മുംബൈ: ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഇന്ത്യൻ മണ്ണിൽ പന്തുതട്ടാൻ ബ്രസീൽ സൂപ്പർ താരം നെയ്മർ എത്തുന്നു. 2023-24 എഎഫ്സി ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പിൽ സൗദി ക്ലബ്ബ് അൽ ഹിലാലും ഇന്ത്യൻ ക്ലബ്ബ് മുംബൈ സിറ്റി എഫ്സിയും ഒരേ ഗ്രൂപ്പിൽ വന്നതോടെയാണ് സൂപ്പർതാരം ഇന്ത്യൻ മണ്ണിലേക്ക് കളിക്കാനെത്തുന്നത്. ഗ്രൂപ്പ് ഡി യിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക.

ഇറാനിൽനിന്നുള്ള നസാജി മസൻഡരൻ എഫ്‌സി, ഉസ്‌ബെക്കിസ്ഥാൻ ക്ലബ് നവ്ബാഹോർ എന്നീ ടീമുകളും ഗ്രൂപ്പ് ഡിയിലാണ്. പുണെയിലെ ബാലെവാഡി സ്റ്റേഡിയത്തിലാണ് മുംബൈ സിറ്റി ചാംപ്യൻസ് ലീഗ് മത്സരങ്ങൾ കളിക്കുന്നത്. 11,600 പേർക്കാണ് ബാലെവാഡി സ്റ്റേഡിയത്തിൽ കളി കാണാൻ സാധിക്കുക. നെയ്മർക്കൊപ്പം അൽ ഹിലാൽ താരങ്ങളായ റൂബൻ നെവസ്, കൗലിബാലി, സാവിച്ച് എന്നിവരും കളിക്കാനെത്തും.

മറ്റൊരു സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽനസ്ര് ക്ലബ്ബ് ഗ്രൂപ്പ് ഇ യിലാണ് ഇടംപിടിച്ചത്. സെപ്റ്റംബർ മുതലാണ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ ആരംഭിക്കുക. അടുത്ത സീസൺമുതൽ ഇന്ത്യൻ ക്ലബ്ബുകൾക്ക് നേരിട്ട് പ്രവേശനമുണ്ടാകില്ല. ലീഗിന്റെ ഘടനയിൽ എ.എഫ്.സി. മാറ്റംവരുത്തി. ഗ്രൂപ്പ് ഘട്ടത്തിലെ ടീമുകളുടെ എണ്ണം 40-ൽനിന്ന് 24-ആയി കുറച്ചു. അസോസിയേഷൻ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ 20 ടീമുകൾ നേരിട്ടും മൂന്ന് ടീമുകൾ പ്ലേ ഓഫ് വഴിയും യോഗ്യതനേടും. അസോസിയേഷൻ റാങ്കിങ്ങിൽ ഇന്ത്യ പിന്നിലായതാണ് ഇന്ത്യൻ ക്ലബ്ബുകൾക്ക് തിരിച്ചടിയായത്. ഇന്ത്യൻ ടീമുകൾക്ക് യോഗ്യതനേടാനുള്ള മാർഗം എ.എഫ്.സി. കപ്പിൽ (ചാമ്പ്യൻസ് ലീഗ്-രണ്ട്) ചാമ്പ്യന്മാർക്കുള്ള ക്വാട്ട വഴി കയറുകയെന്നതാണ്.

എ.എഫ്.സി.യുടെ പുതിയ പരിഷ്‌കാരം വഴി ക്ലബ്ബ് ഫുട്ബോൾ മൂന്നുതലത്തിലാകും നടക്കുക. നിലവിലെ ചാമ്പ്യൻസ് ലീഗിന്റെ പേര് ചാമ്പ്യൻസ് ലീഗ് എലൈറ്റ് എന്നാകും. എ.എഫ്.സി. കപ്പ് ചാമ്പ്യൻസ് ലീഗ് രണ്ട് എന്ന പേരിലും അറിയപ്പെടും. മൂന്നാം ഡിവിഷൻ എ.എഫ്.സി. ചലഞ്ച് ലീഗാണ്. ഇന്ത്യൻ ക്ലബ്ബുകളിൽ ഒരു ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് രണ്ടിലേക്ക് നേരിട്ടും മറ്റൊരു ക്ലബ്ബിന് പ്ലേ ഓഫ് ഘട്ടത്തിലേക്കും യോഗ്യതലഭിക്കും.

സെപ്റ്റംബർ 18 മുതലാണ് എഎഫ്‌സി ചാംപ്യൻസ് ലീഗ് മത്സരങ്ങൾക്കു തുടക്കമാകുന്നത്. ഫ്രഞ്ച് ലീഗ് ക്ലബ്ബ് പിഎസ്ജി വിട്ടാണ് നെയ്മർ ദിവസങ്ങൾക്കു മുൻപ് സൗദി ക്ലബിൽ ചേർന്നത്. 2 വർഷത്തേക്കാണ് കരാർ. 16 കോടി യൂറോയാണ് (ഏകദേശം 1450 കോടി രൂപ) മുപ്പത്തിയൊന്നുകാരൻ നെയ്മറിനു പ്രതിഫലമായി ലഭിക്കുക.

കിരീടനേട്ടങ്ങളുടെ കണക്കിൽ സൗദിയിലെയും ഏഷ്യയിലെയും നമ്പർ വൺ ക്ലബ്ബാണ് അൽ ഹിലാൽ. 18 സൗദി പ്രൊ ലീഗും 4 ഏഷ്യൻ ചാംപ്യൻസ് ലീഗും ഉൾപ്പെടെ 66 മേജർ ട്രോഫികൾ ക്ലബ് നേടിയിട്ടുണ്ട്.