- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവേശപ്പോരിന് മുമ്പ് കൂട്ടത്തല്ല്; അർജന്റൈൻ ആരാധകർക്ക് നേരെ ലാത്തി വീശിയ ബ്രസീലിയൻ പൊലീസിനെതിരെ താരങ്ങൾ; ലാത്തി പിടിച്ചുവാങ്ങാൻ ശ്രമിച്ച് എമി മാർട്ടിനെസ്; പിടിച്ചുമാറ്റിയത് സഹതാരങ്ങൾ; വൈറലായി വീഡിയോ
റിയോ ഡി ജനീറോ: ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അർജന്റീന - ബ്രസീൽ മത്സരം കാണാൻ കാത്തിരുന്ന ആരാധകരെ ഞെട്ടിച്ച് കൂട്ടത്തല്ല് അരങ്ങേറിയതിന് പിന്നാലെ ബ്രസീലിയൻ പൊലീസിന്റെ ആക്രമണത്തിനെതിരെ അർജന്റൈൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് നടത്തുന്ന പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. മാരക്കാന ഫുട്‌ബോൾ സ്റ്റേഡിയത്തിൽ മത്സരത്തിന് മുമ്പ് അർജന്റീനയുടെ ദേശീയഗാനം ചൊല്ലുമ്പോൾ ബ്രസീലിയൻ ആരാധകർ കൂവിയിടത്ത് നിന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. മാത്രമല്ല, അർജന്റൈൻ ആരാധകർ ഇരിക്കുന്ന ഭാഗത്ത് ബ്രസീലിയൻ ആരാധകർ ബാനറും വലിച്ചുകെട്ടി.
ഇതോടെ ആരാധകർ തമ്മിൽ തർക്കമായി. തർക്കം മൂത്തപ്പോഴാണ് പൊലീസിന് ഇടപെടേണ്ടി വന്നത്. ഇതോടെ കൂട്ടത്തല്ലായി. പൊലീസ് അർജന്റൈൻ ആരാധകർക്ക് നേരെ ലാത്തി വീശി. മത്സരത്തിന് മുമ്പ് അർജന്റൈൻ ആരാധകരെ ബ്രസീലിയൻ പൊലീസ് തല്ലി ചതയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അർജന്റൈൻ താരങ്ങൾ ക്യാപ്റ്റൻ ലയണൽ മെസിയുടെ നേതൃത്വത്തിൽ ആരാധകർക്ക് അടുത്തേക്കെത്തി. ക്രിസ്റ്റിയൻ റൊമേറൊ, ജൂലിയൻ അൽവാരസ്, നിക്കോളാസ് ഒട്ടമെൻഡി, ലിസാസൻഡ്രോ മാർട്ടിനെസ് തുടങ്ങിയവരെല്ലാവരും സംഘത്തിലുണ്ടായിരുന്നു.
ഇതിനിടെ അർജന്റൈൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസും പൊലീസിനെതിരെ തിരിഞ്ഞു. പൊലീസിന്റെ കയ്യിൽ നിന്ന് ലാത്തി പിടിച്ചുവാങ്ങാൻ ശ്രമിക്കുകയായിരുന്നു. എപ്പോഴേക്കും സഹാതാരങ്ങൾ പിന്മാറ്റി. സെക്യൂരിറ്റി ഉദ്യോഗസ്ഥർ തള്ളിമാറ്റാനും ശ്രമിക്കുന്നുണ്ട്.
Damn.
- B/R Football (@brfootball) November 22, 2023
(via @TyCSports) pic.twitter.com/fmlyikJSdC
തുടർന്ന് അർജന്റീന ടീം ഗ്രൗണ്ട് വിട്ടു. പ്രശ്‌നം അവസാനിച്ചപ്പോഴാണ് അർജന്റീന താരങ്ങൾ ഗ്രൗണ്ടിൽ മടങ്ങിയെത്തിയത്. ലാത്തിചാർജിൽ നിരവധി അർജന്റീന ആരാധകർക്കു പരുക്കേറ്റു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്കു ചൂണ്ടി മെസ്സി അധികൃതരോടു സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആരാധകർക്കെതിരെ പൊലീസിന്റെ നടപടിയിൽ മെസ്സി അസ്വസ്ഥനാണെന്നാണു വിവരം.
മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീനയുടെ വിജയം. 63ാം മിനിറ്റിൽ നിക്കോളാസ് ഓട്ടമെൻഡിയാണ് അർജന്റീനയുടെ ഗോൾ സ്‌കോറർ. 81ാം മിനിറ്റിൽ ബ്രസീലിന്റെ ജോലിൻടൻ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതോടെ പത്തുപേരുമായാണ് ബ്രസീൽ മത്സരം പൂർത്തിയാക്കിയത്.
മത്സരത്തിൽ ബ്രസീൽ 26 ഫൗളുകളും അർജന്റീന 16 ഫൗളുകളുമാണു വഴങ്ങിയത്. കോർണറിൽനിന്നു ലഭിച്ച പന്ത് ഹെഡ് ചെയ്തു വലയിലേക്ക് ഇട്ടാണ് ഓട്ടമെൻഡി കളിയിലെ വിജയഗോൾ നേടിയത്. ഡിപോളിനെ ഫൗൾ ചെയ്തതിനായിരുന്നു ബ്രസീൽ താരത്തിനെതിരെ റഫറി ചുവപ്പു കാർഡ് ഉയർത്തിയത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. യുറഗ്വായ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കും കൊളംബിയ 2 - 1നും ബ്രസീലിനെ കീഴടക്കിയിരുന്നു.
ഗാലറിയിൽ ബ്രസീൽ അർജന്റീന ആരാധകർ ഏറ്റുമുട്ടിയതോടെ വൈകിയാണു മത്സരം തുടങ്ങിയത്. ഇന്ത്യൻ സമയം രാവിലെ ആറു മണിക്ക് തുടങ്ങേണ്ട കളി, ആരംഭിച്ചത് 6.30ന്. ഗാലറിയിൽ ആരാധകർ തമ്മിൽ തല്ലിയതോടെ കളി തുടങ്ങാൻ വൈകുകയായിരുന്നു. ഗാലറിയിൽ സംഘർഷമുണ്ടായതോടെ പൊലീസ് ഉദ്യോഗസ്ഥർ അർജന്റീന ആരാധകർക്കു നേരെ ലാത്തിചാർജ് നടത്തുന്ന വിഡിയോയും പുറത്തുവന്നു.
ലോകകപ്പ് യോഗ്യതയിൽ നിലവിൽ ഒന്നമതാണ് അർജന്റീന. ആറ് മത്സരങ്ങളിൽ അഞ്ചിലും ടീം ജയിച്ചു. 15 പോയിന്റാണ് ടീമിന്. ഉറുഗ്വെയോട് മാത്രമാണ് ടീം പരാജയപ്പെട്ടത്. ആറ് മത്സരങ്ങളിൽ 13 പോയിന്റുള്ള ഉറുഗ്വെ രണ്ടാമത്. ബ്രസീൽ ആറാം സ്ഥാനത്താണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ടീം പരാജയപ്പെട്ടിരുന്നു. ആറ് മത്സരങ്ങളിൽ ഏഴ് പോയിന്റ് മാത്രമാണ് ബ്രസീലിനുള്ളത്.
ഇതിനിടെ, അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചന നൽകി സ്‌കലോണി രംഗത്തെത്തി. ലോകകപ്പ് ബ്രസീലിനെതിരായ മത്സരത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്‌കലോണി.
സ്പോർട്സ് ഡെസ്ക്