മഡ്ഗാവ്: സന്തോഷ് ട്രോഫി ഗ്രൂപ് എയിൽ കേരളത്തിനെ കീഴടക്കി ഗോവ ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു. വാസ്‌കോ ഡ ഗാമയിലെ തിലക് മൈതാനത്ത് ചൊവ്വാഴ്ച വൈകുന്നേരം നടന്ന കളിയുടെ 57ാം മിനിറ്റിൽ ത്രിജോയ് സാവിയോ ഡയസ് നേടിയ ഗോളിലാണ് ആതിഥേയർ ടിക്കറ്റെടുത്തത്.

നാല് മത്സരങ്ങളിൽ മൂന്ന് ജയവും ഒരു സമനിലയം നേടി പത്ത് പോയന്റോടെ ഗോവ ഗ്രൂപ് ജേതാക്കളായി. ആദ്യ മൂന്ന് കളിയും ജയിച്ച് ഒന്നാമതായിരുന്ന കേരളം ഇതോടെ ഒമ്പത് പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് വീണു. ഫൈനൽ റൗണ്ട് യോഗ്യതക്ക് ഇനി മറ്റു ഗ്രൂപ്പുകളിലെ മത്സരങ്ങൾ പൂർത്തിയാവാൻ കാത്തിരിക്കണം. ആറ് ഗ്രൂപ് ജേതാക്കൾക്കും ഏറ്റവും മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാർക്കുമാണ് ബെർത്ത്.

ഗുജറാത്തിനെ 3-0ത്തിനും ജമ്മു-കശ്മീരിനെ 6-1നും ഛത്തിസ്ഗഢിനെ 3-0ത്തിനും തകർത്ത നിജോ ഗിൽബർട്ടും സംഘവും മൂന്ന് മത്സരങ്ങളിൽ സ്‌കോർ ചെയ്തത് 12 ഗോളുകളാണ്. വഴങ്ങിയത് ഒന്നു മാത്രം. ഗോൾ ശരാശരിയിൽ ബഹുദൂരം മുന്നിലായിരുന്നു കേരളം. അവസാന കളിയിൽ സമനില പോലും ടീമിന് ധാരാളമായിരുന്നു. എന്നാൽ, ജയം അനിവാര്യമായിരുന്ന ഗോവ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. ആറ് ഗ്രൂപ്പുകളിൽനിന്നായെത്തുന്ന ഒമ്പതും നിലവിലെ ജേതാക്കളായ കർണാടക, റണ്ണറപ്പായ മേഘാലയ, ഫൈനൽ റൗണ്ട് ആതിഥേയരായ അരുണാചൽ പ്രദേശ് ടീമുകളുമാണ് അടുത്ത ഘട്ടത്തിൽ കളിക്കുക.