കാഠ്മണ്ഡു: അണ്ടർ 19 സാഫ് കപ്പ് ഫോട്‌ബോളിൽ ആതിഥേയരായ നേപ്പാളിനെ ഷൂട്ടൗട്ടിൽ കീഴടക്കി ഇന്ത്യ ഫൈനലിൽ. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിന് വഴിമാറിയത്.

ദശരഥ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെനാൽറ്റിയിൽ 3-2നാണ് ജയം. നിർണായക പെനാൽറ്റി ഗോളാക്കി യുവതാരം മംഗ്ലെൻതാങ് കിപ്‌ജെൻ ആണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ 26-ാം മിനുട്ടിൽ സാഹിൽ കുർഷിദിന്റെ ഗോളാണ് ഇന്ത്യക്ക് ലീഡ് നൽകിയത്. എന്നാൽ 74ആം മിനുട്ടിൽ സമിർ തമാംഗിലൂടെ സമനില കണ്ടെത്താൻ നേപ്പാളിനായി. തുടർന്നാണ് കളി ഷൂട്ടൗട്ടിൽ എത്തിയത്. കലാശ പോരിൽ പാക്കിസ്ഥാനെ ഇന്ത്യ നേരിടും. ഭൂട്ടാനെ തോൽപ്പിച്ച് ആണ് പാക്കിസ്ഥാൻ ഫൈനലിൽ എത്തിയത്. ശനിയാഴ്ചയാണ് മത്സരം.