൈനലിലേക്ക് എത്തുന്നത്. ഡഗൗട്ടിൽ പരിശീലകൻ ഇഗോർ സ്റ്റിമാച് ഇല്ലാതെയാണ് ഇന്ത്യ കളിച്ചത്. രണ്ട് ചുവപ്പ് കാർഡുകൾ വാങ്ങിയ സ്റ്റിമാചിന് രണ്ട് കളികളിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഫൈനലിലും സ്റ്റിമാചിന്റെ സാന്നിധ്യമുണ്ടാകില്ല.
മറുനാടന് മലയാളി ബ്യൂറോ