- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തർ ലോകകപ്പ് ഫൈനലിന്റെ തനിയാവർത്തനം പോലെ; പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ കീഴടക്കി; കൗമാര ഫുട്‌ബോൾ ലോകകിരീടത്തിൽ മുത്തമിട്ട് ജർമനി; അണ്ടർ 17 ലോകകപ്പിൽ ജർമ്മനി ചാമ്പ്യന്മാരാകുന്നത് ആദ്യമായി
ജക്കാർത്ത: ഖത്തർ ലോകകപ്പ് ഫൈനലിന്റെ തനിയാവർത്തനം പോലെ കലാശപ്പോരിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി അണ്ടർ 17 ലോകകപ്പ് ഫുട്‌ബോൾ ചാമ്പ്യന്മാരായി ജർമ്മനി. കൗമാരഫുട്ബോൾ ലോകകിരീടത്തിൽ ആദ്യമായാണ് ജർമ്‌നി മുത്തമിടുന്നത്. നിശ്ചിത 90-മിനിറ്റിൽ ഇരുടീമുകളും രണ്ട് ഗോൾവീതമടിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. ഷൂട്ടൗട്ടിൽ 4-3 നാണ് ജർമനിയുടെ ജയം. രണ്ടാം ലോകകിരീടം മോഹിച്ചെത്തിയ ഫ്രാൻസ് യുവനിര നിരാശയോടെ മടങ്ങി.
ഖത്തറിലെ ലോകകപ്പ് ഫൈനൽ ഓർമിപ്പിക്കും വിധമായിരുന്നു അണ്ടർ 17 ലോകകപ്പിന്റെയും ഫൈനൽ നടന്നത്. ആദ്യം ജർമ്മനി രണ്ട് ഗോളിന് മുന്നിലെത്തി. അതിൽ ആദ്യത്തെ ഗോൾ പിറന്നത് പെനാൽറ്റിയിലൂടെയാണ്. 29-ാം മിനിറ്റിൽ പാരീസ് ബ്രണ്ണർ ജർമ്മനിയെ മുന്നിലെത്തിച്ചു. ഈ ഒരൊറ്റ ഗോളിൽ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയിലാണ് മത്സരത്തിലെ നാടകീയത ഉണ്ടായത്. 51-ാം മിനിറ്റിൽ നോഹ ഡാർവിച്ച് ജർമ്മനിയെ വീണ്ടും മുന്നിലെത്തിച്ചു. 2-0ത്തിന്റെ ലീഡ് ജർമ്മനിക്ക് വലിയ ആത്മവിശ്വാസം നൽകി. പക്ഷേ പിന്നീടങ്ങോട്ട് ജർമ്മനി മത്സരം കൈവിട്ടു തുടങ്ങി. ഫ്രാൻസിന്റെ ആദ്യ മറുപടി 53-ാം മിനിറ്റിൽ വന്നു. സൈമൺ നഡെലിയ ബൗബ്രെ വലചലിപ്പിച്ചു. സമനില ഗോളിനായി ഫ്രാൻസിന് 85-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. മാത്തിസ് അമുഗൗ ഫ്രാൻസിനെ ജർമ്മൻ പടയ്‌ക്കൊപ്പമെത്തിച്ചു.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ജർമനി മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. നാലാം മിനിറ്റിൽ വലകുലുക്കിയെങ്കിലും ഓഫ്സൈഡായതിനാൽ ഗോൾ നിഷേധിച്ചു. ജർമൻ മുന്നേറ്റനിര പലതവണ ഫ്രാൻസ് പെനാൽറ്റി ബോക്സിനുള്ളിലേക്ക് ഇരച്ചെത്തി. ഫ്രഞ്ച് പ്രതിരോധം ആക്രമണങ്ങളെ തടയാൻ നന്നായി വിയർത്തു. 29-ാം മിനിറ്റിൽ ജർമനി ആദ്യ ഗോൾ കണ്ടെത്തി.
പെനാൽറ്റിയിലൂടെ പാരിസ് ബ്രൂണറാണ് ജർമനിക്കായി ലക്ഷ്യം കണ്ടത്. ജർമൻ റൈറ്റ്ബാക്ക് എറിക് ഡാ സിൽവയെ ഫ്രഞ്ച് താരം അയ്മൻ സദി പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്. നീണ്ട വാർ പരിശോധനയ്ക്ക് ശേഷമാണ് റഫറി പെനാൽറ്റി അനുവദിച്ചത്. ലീഡെടുത്തതിന് ശേഷവും ജർമനി മൈതാനത്ത് ആധിപത്യം പുലർത്തുന്നതാണ് കാണാനായത്. ആദ്യ പകുതി ഒരു ഗോളിന് മുന്നിട്ടു നിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ജർമനി വീണ്ടും വലകുലുക്കി. 51-ാം മിനിറ്റിൽ നോവ ഡാർവിച്ചാണ് ഗോൾ കണ്ടെത്തിയത്. മുന്നേറ്റത്തിനൊടുക്കം സ്ട്രൈക്കർ മാക്സ് മോർസ്റ്റഡ് വലതുവിങ്ങിൽ നിന്ന് നൽകിയ പന്ത് ഡാർവിച്ച് വലയിലാക്കി. എന്നാൽ ജർമനിയുടെ ഗോളാഘോഷത്തിന് പിന്നാലെ ഫ്രാൻസിന്റെ മറുപടിയെത്തി. 53-ാം മിനിറ്റിൽ സൈമോൺ ബുവാബ്രിയാണ് ഗോളടിച്ചത്. ഇടതുവിങ്ങിലൂടെ മുന്നേറിയ താരം ബോക്സിനുള്ളിൽ വെച്ച് പ്രതിരോധതാരങ്ങളുടെ കാലിനിടയിലൂടെ അവിശ്വസനീയമാംവിധത്തിലാണ് പന്ത് ലക്ഷ്യത്തിലെത്തിച്ചത്. പിന്നാലെ മത്സരം സമനിലയിലാക്കാൻ ഫ്രാൻസ് ആക്രമണങ്ങൾ ശക്തമാക്കി.
69-ാം മിനിറ്റിൽ ജർമൻ മധ്യനിരതാരം മാർക് ഒസാവെ രണ്ടാം മഞ്ഞക്കാർഡ് കിട്ടി പുറത്തുപോയത് ജർമനിക്ക് തിരിച്ചടിയായി. 85-ാം മിനിറ്റിൽ രണ്ടാം ഗോൾ കണ്ടെത്തി മത്സരം ഫ്രഞ്ച്പട സമനിലയിലാക്കി. മാത്തിസ് അമൗഗൗവാണ് ഫ്രാൻസിനായി വലകുലുക്കിയത്. പിന്നീട് ഇരുടീമുകൾക്കും ഗോൾ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ മത്സരം സമനിലയിലായി. വിജയികളെ കണ്ടെത്താൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടി വന്നു. ഷൂട്ടൗട്ടിൽ 4-3 ന് ഫ്രാൻസിനെ തകർത്ത് ജർമനി കിരീടത്തിൽ മുത്തമിട്ടു. കൗമാരഫുട്ബോൾ ലോകകപ്പിലെ ജർമനിയുടെ ആദ്യ കിരീടമാണിത്.
സ്പോർട്സ് ഡെസ്ക്