ബെർലിൻ: ടോട്ടനം ഹോട്സ്പറിൽ നിന്ന് റെക്കോഡ് തുകയ്ക്ക് ഇംഗ്ലീഷ് സൂപ്പർ താരം ഹാരി കെയ്നിനെ സ്വന്തമാക്കി ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക്. 100 മില്യൺ യൂറോ (ഏകദേശം 910 കോടി രൂപ) മുടക്കിയാണ് താരത്തെ ബയേൺ റാഞ്ചിയത്. ഇംഗ്ലീഷ് ഫുട്ബോൾ ടീം നായകൻ കൂടിയായ കെയ്ൻ മെഡിക്കൽ പരിശോധനയ്ക്കായി ജർമനിയിലേക്ക് പറന്നതായാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും.

നാലു വർഷത്തെ കരാറിലാണ് കെയ്ൻ ബയേണിലെത്തുന്നത്. ബുണ്ടസ് ലിഗയുടെയും ബയേണിന്റെയും ചരിത്രത്തിൽ ഒരു താരത്തിനായി മുടക്കുന്ന ഏറ്റവും വലിയ തുകയാണിത്. 30കാരനായ കെയ്ൻ പ്രീമിയർ ലീഗിൽ ടോട്ടനത്തിനായി 317 മത്സരങ്ങളിൽനിന്നായി 213 ഗോളുകൾ നേടിയിട്ടുണ്ട്.

സ്പോർട്സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത പുറത്തുവിട്ടത്. 30 കാരനായ കെയ്ൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിനായി 317 മത്സരങ്ങളിൽ നിന്നായി 213 ഗോളുകൾ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി 84 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 58 ഗോളുകളും നേടി.

ടോട്ടനത്തിനായും ഇംഗ്ലണ്ടിനായും ഏറ്റുവുമധികം ഗോൾ നേടിയ താരമാണ് കെയ്ൻ. അതോടൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗോൾവേട്ടക്കാരിൽ രണ്ടാം സ്ഥാനവും താരം സ്വന്തമാക്കി. ക്ലബ്ബിനും രാജ്യത്തിനുമായി 350 ഗോളുകളിലധികം നേടിയ കെയ്ൻ ബയേണിലെത്തുന്നതോടെ ടീമിന്റെ ശക്തി വർധിക്കും. സാദിയോ മാനെ സൗദിയിലേക്ക് ചേക്കേറിയതോടെയാണ് കെയ്നിനെ ബയേൺ നോട്ടമിട്ടത്.

സമീപകാലത്ത് ഇംഗ്ലണ്ട് സംഭാവന ചെയ്ത ഏറ്റവും മികച്ച സ്‌ട്രൈക്കറായിട്ടും കിരീടങ്ങളൊന്നും മാറോടുചേർക്കാനാവാത്ത പരിഭവം തീർക്കാമെന്ന പ്രതീക്ഷയിലാണ് താരം ജർമനിയിലേക്ക് വിമാനം കയറിയത്. തുടർച്ചയായ 11ാം ബുണ്ടസ് ലിഗ കിരീടമാണ് കഴിഞ്ഞ സീസണിൽ ബയേൺ പൂർത്തിയാക്കിയത്. ആറു വട്ടം ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.