ബാങ്കോക്ക്: പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യയെ കീഴടക്കി ഏഷ്യൻ കരുത്തരായ ഇറാഖ് 2023 കിങ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ. പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 നാണ് ഇറാഖിന്റെ വിജയം. ആവേശകരമായ സെമി ഫൈനലിൽ ഇരുടീമുകളും നിശ്ചിത സമയത്ത് 2-2 ന് സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ ഇന്ത്യക്ക് തോൽവി സമ്മതിക്കേണ്ടി വന്നു. ഇറാഖ് താരങ്ങളുടെ ഒരു കിക്കും രക്ഷപ്പെടുത്താൻ ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനായില്ല. അതേസമയം, ബ്രൻഡൻ ഫെർണാണ്ടസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയത് ഇന്ത്യക്ക് വിനയായി. ഇന്ത്യയ്ക്ക് വേണ്ടി സന്ദേശ് ജിംഗാൻ, സുരേഷ് വാങ്ചം, അൻവർ അലി, റഹീം അലി എന്നിവർ വലകുലുക്കി. ആദ്യ കിക്ക് ബ്രാൻഡണാണ് എടുത്തത്. ഇറാഖ് അഞ്ചുകിക്കുകളും വലയിലാക്കി ഫൈനിലേക്ക് മുന്നേറി.

ഇറാഖുവേണ്ടി മെർക്കാസ് ഡോസ്‌കി, അലി അദിനാൻ, ഹുസൈൻ അലി, അമീൻ അൽ ഹമാവി, ബാഷർ റസാൻ എന്നിവർ വലകുലുക്കി. നിശ്ചിത സമയത്ത് രണ്ട് തവണ ലീഡ് നേടിയശേഷമാണ് ഇന്ത്യ സമനിലയിൽ കുരുങ്ങിയത്.

17-ാം മിനിറ്റിൽ മഹേഷ് സിങ് നയോറത്തിലൂടെ ഇന്ത്യയാണ് മത്സരത്തിൽ ലീഡെടുത്തത്. മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. എന്നാൽ ഇന്ത്യയുടെ ചിരിക്ക് അധികം ആയുസ്സുണ്ടായില്ല. 28-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അലി അൽ ഹമാദി ഇറാഖിന് സമനില ഗോൾ നൽകി. സന്ദേശ് ജിംഗാൻ ബോക്സിനുള്ളിൽ വെച്ച് നടത്തിയ ഫൗളാണ് പെനാൽറ്റിക്ക് കാരണമായത്. ആദ്യ പകുതിയിൽ ഇരുടീമുകളും 1-1 ന് സമനില പാലിച്ചു.

രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ ഇറാഖ് ഗോൾ കീപ്പർ ജലാൽ ഹസ്സൻ വഴങ്ങിയ സെൽഫ് ഗോളിലൂടെ ഇന്ത്യ ലീഡുയർത്തി. മൻവീർ സിങ്ങിന്റെ ക്രോസ് ജലാലിന്റെ പിഴവിലൂടെ ഗോളായി മാറുകയായിരുന്നു. ഇതോടെ ഇന്ത്യൻ ക്യാമ്പിൽ പ്രതീക്ഷ പരന്നു. എന്നാൽ 80-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അയ്മൻ ഹുസൈൻ ഇറാഖിന് സമനില സമ്മാനിച്ചു. മത്സരം 90 മിനിറ്റ് കഴിഞ്ഞതോടെ നേരിട്ട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നു.

ഇന്ത്യയുടെ ആദ്യ കിക്കെടുത്ത ബ്രൻഡൺ ഫെർണാണ്ടസിന് പിഴച്ചു. പന്ത് പോസ്റ്റിൽ ഇടിച്ച് പുറത്തേക്ക്. ഇറാഖിന് വേണ്ടി ആദ്യ കിക്കെടുത്തത് മെർച്ചാസ് ദോസ്‌കി. എന്നാൽ ഗുർപ്രീത് സിങ് സന്ധുവിന്റെ ദേഹത്ത് തട്ടി വലയിലെത്തി. ഇന്ത്യക്കായി രണ്ടാമത് വന്ന സന്ദേശ് ജിങ്കാന്റെ കിക്ക് ക്രോസ് ബാറിൽ തട്ടി വലയിലേക്ക്. എന്നാൽ ഇറാഖ് താരം അലി അദ്നാനും കിക്ക് ഗോൾവര കടത്തി. സ്‌കോർ 2-1. സുരേഷ് സിംഗിന്റെ മൂന്നാം കിക്ക് ലക്ഷ്യം കണ്ടതോടെ ഇന്ത്യ ഒപ്പമെത്തി.

എന്നാൽ ഹുസൈൻ അലിക്ക് പിഴച്ചില്ല. ഇറാഖ് 3-2ന് മുന്നിൽ. നാലാം കിക്കെടുത്ത ഇന്ത്യയുടെ അൻവർ അലി 3-3ന് ഒപ്പമെത്തിച്ചു. അമിൻ അൽ ഹമാവിയും പന്ത് ഗോൾവര കടത്തിയതോടെ ഇറാഖ് 4-3ന് മുന്നിൽ. ഇന്ത്യയുടെ നിർണായകമായ അവസാന കിക്കെടുത്തത് റഹീം അലി. പിഴച്ചില്ല, സ്‌കോർ 4-4. അവസാന കിക്കെടുത്ത ബഷാർ റെസാൻ ഇറാഖിന് വിജയം സമ്മാനിച്ചു.

ലോകറാങ്കിങ്ങിൽ ഏറെ മുന്നിലുള്ള ഇറാഖിനെതിരേ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇറാഖ് 70-ാം റാങ്കിലാണ്. ഇന്ത്യ 99-ാം സ്ഥാനത്താണ്. സൂപ്പർ താരം സുനിൽ ഛേത്രിയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരങ്ങളായ ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൾ സമദ്, രാഹുൽ കെ.പി എന്നിവർ കളിച്ചു. ഫൈനലിൽ തായ്ലൻഡ്-ലെബനൻ സെമി ഫൈനൽ മത്സരത്തിലെ ജേതാവിനെ ഇറാഖ് നേരിടും.