ബ്യൂണസ് ഐറിസ്: 2022 ഫിഫ ഫുട്‌ബോൾ ലോകകപ്പിൽ അർജന്റീന മുത്തമിട്ടപ്പോൾ അടുത്ത ലോകകപ്പിൽ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ചർച്ച ചെയ്തത്. എന്നാൽ മെസ്സി അതിനെ കുറിച്ച് വ്യക്തത വരുത്തിയിരുന്നില്ല. എന്നാൽ ആദ്യമായി 2026 ലോകകപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം തുറന്നുസമ്മതിച്ചിരിക്കുകയാണ് അർജന്റീന നായകൻ ലയണൽ മെസ്സി.

ഇപ്പോൾ കോപ്പ അമേരിക്ക കിരീടം നിലനിർത്തുക എന്നതിനാണ് മുൻഗണനയെന്നും നന്നായി കളിക്കാനായാൽ തുടരാൻ സാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേ അർജന്റീനയെ 2022 ലോകകപ്പ് ജയത്തിലേക്ക് നയിച്ച ശേഷം ഇതായിരിക്കും തന്റെ അവസാന ലോകകപ്പെന്ന സൂചനകൾ മെസ്സി നൽകിയിരുന്നു. ആദ്യമായാണ് ഇപ്പോൾ അടുത്ത ലോകകപ്പിലും കളിക്കാനുള്ള ആഗ്രഹം താരം തുറന്നുപറഞ്ഞിരിക്കുന്നത്.

ആരാധകരുടെ ആവശ്യത്തിന് പ്രതീക്ഷ നൽകുന്ന വിവരങ്ങളാണ് മെസ്സി നൽകുന്നത്. ലോകകപ്പിനുണ്ടാവുമെന്നാണ് മെസ്സി നൽകുന്ന സൂചന ''നന്നായി കളിക്കാനും ടീമിനായി അവസരങ്ങളൊരുക്കാനും സാധിക്കുന്നിടത്തോളം കാലം ഞാൻ അർജന്റീന ജേഴ്സിയിലുണ്ടാവും. അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റ് കളിക്കുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധ. ലോകകപ്പിന് ഞാൻ ഉണ്ടാകുമോ ഇല്ലയോ എന്നുള്ളത് കാലം തെളിയിക്കും. അടുത്ത ലോകകപ്പ് ആവുമ്പോൾ എനിക്ക് 39 വയസാവും. ലോകകപ്പ് പോലൊരു ടൂർണമെന്റിൽ കളിക്കാൻ കഴിയുന്ന പ്രായമല്ലത്.'' മെസ്സി വ്യക്തമാക്കി.

ഇപ്പോൾ അനുവഭിക്കുന്ന ആനന്ദത്തെ കുറിച്ചും മെസി സംസാരിച്ചു. ''2022 ലോകകപ്പിനു ശേഷം ഞാൻ വിരമിക്കാനായിരുന്നു കരുതിയിരഗുന്നത്. എന്നാലിപ്പോൾ മറ്റെന്തിനേക്കാളും ടീമിനൊപ്പം നിൽക്കാനാണ് തോന്നുന്നത്. ഞങ്ങളിപ്പോൾ സവിശേമായ സമയത്തിലൂടെ കടന്നുപോവുകയാണ്. അത് പൂർണ്ണമായി ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കോപ്പ അമേരിക്കയിൽ നന്നായി കളിക്കാൻ സാധിച്ചേക്കാം. അതുവഴി ലോകകപ്പ് കഴിയുന്നത് വരെ എനിക്ക് തുടരാനും സാധിച്ചേക്കാം, അല്ലെന്നും വരാം. കണക്കുകൂട്ടാൻ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണത്.'' - ഇഎസ്‌പിഎന്നിന് അനുവദിച്ച അഭിമുഖത്തിൽ മെ്സ്സി പറഞ്ഞു.

അടുത്തിടെ പുറത്തുവന്ന ഫിഫ റാങ്കിംഗിൽ അർജന്റീന ഒന്നാംസ്ഥാനം നിലനിർത്തിയിരുന്നു. തുടർ തോൽവികൾക്ക് പിന്നാലെ ബ്രസീൽ മൂന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് വീണു. ഈ ഇന്റർ നാഷണൽ ബ്രേക്കിൽ ബ്രസീൽ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. ഇതാണ് ബ്രസീലിന് റാങ്കിംഗിൽ തിരിച്ചടിയായത്. 2023 ഏപ്രിലിലെ റാങ്കിംഗിലാണ് അർജന്റീന ബ്രസീലിനെ മറികടന്ന് ഒന്നാമതെത്തിയത്.