ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ബെംഗളൂരു എഫ്സി. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ബെംഗളൂരു കീഴടക്കിയത്. സ്വന്തം മൈതാനത്ത് ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ബെംഗളൂരു ഗംഭീര തിരിച്ചുവരവ് നടത്തിയത്.

ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്സി യെ ഞെട്ടിച്ചാണ് ഈസ്റ്റ് ബംഗാൾ തുടങ്ങിയത്. മത്സരത്തിന്റെ 15-ാം മിനിറ്റിൽ തന്നെ ബംഗാൾ മുന്നിലെത്തി. മഹേഷ് സിങ്ങാണ് ഈസ്റ്റ് ബംഗാളിനായി ലക്ഷ്യം കണ്ടത്.

എന്നാൽ മിനിറ്റുകൾക്കകം ബെംഗളൂരുവിന്റെ മറുപടിയെത്തി. സൂപ്പർതാരം സുനിൽ ഛേത്രി പെനാൽറ്റിയിലൂടെ സ്‌കോർ സമനിലയിലാക്കി. ആദ്യ പകുതി 1-1 നാണ് അവസാനിച്ചത്. രണ്ടാം പകുതിയിൽ ഒരു തവണ കൂടി ലക്ഷ്യം കണ്ട് ബെംഗളൂരു ലീഡെടുത്തു. മനോഹരമായ ബൈസിക്കിൾ കിക്കിലൂടെ ഹാവി ഹെർണാണ്ടസാണ് ബെംഗളൂരുവിനായി വലകുലുക്കിയത്.

മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും രണ്ട് തോൽവിയുമടക്കം മൂന്ന് പോയന്റുകളുമായി നിലവിൽ എട്ടാം സ്ഥാനത്താണ് ബെംഗളൂരു എഫ്സി. ഇത്രയും മത്സരങ്ങളിൽ നിന്ന് നാല് പോയന്റോടെ അഞ്ചാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ.