മയാമി: മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മയാമിയിൽ 'അരങ്ങേറ്റത്തിന് ഒരുങ്ങുന്ന' അർജന്റീന സൂപ്പർ താരം ലയണൽ മെസി മയാമിയിലെ സാധാരണ സൂപ്പർ മാർക്കറ്റിൽ ഷോപ്പിങ് നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. അംഗരക്ഷകർ പോലുമില്ലാതെയാണ് മെസി കൈവണ്ടിയിൽ വീട്ടിലേക്കുള്ള സാധനങ്ങളുമായി സൂപ്പർ മാർക്കറ്റിൽ ചുറ്റിയടിക്കുന്നത്. അദ്ദേഹത്തെ മറ്റാരും ശ്രദ്ധിക്കുന്നു പോലുമില്ല. ട്വിറ്ററിൽ ആരാധകർ ആശ്ചര്യത്തോടെയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചിരുന്നത്.

ഇന്റർ മയാമിയുമായി കരാറൊപ്പിട്ടതോടെ അമേരിക്കയിലാണ് മെസിയും കുടുംബവും ഇപ്പോൾ. ഞായറാഴ്‌ച്ച മെസിയെ ഇന്റർ മയാമി ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 21നായിരിക്കും മെസിയുടെ ഇന്റർ മയാമി കുപ്പായത്തിലെ ആദ്യ മത്സരമെന്നാണ് സൂചന. പോപ് ഗായിക ഷാക്കിറ അടക്കമുള്ളവരുടെ സംഗീത പരിപാടികളോടെ വമ്പൻ രീതിയിലായിരിക്കും മെസിയുടെ പ്രസന്റേഷൻ ചടങ്ങ്. 60 മില്ല്യൺ യൂറോക്കാണ് മെസ്സി ഇന്റർ മയാമിയുമായി ധാരണയിലെത്തിയത്.

കുടുംബത്തോടൊപ്പം ഫ്‌ളോറിഡയിൽ സ്വകാര്യ ജെറ്റിൽ ഇറങ്ങിയ മെസിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സൂപ്പർ മാർക്കറ്റിലെത്തി ഷോപ്പിങ് നടത്തുന്നതിന്റെ വീഡിയോ ചിത്രം ട്വിറ്ററിൽ വൈറാലായിരിക്കുന്നത്.

മെസി അമേരിക്കയിലേക്ക് വരുമ്പോൾ ജീവിതത്തിലെ ഇത്തരം ചെറിയ ചെറിയ കാര്യങ്ങളായിരിക്കും ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ആരാധകർ പറയുന്നു. അദ്ദേഹം നേടാനുള്ളതെല്ലാം നേടി, ഇനി കുടുംബത്തോടൊപ്പം ആസ്വദിക്കാനായിക്കാം ആദ്ദേഹം അമേരിക്കയിലെത്തിയതെന്നും ആരാധകർ.

രണ്ടുവർഷ കരാർ പൂർത്തിയാക്കിയാണ് മെസി പിഎസ്ജി വിട്ടത്. പിഎസ്ജിയിലെ സാഹചര്യങ്ങളുമായി തനിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്ന് മെസി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഒരുവിഭാഗം ആരാധകരുടെ മോശം പെരുമാറ്റം ക്ലബ് വിടാൻ കാരണമായെന്നും മെസി പറഞ്ഞു.

അമേരിക്കൻ ക്ലബ് ഇന്റർ മയാമിയിൽ ചേരാൻ തീരുമാനിച്ചതിന് പിന്നാലെയാണ് മെസി പി എസ് ജിയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2021ലാണ് മെസി പി എസ് ജിയിലെത്തിയത്. ക്ലബിനായി 32 ഗോളും മുപ്പത്തിയഞ്ച് അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം.

മുമ്പു കളിച്ച ബാഴ്സലോണ ക്ലബ്ബിലേക്ക് വൈകാരികമായ മടക്കം അർജന്റീനാ ഫുട്ബോൾ താരം ലയണൽ മെസ്സി ആഗ്രഹിച്ചിരുന്നു. ഫ്രഞ്ച് ക്ലബ്ബ് പി.സി.ജി.യിലെ രണ്ടു സീസണുകളിലെ കളിജീവിതത്തിനുശേഷം പടിയിറങ്ങുമ്പോൾ അത് കറ്റാലൻ ക്ലബ്ബിലേക്കാവണമെന്ന ആഗ്രഹമാണ് ഫുട്ബോൾ ഏജന്റും പിതാവുമായ യോർഗെ മെസ്സിയെ ബാഴ്സയിലേക്ക് അയക്കാനുള്ള കാരണവും.

എന്നാൽ, അനിശ്ചിത്വത്തിന്റെ കളിയായ ഫുട്ബോൾ അതിന്റെ സ്വഭാവം കാണിച്ചപ്പോൾ അതുവരെ ചിത്രത്തിൽ ഇല്ലാതിരുന്ന അമേരിക്കൻ ഫുട്ബോൾ ക്ലബ്ബ് ഇന്റർ മയാമി മെസ്സിയെന്ന ഫുട്ബോൾ ഇതിഹാസത്തെ സ്വന്തമാക്കുകയായിരുന്നു.

കളിയാനന്ദത്തിനപ്പുറം അതിലെ വാണിജ്യതാത്പര്യങ്ങളാണ് മെസ്സിയെ ബാഴ്സയിൽനിന്ന് അകറ്റുന്നതും മയാമിയിലേക്ക് എത്തിക്കുന്നതും. 2007-ൽ ഡേവിഡ് ബെക്കാമെന്ന ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം മേജർ ലീഗ് സോക്കറിൽ സൃഷ്ടിച്ച വിപ്ലവത്തിന്റെ എത്രയോ ഇരട്ടി മൂല്യമുള്ള തുടർച്ചയാണ് മെസ്സിയുടെ വരവിനുപിന്നിലെ യഥാർഥലക്ഷ്യം.

2026-ൽ ലോകകപ്പിന് ആതിഥ്യംവഹിക്കുന്ന അമേരിക്കയും 2030-ൽ ആതിഥ്യത്തിന് ശ്രമിക്കുന്ന സൗദി അറേബ്യയും തമ്മിലാണ് മെസ്സിക്കായി കാര്യമായ പിടിവലിനടത്തിയത്. രണ്ടുവർഷംമുമ്പ് മെസ്സി ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി.യിൽ എത്തിയപ്പോൾ അതിന്റെ ഉടമസ്ഥരുടെ നാടായ ഖത്തറിലെ ലോകകപ്പിന് ഒരു വർഷം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

സമകാലീന ഫുട്‌ബോളിൽ ലോകകപ്പ് പോലുള്ള വമ്പൻ ടൂർണമെന്റുകളിൽ മുന്നിൽനിർത്താൻ മെസ്സിയെക്കാൾ മികച്ച താരമില്ല. ഇതാണ് അമേരിക്കൻ ഫുട്ബോളിനെയും സൗദി ഫുട്ബോളിനെയും താരത്തിൽ ഒരുപോലെ ആകൃഷ്ടനാക്കുന്നത്. 2024-ൽ കോപ്പ അമേരിക്ക ടൂർണമെന്റിന് ആതിഥ്യംവഹിക്കുന്നതും അമേരിക്കയാണ്.