ഡല്ലാസ്: മെസി മാജികിൽ തകർപ്പൻ ജയം നേടി വീണ്ടും ഇന്റർ മയാമി. യുഎസ് ഫുട്‌ബോളിലെ ലീഗ്സ് കപ്പിൽ എഫ്സി ഡല്ലാസിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ഇന്റർ മയാമിയുടെ ജയം. 3-1നും പിന്നീട് 4-2നും പിന്നിൽ നിന്ന് ശേഷമായിരുന്നു മയാമിയുടെ തിരിച്ചുവരവ്. 85-ാം മിനിറ്റിൽ മെസി നേടിയ ഫ്രീകിക്ക് ഗോളാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. ഷൂട്ടൗട്ടിൽ മെസിയും സെർജിയോ ബുസ്‌ക്വെറ്റ്സും ഉൾപ്പെടെയുള്ള താരങ്ങൾ ലക്ഷ്യം കണ്ടു. ഡല്ലാസിന്റെ ഒരു താരത്തിന് പിഴച്ചു. ഇതോടെ മയാമി ലീഗ്സ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക്.

നിശ്ചിത സമയത്ത് ഫ്രീകിക്ക് ഗോൾ കൂടാതെ മറ്റൊന്ന് കൂടി മെസി നേടി. ആറാം മിനിറ്റിൽ മെസി ലീഡ് നേടികൊടുത്തു. മെസിക്ക് പുറമെ ബെഞ്ചമിൻ ക്രമാഷിയാണ് മറ്റൊരു ഗോൾ നേടിയത്. മറ്റൊന്ന് മാർകോ ഫർഫാന്റെ സെൽഫ് ഗോളായിരുന്നു. ഫാകുണ്ടോ ക്വിഗ്‌നോൻ, ബെർണാർഡ് കമുംഗോ, അലൻ വെലാസ്‌കോ എന്നിവരുടെ വകയായിരുന്നു ഡല്ലാസിന്റെ ഗോളുകൾ. റോബർട്ട് ടെയ്ലറുടെ സെൽഫ് ഗോളും അവർക്ക് ഡല്ലാസിന് തുണയായിരുന്നു.

മത്സരത്തിനു ശേഷം അർജന്റീന താരം ലയണൽ മെസ്സിയുടെ ആരാധകരും എഫ്‌സി ഡാലസ് ആരാധകരും സ്റ്റേഡിയത്തിനു പുറത്ത് ഏറ്റുമുട്ടി. പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരം ഇന്റർ മയാമി വിജയിച്ചിരുന്നു. ഏറ്റുമുട്ടിയ ആരാധകരിൽ ഒരാൾ മെസ്സിയുടെ പേരുള്ള അർജന്റീന ജഴ്‌സി ധരിച്ചാണ് കളി കാണാനെത്തിയത്. കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീക്കു നേരെയും മർദനമുണ്ടായി. സ്ത്രീയും തിരിച്ച് മർദിക്കുന്നുണ്ട്. താഴെവീണിട്ടും ഇരു വിഭാഗവും അടങ്ങിയില്ല. നിലത്തു കിടന്നായി പിന്നീട് അടി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

85ാം മിനിറ്റിലെ ഫ്രീകിക്ക് ഗോളോടെ ഫ്രീകിക്ക് ഗോളുകളുടെ എണ്ണത്തിൽ മെസ്സി ഡീഗോ മറഡോണയെ പിന്തള്ളി. മറഡോണയ്ക്ക് 62 ഫ്രീകിക്ക് ഗോളുകളുള്ളപ്പോൾ മെസ്സി 63 ഗോളുകൾ നേടിയിട്ടുണ്ട്. നാലു മത്സരങ്ങളിൽനിന്ന് മയാമിക്കായി മെസ്സി നേടിയ ഗോളുകളുടെ എണ്ണം ഏഴായി. മൂന്ന് ഫ്രീകിക്ക് ഗോളുകൾ കൂടി നേടിയാൽ ഇന്റർ മയാമി സഹഉടമ കൂടിയായ ഡേവിഡ് ബെക്കാമിനെ (65) മറികടക്കാൻ മെസിക്ക് സാധിക്കും.

മെസി ടീമിലെത്തിയ ശേഷം മയാമി പരാജയപ്പെട്ടിട്ടില്ല. ടീം തകരർപ്പൻ ഫോമിൽ. മെസിയും ആസ്വദിച്ചാണ് കളിക്കുന്നത്. ഈമാസം 11നാണ് ക്വാർട്ടർ ഫൈനൽ മത്സരം. എതിരാളികളെ തീരുമാനമായിട്ടില്ല.

അതേ സമയം മത്സരത്തിന് പിന്നാലെ മെസിക്കൊപ്പം ഫോട്ടോയെടുക്കാൻ എഫ്സി ഡെല്ലാസ് താരങ്ങൾ തിക്കിത്തിരക്കി. തോൽവിക്ക് പിന്നാലെയാണ് ഡല്ലാസ് താരങ്ങൾ മെസിയെ പൊതിഞ്ഞത്. നിരനിരയായി നിന്ന് താരങ്ങൾ മെസിക്കൊപ്പം ഫോട്ടോയെടുക്കകയും ചെയ്തു. മെസിയാവട്ടെ താരങ്ങളെ നിരാശരാക്കിയതുമില്ല.