ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ ഇന്ത്യയുടെ പുരുഷ വനിതാ ടീമുകൾ മത്സരിക്കും. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ വനിതാ ടീമുകൾ പങ്കെടുക്കാൻ കായിക മന്ത്രാലയം അനുമതി നൽകി. ചൈനയിൽ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ട് വരെ നടക്കുന്ന ഏഷ്യൻ ഗെംയിസിൽ പങ്കെടുക്കുന്നതിനാണ് ടീമുകൾക്ക് ചട്ടങ്ങളിൽ ഇളവ് നൽകിയിരിക്കുന്നത്.

പുരുഷ, വനിതാ ടീമുകൾ ചൈനയിലേക്കു പോകുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണു ട്വിറ്ററിൽ അറിയിച്ചത്. നിലവിലെ മാനദണ്ഡങ്ങളിൽ ഇളവു നൽകാൻ കായിക മന്ത്രാലയവും കേന്ദ്ര സർക്കാരും തീരുമാനിച്ചതായും അനുരാഗ് ഠാക്കൂർ പ്രതികരിച്ചു. അടുത്തിടെ ഇന്ത്യൻ ടീം നടത്തിയ പ്രകടനങ്ങൾ കൂടി പരിഗണിച്ചാണ് കേന്ദ്ര തീരുമാനം.

'ഫുട്ബോൾ പ്രേമികൾക്ക് സന്തോഷ വാർത്ത, നമ്മുടെ ദേശീയ ഫുട്ബോൾ ടീം (പുരുഷന്മാരുടേയും വനിതകളുടേയും) വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ തയ്യാറാകുകയാണ്. നിലവിലെ മാനദണ്ഡമനുസരിച്ച് യോഗ്യത നേടാത്ത രണ്ട് ടീമുകളുടെയും പങ്കാളിത്തം സുഗമമാക്കുന്നതിന് ചട്ടങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. സമീപകാലത്തെ അവരുടെ മികച്ച പ്രകടനം കണക്കിലെടുത്താണ് ഇളവ് നൽകാൻ തീരുമാനിച്ചത്. അവർ ഏഷ്യൻ ഗെയിംസിൽ തങ്ങളുടെ ഏറ്റവും മികച്ച കാൽവെയ്‌പ്പ് നടത്തി നമ്മുടെ രാജ്യത്തിന് അഭിമാനം സൃഷ്ടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' അനുരാഗ് ഠാക്കൂർ ട്വീറ്റ് ചെയ്തു.

ഇന്ത്യയിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിലും സാഫ് കപ്പിലും ഇന്ത്യ കിരീടം നേടിയിരുന്നു. ഫിഫ റാങ്കിങ്ങിൽ വർഷങ്ങൾക്കു ശേഷം ആദ്യ നൂറിൽ ഇടം പിടിക്കാനും ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീമിനു സാധിച്ചു. നിലവിൽ 99ാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങളിലെത്താൻ ഫുട്‌ബോൾ ടീമിന് സാധിക്കട്ടെയെന്ന് കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഏഷ്യൻ റാങ്കിങ്ങിൽ മുന്നിലുള്ള ഇനങ്ങളിൽ മാത്രം മത്സരിച്ചാൽ മതിയെന്നാണു കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇതു പ്രകാരം ഇന്ത്യൻ പുരുഷ, വനിതാ ഫുട്‌ബോൾ ടീമുകൾ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കേണ്ടെന്നായിരുന്നു ആദ്യം തീരുമാനമെടുത്തത്.

ഇന്റർ കോണ്ടിനെന്റൽ കപ്പും സാഫ് കപ്പും നേടിയ ഇന്ത്യൻ ടീമിന്റെ യുവനിരയ്ക്ക് മികവ് തെളിയിക്കാനുള്ള പ്രധാന അവസരമാണ് ഏഷ്യൻ ഗെയിംസ്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കുറിനും കത്തെഴുതിയിരുന്നു.