ബെനോളിം: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കി കേരളത്തിന് വിജയത്തുടക്കം. ബെനോളിം സ്പോർട്സ് അഥോറിറ്റി ഓഫ് ഗോവ മൈതാനത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം ഗുജറാത്തിനെ തകർത്തത്. മികച്ച പ്രകടനം പുറത്തെടുത്ത കേരളത്തിനായി അക്‌ബർ സിദ്ദിഖ് ഇരട്ട ഗോളും നായകൻ നിജോ ഗിൽബർട്ട് ഒരു ഗോളും നേടി.

മത്സരത്തിന്റെ 12ാം മിനിറ്റിലും 33ാം മിനിറ്റിലുമായിരുന്നു അക്‌ബറിന്റെ ഗോളുകൾ. 36ാം മിനിറ്റിൽ നിജോ കൂടി വലകുലുക്കിയതോടെ കേരളം ആദ്യ പകുതിയിൽത്തന്നെ 30 ന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിയിൽ പ്രതിരോധത്തിലൂന്നിയുള്ള കളിക്കാണ് കേരളം ശ്രമിച്ചത്. ആക്രമണങ്ങൾ കുറയ്ക്കുകകൂടി ചെയ്തതോടെ ഗുജറാത്തിന് മുന്നേറ്റം അസാധ്യമായി.

പ്രഥമിക റൗണ്ടിലെ രണ്ടാം മത്സരത്തിനാണ് ഗുജറാത്ത് ഇന്നിറങ്ങിയത്. ആദ്യമത്സരത്തിൽ അവർ ജമ്മു കശ്മീരിനെ 2-1ന് തോൽപിച്ചിരുന്നു. എന്നാൽ അവരുടെ ആത്മവിശ്വാസം പാടെ തകർക്കുന്ന മുന്നേറ്റമാണ് കേരളം കാഴ്ചവച്ചത്. ടീമിലെ ചെറുപ്പക്കാരുടെ ചുറുചുറുക്കും പരിശീലകൻ സതീവൻ ബാലന്റെ തന്ത്രങ്ങളും കൂടിച്ചേർന്നപ്പോൾ കേരളം ഗുജറാത്ത് കടമ്പ അനായാസം മറികടന്നു.

കഴിഞ്ഞ തവണ സെമി കാണാതെ പുറത്തായതിന്റെ സങ്കടം തീർക്കുകകൂടി ലക്ഷ്യമിട്ടാണ് തിരുവനന്തപുരം പൂവാർ സ്വദേശി നിജോ ഗിൽബർട്ടിന്റെ നേതൃത്വത്തിലുള്ള കേരള ടീം ഇന്നിറങ്ങിയത്. പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിൽ എ ഗ്രൂപ്പിലാണ് കേരളം. ഗോവ, ജമ്മു കശ്മീർ, ഗുജറാത്ത്, ഛത്തീസ്‌ഗഡ് എന്നിവയാണ് എ ഗ്രൂപ്പിലെ മറ്റു ടീമുകൾ. 13ന് രാവിലെ 9ന് പ്രാഥമിക റൗണ്ടിൽ ജമ്മു കശ്മീരിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.