- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ പുരസ്‌കാരം വളരെ സ്‌പെഷലാണ്; ഞങ്ങൾ ലോകകപ്പ് ജയിച്ച ശേഷമാണ് ഇതു ലഭിക്കുന്നത്; ഫുട്‌ബോളിൽ നീണ്ട ഭാവിയെക്കുറിച്ചു ഞാൻ ചിന്തിക്കുന്നില്ല; മുന്നിൽ ഇനി കോപ്പ അമേരിക്ക'; ബലോൻ ദ് ഓർ വേദിയിൽ മെസ്സി
പാരിസ്: കോപ്പ അമേരിക്ക പോരാട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ഫുട്‌ബോൾ കരിയർ ഇനിയും നീണ്ടകാലം തുടരില്ലെന്നും സൂചന നൽകി ബലോൻ ദ് ഓർ വേദിയിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ഫുട്‌ബോളിൽ നീണ്ട ഭാവിയെക്കുറിച്ചു ചിന്തിക്കുന്നില്ല. ഇപ്പോഴത്തെ നിമിഷങ്ങൾ ആസ്വദിക്കുകയാണ്. പാരിസിൽ എട്ടാം ബലോൻ ദ് ഓർ പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കവെ മെസ്സി ഭാവിയെക്കുറിച്ചു മനസ്സു തുറന്നു.
''മുൻപു ഞാൻ ബലോൻ ദ് ഓർ പുരസ്‌കാരം നേടുന്നത് അർജന്റീന ദേശീയ ടീം ,കോപ്പ അമേരിക്ക വിജയിച്ചപ്പോഴായിരുന്നു. പക്ഷേ ഈ പുരസ്‌കാരം വളരെ സ്‌പെഷലാണ്. കാരണം ഞങ്ങൾ ലോകകപ്പ് ജയിച്ച ശേഷമാണ് ഇതു ലഭിക്കുന്നത്.'' മെസ്സി പ്രതികരിച്ചു.
''എല്ലാവരും ആഗ്രഹിക്കുന്ന ട്രോഫിയാണത്. സ്വപ്നം സാക്ഷാത്കരിച്ച പോലെയായിരുന്നു എനിക്ക് ആ വിജയം. എന്റെ സഹതാരങ്ങൾക്കും രാജ്യത്തിനും അങ്ങനെ തന്നെ. ഫുട്‌ബോളിൽ നീണ്ട ഭാവിയെക്കുറിച്ചു ഞാൻ ചിന്തിക്കുന്നില്ല. ഇപ്പോഴത്തെ നിമിഷങ്ങൾ ഞാൻ ആസ്വദിക്കുകയാണ്. യുഎസിൽ കോപ്പ അമേരിക്ക മത്സരങ്ങൾ വരാനിരിക്കുകയാണ്. നിലവിലെ ചാംപ്യന്മാരെന്ന നിലയ്ക്കു മികച്ച പ്രകടനം നടത്തേണ്ടിയിരിക്കുന്നു.'' മെസ്സി പ്രതികരിച്ചു. മറ്റു കാര്യങ്ങൾ അതിനു ശേഷം തീരുമാനിക്കുമെന്നും മെസ്സി പാരിസിൽ വ്യക്തമാക്കി.
''ലോകത്തെ ഏറ്റവും മികച്ച ടീമിന്റെ ഭാഗമാകാൻ സാധിച്ചെന്നതാണ് എന്റെ ഭാഗ്യം. വ്യക്തിപരമായി ട്രോഫികൾ വിജയിക്കുന്നതു സന്തോഷമുള്ള കാര്യമാണ്. കരിയറിൽ നേടിയിട്ടുള്ള ബലോൻ ദ് ഓർ പുരസ്‌കാരങ്ങളെല്ലാം ഓരോ കാരണങ്ങൾകൊണ്ട് സ്‌പെഷലാണ്. ഇന്നു ഡിയേഗോ മറഡോണയുടെ ജന്മദിനമാണ്. മികച്ച താരങ്ങളും പരിശീലകരും ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്ന ആളുകളും ഉള്ള ഈ വേദിയിൽവച്ചു ഞാൻ അദ്ദേഹത്തെ ഓർക്കാൻ ആഗ്രഹിക്കുന്നു. പിറന്നാൾ ആശംസകൾ ഡിയേഗോ, ഇതു നിങ്ങൾക്കുകൂടി വേണ്ടിയുള്ളതാണ്.'' മെസ്സി പറഞ്ഞു.
എട്ടാം ബലൺ ദ് ഓർ നേട്ടത്തോടെ ഒരുപിടി റെക്കോർഡുകളാണ് മെസി സ്വന്തം പേരിൽ കുറിച്ചത്. ഇനി നേടാനൊന്നും ബാക്കി വയ്ക്കാതെയാണ് പാരീസിൽ നിന്നും അർജന്റീന നായകൻ മടങ്ങിയത്. രണ്ട് വർഷം മുൻപ് മകൻ തിയാഗോ, നിരത്തിവച്ച ബലൺ ദ് ഓർ ട്രോഫിക്ക് മുന്നിലിരുന്ന് മെസിയോട് ചോദിച്ചു, എട്ട് ബലൺ ദ് ഓർ കിട്ടുമോ? ഇല്ലെന്നായിരുന്നു മെസിയുടെ ഉത്തരം. എന്നാൽ പാരീസിൽ മക്കളെ സാക്ഷിയാക്കി അതേ മെസി എട്ടാം ബലൺ ദ് ഓർ പുരസ്‌കാരം ഏറ്റുവാങ്ങി.
ബാഴ്സലോണയ്ക്കൊപ്പം 2009ൽ തുടങ്ങിയ ഐതിഹാസിക ബലൺ ദ് ഓർ യാത്ര. 2012 വരെ മെസിക്ക് എതിരാളികളില്ലായിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം 2015ലും മെസി പുരസ്‌കാരം നേടി. 2019, 2021 വർഷങ്ങളിലും മെസി തന്നെയായിരുന്നു താരം. ഇപ്പോൾ മറ്റൊരു ബലൺ ദ് ഓർ മധുരം കൂടി. തന്നെ തേടിയെത്തിയ ഓരോ ബലൺ ദ് ഓറും വ്യത്യസ്ത കാരണങ്ങളാൽ സവിശേഷം. ലോകകപ്പെന്ന സ്വപ്ന സാക്ഷാത്കാരമാണ് ഒരിക്കൽക്കൂടി ഈ വേദിയിലെത്തിച്ചത്. ഇതിന് മധുരം ഏറെയെന്ന മെസിയുടെ വാക്കുകളിൽ നിന്നു തന്നെ വ്യക്തം.
ബലൺദോർ നേടുന്ന പ്രായമേറിയ രണ്ടാമത്തെ താരം. മൂന്ന് വ്യത്യസ്ത ക്ലബ്ബിനൊപ്പം ബലൺ ദ് ഓറും നേടുന്ന താരം. മേജർ ലീഗ് സോക്കറിൽ ബലൺ ദ് ഓർ എത്തിക്കുന്ന ആദ്യതാരം. മുപ്പത്തിയാറിന്റെ ചെറുപ്പത്തിൽ മെസിയുടെ സമാനതകളില്ലാത്ത വിസ്മയ പ്രയാണം തുടരുകയാണ്.
മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാളണ്ട്, കെവിൻ ഡി ബ്രൂയ്ൻ, ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്. ഖത്തർ ലോകകപ്പിൽ അർജന്റീനയെ ചാംപ്യന്മാരാക്കിയ പ്രകടനമാണ് മെസിയെ റെക്കോർഡ് നേട്ടത്തിലേക്ക് നയിച്ചത്.
ഹാളണ്ട് ഫൈനൽ വോട്ടിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി. എംബപെ മൂന്നാമതും കെവിൻ ഡി ബ്രുയ്‌നെ നാലാമതുമായിരുന്നു. ഖത്തർ ലോകകപ്പിൽ ഏഴു ഗോളുകൾ നേടിയ മെസ്സി, ടൂർണമെന്റിലെ താരമായിരുന്നു. ദോഹയിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് അർജന്റീന ലോകകപ്പ് ഉയർത്തിയത്.
സ്‌പെയിനെ ലോക ചാംപ്യന്മാരാക്കിയതിനൊപ്പം മികച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ടും സ്വന്തമാക്കിയ സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റിയാണ് വനിത ബലോൺ ദ് ഓർ നേടിയത്. മികച്ച ഗോൾ കീപ്പർക്കുള്ള യാഷിൻ ട്രോഫി അർജന്റൈൻ താരം എമിലിയാനോ മാർട്ടിനെസ് സ്വന്തമാക്കി.
ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ അർജന്റീനയെ ലോകകപ്പ് കിരീടത്തിലെത്തിച്ചതിനു പിന്നാലെയാണ് മെസ്സിക്കു കരിയറിലെ എട്ടാം ബലോൻ ദ് ഓർ ലഭിക്കുന്നത്. കഴിഞ്ഞ തവണ ഫ്രഞ്ച് താരം കരിം ബെൻസെമയ്ക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്. നോർവേയുടെ യുവതാരം എർലിങ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയൻ എംബപെ എന്നിവരെ പിന്നിലാക്കിയാണ് യുഎസ് ക്ലബ് ഇന്റർ മയാമിയിൽ കളിക്കുന്ന മെസ്സി വോട്ടിങ്ങിൽ മുന്നിലെത്തിയത്. മേജർ ലീഗിൽ കളിക്കുന്ന ഒരു താരം ആദ്യമായാണ് ബലോൻ ദ് ഓർ വിജയിക്കുന്നത്.
സ്പോർട്സ് ഡെസ്ക്