- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയഗോൾ മിലോസ് ഡ്രിൻസിച്ചിന്റെ വക; ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി; സീസണിലെ അഞ്ചാം ജയവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്
കൊച്ചി: ഐ എസ് എല്ലിൽ സീസണിലെ അഞ്ചാം ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. കൊച്ചിയിൽ ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്. ആദ്യ പകുതിയിൽ 41-ാം മിനിറ്റിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെടുത്ത കോർണർ കിക്കിൽ നിന്ന് മിലോസ് ഡ്രിൻസിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ നേടിയത്. കൊമ്പന്മാർ എട്ട് മത്സരങ്ങളിൽ 16 പോയന്റുമായി എഫ് സി ഗോവയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്.
സീസണിൽ ഒറ്റക്കളിയും ജയിച്ചില്ലെന്ന നാണക്കേട് മായ്ക്കാൻ മുൻ ചാമ്പ്യന്മാരായ ഹൈദരാബാദിന് കൊച്ചിയിലും കഴിഞ്ഞില്ല. തുടക്കം മുതൽ പന്തടക്കത്തിലും പാസിംഗിലും ബ്ലാസ്റ്റേഴ്‌സിനൊപ്പം പിടിച്ചെങ്കിലും സമനിലപോലും നേടാനായില്ല. കളിയുടെ അവസാന സെക്കൻഡിൽ ഹൈദരാബാദ് താരം റാംഹ്‌ളുചുങയുടെ ഗോളെന്നുറച്ച ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിൻ സുരേഷ് അവിശ്വസനീയമായി തട്ടിയകറ്റിയതുകൊമ്പന്മാർക്ക് ഭാഗ്യമായി.
അവസാന നിമിഷങ്ങളിൽ ഹൈദരാബാദ് സമനില ഗോളിനായി കണ്ണുംപൂട്ടി ആക്രമിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് ഗോൾമുഖം വിറച്ചെങ്കിലും ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. തുടക്കം മുതൽ ഇരു ടീമുകളും ആക്രമണങ്ങളുമായി മുന്നേറിയപ്പോൾ ബലാബലത്തിൽ ഒപ്പത്തിനൊപ്പമായിരുന്നു. മൂന്നാം മിനിറ്റിൽ ഹൈദരാബാദും നാലാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സും എതിർ പാളയത്തിൽ ഫ്രീ കിക്ക് നേടിയെങ്കിലും ഗോളിലേക്ക് വഴി തുറന്നില്ല. ഒമ്പതാം മിനിറ്റിൽ ഡിൻസിച്ച് മഞ്ഞക്കാർഡ് കണ്ടു.
കളിയുടെ അവസാന നിമിഷങ്ങളിൽ ഇരു ടീമുകളും പരുക്കൻ കളി പുറത്തെടുത്തതോടെ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം രാഹുൽ കെ പി അടക്കമുള്ള താരങ്ങളും മഞ്ഞക്കാർഡ് കണ്ടു. ഗോൾ പോസ്റ്റിന് മുന്നിൽ വന്മതിലായി നിന്ന സച്ചിൻ സുരേഷിന്റെ മിന്നും സേവുകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം സാധ്യമാക്കിയത്. കഴിഞ്ഞ സീസണിൽ കൊച്ചിയിലേറ്റ തോൽവിക്കുള്ള മധുരപ്രതികാരം കൂടിയായി ബ്ലാസ്റ്റേഴ്‌സിന്റെ വിജയം.
സ്പോർട്സ് ഡെസ്ക്