വെല്ലിങ്ടൺ: വനിതാ ഫുട്ബോൾ ലോകകപ്പിൽ പ്രീക്വാർട്ടർ ഉറപ്പിച്ച് ജപ്പാൻ, സ്പെയ്ൻ, ഓസ്ട്രേലിയ, നൈജീരിയ, സ്വിറ്റ്സർലൻഡ്, നോർവെ എന്നീ ടീമുകൾ. സ്പെയ്നിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലെത്തിയത്. തോറ്റെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ സ്പെയ്നും നോക്കൗട്ട് ഉറപ്പിച്ചു. കാനഡയെ വീഴ്‌ത്തിയാണ് ഓസ്‌ട്രേലിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിൽ കടന്നത്.

ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ആക്രമണ ഫുട്ബോളിന്റെ എല്ലാ വന്യതയും പുറത്തെടുത്ത ജപ്പാൻ കളിയിലുടനീളം സ്പാനിഷ് നിരയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഹിനറ്റ മിയാസാവ ഇരട്ട ഗോളുകളുമായി തിളങ്ങി. 12-ാം മിനിറ്റിൽ തന്നെ മിയാസാവയിലൂടെ ജപ്പാൻ മുന്നിലെത്തി. പിന്നാലെ 29-ാം മിനിറ്റിൽ റികോ ഉയെകി ജപ്പാന്റെ ലീഡുയർത്തി. 40-ാം മിനിറ്റിൽ മിയാസാവ തന്റെ രണ്ടാം ഗോൾ കണ്ടെത്തി. 82-ാം മിനിറ്റിൽ മിന ടനാക ജപ്പാന്റെ ഗോൾപട്ടിക തികച്ചു.

ജയത്തോടെ മൂന്ന് കളികളിൽ മൂന്നും ജയിച്ച് ഒമ്പത് പോയന്റുമായാണ് ജപ്പാൻ നോക്കൗട്ടിലേക്ക് മുന്നേറിയത്. മൂന്ന് കളികളിൽ നിന്ന് രണ്ട് ജയവുമായി ആറ് പോയന്റോടെയാണ് സ്പെയ്നിന്റെ നോക്കൗട്ട് പ്രവേശനം. ഗ്രൂപ്പ് സിയിലെ അപ്രസക്തമായ മത്സരത്തിൽ സാംബിയ ഒന്നിനെതിരേ മൂന്ന് ഗോളിന് കോസ്റ്ററീക്കയെ പരാജയപ്പെടുത്തി. ഇരുടീമും നേരത്തേ പുറത്തായിരുന്നു.

ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയോട് തോറ്റ് കാനഡ പുറത്തായി. മറുപടിയില്ലാത്ത നാല് ഗോളുകൾക്കായിരുന്നു കാനഡയുടെ തോൽവി. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഓസ്ട്രേലിയ പ്രീ ക്വാർട്ടറിൽ കടന്നു. കാനഡയുടെ തോൽവിയോടെ നൈജീരിയ ഗ്രൂപ്പ് ബിയിൽ നിന്ന് നോക്കൗട്ടിൽ കടക്കുന്ന രണ്ടാമത്തെ ടീമായി.

ഹായ്ലി റാസോയുടെ ഇരട്ട ഗോളുകളാണ് ഓസ്ട്രേലിയക്ക് വമ്പൻ ജയമൊരുക്കിയത്. ഒമ്പതാം മിനിറ്റിൽ തന്നെ റാസോ സോക്കറൂസിനെ മുന്നിലെത്തിച്ചു. പിന്നാലെ 39-ാം മിനിറ്റിൽ രണ്ടാം ഗോളും കണ്ടെത്തിയ താരം ആദ്യ പകുതിയിൽ ടീമിന് വ്യക്തമായ മേധാവിത്തം നൽകി. പിന്നാലെ 58-ാം മിനിറ്റിൽ മേരി ഫൗളർ അവരുടെ ഗോൾനേട്ടം മൂന്നാക്കി ഉയർത്തി. ഇൻജുറി ടൈമിൽ സ്റ്റെഫാനി കാറ്റ്ലി ഓസ്ട്രേലിയയുടെ ഗോൾപട്ടിക തികച്ചു.

ജയത്തോടെ മൂന്ന് കളികളിൽ നിന്ന് രണ്ട് ജയവുമായി ആറ് പോയന്റോടെയാണ് ഓസ്ട്രേലിയയുടെ നോക്കൗട്ട് പ്രവേശനം. അയർലൻഡിനോട് ഗോൾരഹിത സമനില വഴങ്ങിയ നൈജീരിയ മൂന്ന് കളികളിൽ നിന്ന് അഞ്ച് പോയന്റുമായി ഗ്രൂപ്പ് ബിയിൽ നിന്ന് നോക്കൗട്ടിലെത്തുന്ന രണ്ടാമത്തെ ടീമായി.