മോണ്ടിവിഡിയോ: ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ പരാഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയ ലോകചാമ്പ്യന്മാരായ അർജന്റീന പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. കളിയുടെ മൂന്നാം മിനിറ്റിൽ റോഡ്രിഗോ ഡീപോളെടുത്ത കോർണർ കിക്കിൽ നിന്ന് നിക്കൊളാസ് ഒട്ടമെൻഡിയാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ നിന്നുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീനയുടെ തുടർച്ചയായ മൂന്നാം ജയമാണിത്.

അതേ സമയം മത്സരത്തിനിടെ പരാഗ്വേ താരം അന്റോണിയോ സനാബ്രിയ അർജന്റീന നായകൻ മെസിക്കുനേരെ തുപ്പിയെന്ന് ആരോപണം. മത്സരത്തിന്റെ 84ാം മിനിറ്റിലാണ് അന്റോണിയോ സനാബ്രിയ തിരിഞ്ഞു നടക്കുന്ന മെസിക്കു നേരെ തുപ്പിയത്. അതിന് മുമ്പ് സനാബ്രിയയുമായി മെസി വാക് പോരിൽ ഏർപ്പെട്ടിരുന്നു. സനാബ്രിയയെ നോക്കി മെസി എന്തോ പറഞ്ഞശേഷം നടന്നു നീങ്ങവെയാണ് താരം മെസിക്ക് നേരെ തുപ്പിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തി.

അതേസമയം, മത്സരശേഷം ഇതേക്കുറിച്ച് മെസി പ്രതികരിച്ചു. താൻ അത് കണ്ടിട്ടില്ലെന്നും ലോക്കർ റൂമിൽ വെച്ച് സഹതാരങ്ങൾ തന്നോട് അത് പറഞ്ഞുവെന്നും മെസി പറഞ്ഞു. എനിക്കുനേരെ ആരോ തുപ്പിയെന്ന് അവർ പറഞ്ഞു. സത്യം പറഞ്ഞാൽ ആരാണ് അയാൾ എന്ന് എനിക്കറിയില്ല. ആരാണ് ആ പയ്യനെന്ന് എനിക്കറിയില്ല എന്നായിരുന്നു മെസിയുടെ മറുപടി.

അദ്യ പകുതിയിൽ നായകൻ ലിയോണൽ മെസിയെ ബെഞ്ചിലിരുത്തിയാണ് അർജന്റീന ഇറങ്ങിയത്. രണ്ടാം പകുതിയിൽ 53ാം മിനിറ്റിൽ ജൂലിയൻ അൽവാരെസിന് പകരക്കാരനായാണ് മെസി ഇറങ്ങിയത്. മെസിയുടെ ഗോളെന്നുറച്ച രണ്ട് ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങിയത് അർജന്റീനയുടെ നിർഭാഗ്യമായി. മത്സരത്തിൽ മെസിയുടെ ഇൻസ്വിംഗിഗ് കോർണർ കിക്കും ബോക്‌സിനു പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്കും പോസ്റ്റിൽ തട്ടി മടങ്ങിയില്ലായിരുന്നെങ്കിൽ അർജന്റീന കുറഞ്ഞത് മൂന്ന് ഗോളിനെങ്കിലും ജയിച്ചേനെ. നേരത്തെ ആദ്യ പകുതിയിൽ ഡിപോളിന്റെ കിക്കും പോസ്റ്റിൽ തട്ടി തെറിച്ചിരുന്നു.

അതേ സമയം ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നു. വെനെസ്വേലയാണ് ദക്ഷിണ അമേരിക്കൻ മേഖലയിൽ ബ്രസീലിനെ 1-1 സമനിലയിൽ പിടിച്ചത്. ആദ്യപാതി വരെ ഇരുവർക്ക് ഗോളൊന്നും നേടാൻ സാധിച്ചിരുന്നില്ല. 50-ാം മിനിറ്റിൽ ഗബ്രിയേൽ മഗൽഹേസ് ബ്രസീലിനെ മുന്നിലെത്തിച്ചു. നെയ്മറുടെ കോർണർ കിക്കിൽ തല വച്ചാണ് താരം വല കുലുക്കിയ്. എന്നാൽ 85-ാം മിനിറ്റിൽ എഡ്വേർഡോ ബെല്ലോ തകർപ്പൻ ബൈസിക്കിൾ കിക്കിലൂടെ വെനെസ്വേലയെ ഒപ്പമെത്തിച്ചു. ശേഷിക്കുന്ന അഞ്ച് മിനിറ്റുകൾക്കിടെ ഇരു ടീമുകൾക്കും ഗോളൊന്നും നേടാൻ സാധിച്ചിരുന്നില്ല.

ലോകകപ്പ് യോഗ്യതയിൽ ബ്രസീലിന്റെ ആദ്യ സമനിലയാണിത്. ഇതോടെ പോയിന്റെ പട്ടികയിൽ ബ്രസീൽ അർജന്റീനയ്ക്ക് പിന്നിൽ രണ്ടാമതായി. മൂന്ന് മത്സരങ്ങളിൽ ഏഴ് പോയിന്റാണ് ബ്രസീലിന്. മത്സരത്തിൽ ഒരു അനിഷ്ട സംഭവം കൂടിയുണ്ടായി. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ആരാധക രോഷത്തിനിടയായി. മത്സരശേഷം ബ്രസീലിയൻ ആരാധകരിൽ ഒരാൾ താരത്തെ പോപ്കോൺ ബാഗ് കൊണ്ട് എറിഞ്ഞു. താരത്തിന്റെ തലയിലാണ് ഏറ് കൊണ്ടത്. നെയ്മര് തിരിച്ച് പ്രതികരിക്കുന്നുണ്ട്. ആരാധകനുമായി കയർക്കുന്നതിനിടെ സഹതാരങ്ങൾ നെയ്മറെ ഡ്രസിങ് റൂമിലേക്ക് തിരികെ കൊണ്ടുപോവുകയായിരുന്നു.

മൂന്നിൽ മൂന്ന് കളിയും ജയിച്ച അർജന്റീനയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. അർജന്റീന 18ന് എവേ മത്സരത്തിൽ പെറുവിനെ നേരിടും. അന്നേദിവസം ബ്രസീൽ ഉറുഗ്വെക്കെതിരെ കളിക്കും.