റിയാദ്: അർജന്റീന നായകനും ലോകകപ്പ് ജേതാവുമായ ലയണൽ മെസിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പോർച്ചുഗൽ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാൾഡോ. മെസിയുമായി തനിക്ക് അടുത്ത സൗഹൃദമില്ലെങ്കിലും തങ്ങളിരുവരും പരസ്പരം ബഹുമാനിക്കുന്നവരാണെന്ന് റൊണാൾഡോ പറഞ്ഞു. തന്നെ ഇഷ്ടപ്പെടുന്നവർ മെസിയെ വെറുക്കേണ്ടതില്ലെന്നും അദ്ദേഹം ആരാധകരോട് പറഞ്ഞു.

ഞങ്ങൾ തമ്മിൽ ശത്രുതയൊന്നുമില്ല. ഫുട്‌ബോളിൽ ഞങ്ങളുണ്ടാക്കിയ ലെഗസി എല്ലാക്കാലത്തും നിലനിൽക്കും. എന്നെ ഇഷ്ടപ്പെടുന്നവർ മെസിയെ വെറുക്കേണ്ടതില്ല, അതുപോലെ തിരിച്ചും. ഫുട്‌ബോളിന്റെ ചരിത്രം തന്നെ മാറ്റിമറിച്ചവരാണ് ഞങ്ങൾ. അതുകൊണ്ടുതന്നെ ലോകമെങ്ങും ഞങ്ങളെ ബഹുമാനിക്കുന്നു. അതാണ് ഏറ്റവും പ്രധാനം. മെസി അദ്ദേഹത്തിന്റെ വഴിയേ യാത്ര തുടരുന്നു, ഞാനെന്റെ വഴിയേയും. യൂറോപ്പിന് പുറത്താണ് ഇപ്പോൾ കളിക്കുന്നതെങ്കിലും അദ്ദേഹം മികവ് കാട്ടുന്നു ഒപ്പം ഞാനും.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ എത്രയോ തവണ ഞാൻ മെസിയുമായി വേദി പങ്കിട്ടിരിക്കുന്നു. ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നൊന്നുമല്ല ഞാൻ പറയുന്നത്. മെസിയുമായി ഒരു ഡിന്നറിന് പോലും ഞാൻ പോയിട്ടില്ല. പക്ഷെ ഞങ്ങൾ പ്രഫഷണൽ താരങ്ങളാണ്. ഒരേ കാലഘട്ടത്തിൽ കളിക്കുന്ന സഹതാരങ്ങളാണ്. അതുകൊണ്ടുതന്നെ ഞങ്ങളിരുവരും പരസ്പരം ബഹുമാനിക്കുന്നു-റൊണാൾഡോ പറഞ്ഞു.

സൗദി പ്രോ ലീഗിലേക്ക് യൂറോപ്പിൽ നിന്ന് താരങ്ങൾ ഒഴുകുന്നതിനെക്കുറിച്ചും റൊണാൾഡോ തുറന്നു പറഞ്ഞു. ഇത് ആറ് മാസം മുമ്പെ ഞാൻ പറഞ്ഞപ്പോൾ അന്നെനിക്ക് ഭ്രാന്താണെന്ന് എല്ലാവരും പറഞ്ഞു. എന്നാൽ ഇന്ന് സൗദി ലീഗിൽ കളിക്കാൻ വരുന്നത് സാധാരണ സംഭവമാണ്. സൗദിയുടെ ഫുട്‌ബോൾ ചരിത്രം തന്നെ മാറ്റാൻ കഴിഞ്ഞുവെന്നതിൽ എനിക്ക് അഭിമാനമുണ്ട്. സൗദി ലീഗിനെ ഉയരങ്ങളിലെത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം-റൊണാൾഡോ വ്യക്താക്കി. സൗദി പ്രോ ലീഗിൽ നിലവിലെ ടോപ് സ്‌കോററായ റൊണാൾഡോ അസിസ്റ്റിലും മുമ്പിലാണ്.

ഖത്തർ ലോകകപ്പിന് പിന്നാലെ ജനുവരിയിലാണ് റൊണാൾഡോ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസ്‌റുമായി രണ്ട് വർഷ കരാറിലൊപ്പിട്ടത്. കഴിഞ്ഞ സീസണൊടുവിൽ പി എസ് ജി വിട്ട മെസിയാകട്ടെ അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ ഡേവിഡ് ബെക്കാമിന്റെ ഉടനസ്ഥതയിലുള്ള ഇന്റർ മയാമി ക്ലബ്ബിന്റെ താരമാണ്.