മയാമി: ഇന്റർ മയാമിയിലേക്കുള്ള അർജന്റീന നായകൻ ലയണൽ മെസിയുടെ വരവ് ആഘോഷങ്ങളുടെ ഒരുപാട് മുഹൂർത്തങ്ങളാണ് ആരാധകർക്ക് സമ്മാനിക്കുന്നത്. പി എസ് ജി വിട്ട് അമേരിക്കൻ ടീമിൽ എത്തിയ മെസിയാകട്ടെ തകർപ്പൻ ഫോമിലുമാണ്. തുടർ തോൽവികളിൽ വലഞ്ഞ മയാമിയെ ലീഗ്സ് കപ്പെടുക്കാൻ സഹായിച്ചത് മെസിയുടെ പ്രകടനമാണ്. ഏഴ് മത്സരങ്ങളിൽ നിന്ന് അർജന്റൈൻ നായകൻ 10 ഗോൾ നേടിയപ്പോൾ ചരിത്രത്തിലാദ്യമായി ഇന്റർ മയാമി ലീഗ്സ് കപ്പ് ജേതാക്കളുമായി.

ലീഗിലെ ടോപ് സ്‌കോററും ടൂർണമെന്റിലെ താരവും മെസി തന്നെ. പത്ത് ഗോളുകളാണ് മെസി നേടിയത്. മെസി ടീമുമായി കരാറൊപ്പിട്ട ശേഷം നയിച്ചതും ഇതിഹാസതാരം തന്നെയായിരുന്നു. അതുവരെ ഇന്റർ മയാമി നായകൻ ഡിആന്ദ്രേയെഡ്ലിൻ ആയിരുന്നു. മെസി എത്തിയപ്പോൾ ക്യാപ്റ്റന്റെ ആംബാൻഡ് കൈമാറാൻ യെഡ്ലിൻ വിഷമിച്ചതുമില്ല.

ഏഴ് മത്സരങ്ങൾക്ക് മെസി മയാമിക്ക് ലീഗ്സ് കപ്പ് കിരീടം സമ്മാനിച്ചതിന് ശേഷം ഹൃദ്യമായ ചില രംഗങ്ങൾക്കും ഫുട്ബോൾ ആരാധകർ സാക്ഷ്യം വഹിച്ചു. മത്സരത്തിന് ശേഷം മെസി ക്യാപ്റ്റന്റെ ആംബാൻഡ് യെഡ്ലിന്റെ കൈകളിലിട്ടു കൊടുക്കുകയായിരുന്നു.

അമേരിക്കൻ താരം നിരസിക്കുന്നുണ്ടെങ്കിലും നിർബന്ധത്തോടെ ആംബാൻഡ് കൈമാറി. പിന്നാലെ ട്രോഫി ഏറ്റുവാങ്ങാൻ വേണ്ടിയും മെസി അദ്ദേഹത്തെ ക്ഷണിച്ചു. യെഡ്ലിൻ വന്നതിന് ശേഷം ഇരുവരും ഒരുമിച്ചാണ് വിജയികൾക്കുള്ള ട്രോഫിയേറ്റുവാങ്ങിയത്.

സഡൻ ഡെത്തിൽ നാഷ്വില്ലെയെ തോൽപ്പിച്ചാണ് ഇന്റർ മയാമി ലീഗ്‌സ് കപ്പ് കിരീടം സ്വന്തമാക്കിയത്. മത്സര ശേഷം വിജയികൾക്കുള്ള ട്രോഫി വാങ്ങുന്നതിനായി മെസ്സി ഒപ്പം കൂട്ടിയത് ഇന്റർ മയാമിയുടെ മുൻ ക്യാപ്റ്റനായ ഡിയൻഡ്രെ യെഡ്‌ലിനെയായിരുന്നു. ഇരുവരും ചേർന്ന് ട്രോഫി വാങ്ങുന്നതിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയിരുന്നു. 23-ാം മിനിറ്റിൽ മെസി മയാമിക്ക് ലീഡ് സമ്മാനിച്ചു. എന്നാൽ 57-ാം മിനിറ്റിൽ ഫഫ പികോൾട്ടിലൂടെ സമനില പിടിച്ചു. പിന്നാലെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. എന്നാൽ ഇരു ഗോൾകീപ്പർമാരും ഒരു കിക്ക് തടഞ്ഞിട്ടു. പിന്നാലെ സഡൻഡെത്തിൽ വിജയികളെ പ്രഖ്യാപിച്ചു. വാശിയേറിയ പോരാട്ടത്തിൽ 9 - 10 നാണ് ഇന്റർ മയാമി വിജയിച്ചു കയറിയത്. നാഷ്വില്ലെ ഗോൾ കീപ്പറുടെ കിക്ക് മയാമി ഗോൾ കീപ്പർ തടഞ്ഞിട്ടതോടെ മയാമി ആദ്യ കിരീടമുയർത്തി.