മെൽബൺ: ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പിൽ വമ്പൻ അട്ടിമറി. നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രീ ക്വാർട്ടറിൽ പുറത്ത്. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ സഡൻ ഡെത്തിലൂടെ സ്വീഡനാണ് യുഎസ്സിനെ അട്ടിമറിച്ചത്. ഈ വിജയത്തോടെ സ്വീഡൻ ക്വാർട്ടർ ഫൈനലിലെത്തി. മറ്റൊരു മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി നെതർലൻഡ്സും ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു.

മെൽബൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സഡൻ ഡെത്തിലൂടെയാണ് സ്വീഡൻ യുഎസ്സിനെ അട്ടിമറിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകൾക്കും ഗോൾ നേടാനാകാതെ വന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ഇരുടീമുകളും 3-3 എന്ന സ്‌കോറിന് സമനിലയിൽ നിന്നു.

യുഎസ്സിന് വേണ്ടി ആൻഡി സള്ളിവൻ, ലിൻഡ്സെ ഹൊറാൻ, ക്രിസ്റ്റി മെവിസ് എന്നിവരും സ്വീഡനുവേണ്ടി ഫ്രിഡോളിന റോൾഫോ, എലിൻ റൂബെൻസൺ, ഹന്ന ബെന്നിസൺ എന്നിവരും ലക്ഷ്യം കണ്ടു.

സഡൻ ഡെത്തിൽ യുഎസ്സിന് വേണ്ടി അലീസ നേഹർ, മഗ്ദലെന എറിക്സൺ എന്നിവർ ലക്ഷ്യം കണ്ടു. ഇതോടെ സ്‌കോർ 4-4 ആയി. എന്നാൽ ഏഴാം കിക്കെടുത്ത യുഎസ്സിന്റെ കെല്ലി ഒ ഹാരയ്ക്ക് പിഴച്ചു. പിന്നാലെ വന്ന ലിന ലക്ഷ്യം കണ്ടതോടെ സ്വീഡൻ യുഎസ്സിനെ അട്ടിമറിച്ച് ക്വാർട്ടറിലേക്ക്. വനിതാ ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് യുഎസ്സ് സെമി ഫൈനലിന് മുൻപ് ടൂർണമെന്റിൽ നിന്ന് പുറത്താവുന്നത്.

നെതർലൻഡ്സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്. ടീമിനായി ജിൽ റൂർഡ്, ലിനെത് ബീരെൻസ്റ്റെയ്ൻ എന്നിവർ ലക്ഷ്യം കണ്ടു. ക്വാർട്ടറിൽ നെതർലൻഡ്സ് സ്പെയിനിനെയും സ്വീഡൻ ജപ്പാനെയും നേരിടും.