ക്വലാലംപുർ: മെർദേക കപ്പ് ഫുട്‌ബോളിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായി. സെമി പോരാട്ടത്തിൽ ഫിഫ റാങ്കിങ്ങിൽ തങ്ങളേക്കാൾ താഴെയുള്ള മലേഷ്യയോട് (134) രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്.

ഡിയോൺയൊഹാൻ കൂൾസ്, ആരിഫ് ഐമൻ, ഫൈസൽ, കോർബിൻ എന്നിവർ മലേഷ്യയ്ക്കായി സ്‌കോർ ചെയ്തപ്പോൾ മഹേഷ്, ക്യാപ്റ്റൻ സുനിൽ ഛേത്രി എന്നിവരുടെ വകയായിരുന്നു ഇന്ത്യയുടെ ഗോളുകൾ.

മത്സരത്തിനിടെ 57-ാം മിനിറ്റിൽ ചാങ്തെയുടെ ഗോൾ അനുവദിക്കാതിരുന്നത് വിവാദമായി. ചാങ്തെയുടെ ഷോട്ട് ഗോൾ ലൈൻ കടന്നെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. ഇന്ത്യൻ താരങ്ങളും കോച്ച് സ്റ്റിമാച്ചും പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനം മാറ്റാൻ തയ്യാറായില്ല.

57-ാം മിനിറ്റിൽ സഹൽ അബ്ദുൾ സമദ് നൽകിയ പാസിൽ നിന്നുള്ള ചാങ്തെയുടെ ഷോട്ട് മലേഷ്യൻ ഗോൾകീപ്പർ അഹമ്മദ് സൈഹാൻ ഹംസി ബിൻ മുഹമ്മദിനെ മറികടന്ന് വലയിലേക്ക് പോയി. എന്നാൽ ഡിയോൺയൊഹാൻ കൂൾസ് പന്ത് ക്ലിയർ ചെയ്യുമ്പോഴേക്കും അത് ഗോൾവര കടന്നിരുന്നു. ഇന്ത്യൻ താരങ്ങൾ ഗോളിനായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല.

ഇതോടെ 17-ന് നടക്കുന്ന ഫൈനലിൽ മലേഷ്യ, താജിക്കിസ്താനെ നേരിടും. ഇസ്രയേലുമായി സംഘർഷം നടക്കുന്നതിനാൽ ഫലസ്തീൻ മെർദേക കപ്പ് കളിക്കുന്നില്ല. ഇതോടെ അവരുടെ എതിരാളിയായിരുന്ന താജിക്കിസ്താൻ നേരിട്ട് ഫൈനലിലെത്തുകയായിരുന്നു.