കൊച്ചി: ഐഎസ്എല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും മിന്നും ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ രണ്ടാമത്. ജംഷഡ്പൂർ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് മഞ്ഞപ്പട കരുത്ത് കാട്ടിയത്. കൊമ്പന്മാർക്കായി നായകൻ അഡ്രിയാൻ ലൂണ 74-ാം മിനിറ്റിൽ ഗോൾ സ്വന്തമാക്കി. ഇരു ടീമും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ നായകൻ അഡ്രിയാൻ ലൂണയുടെ മികവാണ് മഞ്ഞപ്പടയ്ക്ക് വിജയം സമ്മാനിച്ചത്.

ബംഗളൂരു എഫ്.സിക്കെതിരായ ആദ്യ മത്സരത്തിൽനിന്ന് മാറ്റമില്ലാതെയാണ് കോച്ച് ടീമിനെ ഇറക്കിയത്. ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ ഒരുക്കുന്നതിലും ഗോളടിക്കുന്നതിലും ഇരുടീമും പരാജയപ്പെട്ടു. ഇരുനിരയുടെയും മുന്നേറ്റങ്ങൾ പ്രതിരോധത്തിൽ തട്ടിത്തെറിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ദയമാന്റകോസ് എത്തിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങൾ കൂടുതൽ ചടുലമായി.

ദയമാന്റകോസും ലൂണയും ചേർന്നുള്ള ?നീക്കമാണ് ഗോളിലെത്തിയത്. മധ്യനിര താരം ഡൈസുകെ സകായ് ലൂണക്ക് അടിച്ചുനൽകിയ പന്ത് നായകൻ ദയമാന്റകോസിന് കൈമാറി. ജംഷഡ്പൂർ പ്രതിരോധത്തിനിടയിലൂടെ കുതിച്ചെത്തിയ ലൂണക്ക് തന്നെ ഡയമന്റകോസ് പന്ത് തിരിച്ചുനൽകി. മനോഹര ഫിനിഷിലൂടെ ലൂണ പന്ത് വലയിലാക്കുകയായിരുന്നു. വൺ ടച്ച് ഫുട്‌ബോളിന്റെയും താരങ്ങളുടെ പരസ്പരം ധാരണയുടെയും ഉത്തമ ഉദാഹരണമായിരുന്നു ഈ ഗോൾ.

ലൂണയുടെ ബോക്‌സിന് നടുവിൽ നിന്നുള്ള ഷോട്ട് ഇടത് മൂലയിലെ വലയെ ചുംബിച്ചപ്പോൾ ഗാലറിയിലെ മഞ്ഞപ്പട ഇരമ്പിയാർത്തു. ഇരുനിരയും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ മൂന്ന് ഷോട്ടുകൾ വീതം മാത്രമാണ് ഗോൾവലക്ക് നേരെ നീങ്ങിയത്. കളി തുടങ്ങി 13 മിനിറ്റായപ്പോഴേക്കും ജംഷഡ്പൂരിന് മികച്ച താരങ്ങളിൽ ഒരാളായ ഇംറാൻ ഖാനെ പരിക്ക് കാരണം നഷ്ടമായിരുന്നു. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഗോൾ ശരാശരിയിൽ മോഹൻ ബഗാനാണ് ഒന്നാമത്. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചിരുന്നു.

പരിക്ക് മാറി തിരികെയെത്തിയ സ്ട്രൈക്കർ ദിമിത്രിയോസ് പകരക്കാരനായി ഇടംപിടിച്ചു. ലൂണയും പെപ്രയും മുന്നേറ്റ നിരയെ നയിച്ചപ്പോൾ ഡയസൂക് സക്കായിയും ജീക്സണും ഡാനിഷും മുഹമ്മദ്ദ് എയ്മാനും മധ്യനിരയിൽ അണിനിരന്നു.

പ്രതിരോധത്തിൽ ഡ്രിൻസിച്ചിനൊപ്പം പ്രതീബും പ്രീതവും ഐബാൻ ഡോലിങ്ങും ഇറങ്ങി. കഴിഞ്ഞ കളിയിൽ മികവ് പുലർത്തിയ സച്ചിൻ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ഗോവല കാത്തു. മറുവശത്ത് ഡാനിയൽ ചീമയെ ഏക സ്ട്രൈക്കറായി നിലനിർത്തി പ്രതിരോധത്തിന് പ്രാധാന്യം നൽകിയാണ് ജംഷഡ്പൂർ ഇറങ്ങിയത്. ഗോൾകീപ്പറായി പരിചയസമ്പന്നനായ മലയാളിതാരം ടി പി രഹ്നേഷും ആദ്യ ഇലവനിൽ ഇടംപിടിച്ചു.

ബ്ലാസ്റ്റേഴ്സ് അക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ മിനിട്ടിൽ തന്നെ രണ്ട് തവണ ജംഷഡ്പൂർ ബോക്സിലേയ്ക്ക് ബ്ലാസ്റ്റേഴ്സ് ആക്രമണം നടത്തി. തൊട്ടുപിന്നാലെ കോർണർ സ്വന്തമാക്കി ജംഷഡ്പൂരും ആക്രമണമാണ് ലക്ഷ്യമെന്ന് മുന്നറിയിപ്പ് നൽകി. ബോക്സു ടു ബോക്സ് ശൈലിയിലാണ് കളി പുരോഗമിച്ചത്.

ഒമ്പതാം മിനിട്ടിൽ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യമായി ജംഷഡ്പൂർ ബോക്സിലേയ്ക്ക് ഉന്നംവച്ചത്. നേരിയ മാർജിനിൽ ഷോട്ട് പുറത്തേയ്ക്ക്. ഇതിനിടയിൽ മധ്യനിരതാരം ഇമ്രാൻ ഖാന് പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത് ജംഷഡ്പൂരിന് തിരിച്ചടിയായി. അവസരം കിട്ടുമ്പോൾ ബ്ലാസ്റ്റേഴസ് ഗോൾ മുഖത്തേയ്ക്ക് കടന്നുള്ള നീക്കങ്ങൾക്ക് ജംഷഡ്പൂരും മടിച്ചില്ല. പ്രതിരോധനിരയിൽ മതിൽപോലെ നിലയുറപ്പിച്ച ഡ്രിൻസിച്ചാണ് സന്ദർശകരുടെ നീക്കങ്ങൾക്ക് തടയിട്ട് നിന്നത്. ഗോൾ വലയ്ക്ക് മുന്നിൽ സച്ചിൻ നിലയുറപ്പിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ വീണ്ടും വിജയം സ്വന്തമാക്കി.