- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം; ആദ്യ മത്സരത്തിൽ ചൈനയുടെ ജയം ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്; ഇന്ത്യയുടെ അടുത്ത എതിരാളികൾ ബംഗ്ലാദേശും മ്യാന്മറും
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ ഇന്ത്യക്ക് തോൽവിത്തുടക്കം. ആതിഥേയരായ ചൈന ഇന്ത്യയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഒരു ദിവസം പോലും പരിശീലനം നടത്താതെ കളത്തിലിറങ്ങിയ ടീമിന് കളിക്കളത്തിൽ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സീനിയർ താരങ്ങളായ സുനിൽ ഛേത്രിയേയും സന്ദേഷ് ജിംഗാനേയും കോച്ച് സ്റ്റിമാച്ച് ആദ്യ ഇലവനിൽ ഇറക്കിയിട്ടും തോൽവി തടയാനായില്ല.
പതിനേഴാം മിനിറ്റിൽ ഗാവോ ടിയാനൈയിലൂടെ ചൈന ആദ്യം മുന്നിലെത്തി. കോർണർ ക്ലിയർ ചെയ്യുന്നതിൽ ഇന്ത്യൻ പ്രതിരോധനിരക്ക് പറ്റിയ പിഴലിൽ നിന്നായിരുന്നു ചൈന ലീഡെടുത്തത്.
പന്ത് കിട്ടിയ ചൈനീസ് താരം ടിയാനി ഗാവോ അനായാസം ലക്ഷ്യം കണ്ടു. പിന്നാലെ ചൈനയ്ക്ക് അനുകൂലമായി പെനാൽറ്റിയും ലഭിച്ചു. ചൈനയുടെ മുന്നേറ്റം തടയുന്നതിനിടയിൽ ഗോൾകീപ്പർ ഗുർമീറ്റാണ് മുന്നേറ്റ താരത്തെ ഫൗൾ ചെയ്തത്. എന്നാൽ ചൈനയുടെ നായകൻ ചെഞ്ചി സു എടുത്ത കിക്ക് മികച്ച സേവിലൂടെ ഗുർമീറ്റ് തട്ടിയകറ്റി.
ചൈന മുന്നേറ്റങ്ങൾ തുടരുന്നതാണ് പിന്നേയും കണ്ടത്. എന്നാൽ കിട്ടിയ അവസരങ്ങളിൽ ഇന്ത്യയും മുന്നേറി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ചൈനയെ ഞെട്ടിച്ച് ഇന്ത്യ സമനില ഗോൾ നേടി. രാഹുൽ കെപി യാണ് ഉഗ്രനൊരു ഗോളിലൂടെ തിരിച്ചടിച്ചത്. മധ്യവരയുടെ അടുത്ത് നിന്ന് അബ്ദുൾ റബീഹ് ഉയർത്തിയ നീട്ടിയ പന്ത് ഓടിയെടുത്ത രാഹുൽ മികച്ച ഷോട്ടിലൂടെ വലകുലുക്കി. ആദ്യ പകുതി 1-1 നാണ് അവസാനിച്ചത്.
രണ്ടാം പകുതിയിൽ ഗോളിനായി ഇരുടീമുകളും മുന്നേറ്റങ്ങൾ നടത്തി. 51-ാം മിനിറ്റിൽ ഇന്ത്യ വീണ്ടും നിരാശയിലായി. ഷെങ്ലോങ് ജിയാങിലൂടെ ചൈന രണ്ടാം ഗോൾ നേടി. ഗോൾ വീണതിനു പിന്നാലെ ചൈന വീണ്ടും ആക്രമിച്ചുകളിച്ചു. 72-ാം മിനിറ്റിൽ മൂന്നാം ഗോളുമെത്തി. പെനാൽറ്റി ബോക്സിന് പുറത്തു നിന്നുള്ള ഉഗ്രൻ ലോങ് റേഞ്ചർ ഗുർമീറ്റ് തടുത്തിട്ടെങ്കിലും റീബൗണ്ടിൽ ക്വിയാങ്ലോങ് ടാവോ വലകുലുക്കി. മിനിറ്റുകൾക്കകം ചൈന ഗോൾനേട്ടം നാലാക്കി. ക്വിയാങ്ലോങ് ടാവോയാണ് ഇത്തവണയും ഗോളടിച്ചത്. പ്രതിരോധത്തിലായ ഇന്ത്യയ്ക്ക് പിന്നീട് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇഞ്ചുറി ടൈമിൽ ചൈന അഞ്ചാം ഗോൾ കൂടി നേടിയതോടെ വമ്പൻ തോൽവിയോടെ ഇന്ത്യ മടങ്ങി.
റാങ്കിങ്ങിൽ താഴെയുള്ള ബംഗ്ലാദേശിനെതിരേയും മ്യാന്മറിനെതിരേയുമാണ് ഇന്ത്യയുടെ അടുത്ത ഗ്രൂപ്പ് മത്സരങ്ങൾ. സെപ്റ്റംബർ 21-ന് ബംഗ്ലാദേശിനേയും 24-ന് മ്യാന്മറിനേയും നേരിടും. വിജയിച്ച് അടുത്ത റൗണ്ടിലെത്താനാകും സ്റ്റിമാച്ചിന്റേയും സംഘത്തിന്റേയും ലക്ഷ്യം.
സ്പോർട്സ് ഡെസ്ക്