മുംബൈ: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് വീണ്ടും വിലക്കും പിഴയും. റഫറിമാരെ വിമർശിച്ചതിനാണ് അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷൻ (എഐഎഫ്എഫ്) പരിശീലകനെതിരേ നടപടിയെടുത്തിരിക്കുന്നത്. ഒരു മത്സരത്തിൽ നിന്ന് വിലക്കും 50,000 രൂപ പിഴയുമാണ് ചുമത്തിയത്. എഐഎഫ്എഫിന്റെ അച്ചടക്ക സമിതിയാണ് നടപടിയെടുത്തത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ വ്യാഴാഴ്‌ച്ച പഞ്ചാബ് എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ് നടപടി. ടീമിന് തന്ത്രങ്ങൾ പറഞ്ഞുകൊടുക്കാൻ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് ടീമിനൊപ്പമുണ്ടാവില്ല. 

ചെന്നൈയിൻ എഫ്.സിക്കെതിരായ മത്സരത്തിനു ശേഷം റഫറിമാർക്കെതിരേ നടത്തിയ പരാമർശമാണ് നടപടിക്ക് കാരണമായത്. മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ റഫറിമാരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകൾ എടുത്ത് പറഞ്ഞായിരുന്നു വിമർശനം. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ പിന്നാക്കം പോയാൽ അതിന്റെ ഉത്തരവാദികൾ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

കഴിഞ്ഞ സീസൺ ഐഎസ്എല്ലിനിടയിലും വുകോമാനോവിച്ചിന് വിലക്കുണ്ടായിരുന്നു. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയുമാണ് ചുമത്തിയത്. വുകോമനോവിച്ച് രണ്ടാഴ്ചയ്ക്കകം അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മാർച്ച് മുപ്പത്തിയൊന്നിനാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പിഴ ചുമത്തിയത്. നാല് കോടിയായിരുന്നു ബ്ലാസ്റ്റേഴ്സിന് പിഴ.

പിഴശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ അപ്പീൽ തള്ളിയിരുന്നു. നാല് കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റി പിന്നീട് വ്യക്തമാക്കി.

മാർച്ച് മൂന്നിന് നടന്ന പ്ലേ ഓഫ് മത്സരത്തിലാണ് റഫറിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ചും താരങ്ങളും മൈതാനം വിട്ടത്. സംഭവത്തിൽ ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപ പിഴ ചുമത്തുകയായിരുന്നു അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ.

ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിൽ ആറാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബോക്സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റൻ സുനിൽ ഛേത്രി തിടുക്കത്തിൽ എടുക്കുകയായിരുന്നു. ഇത് ഗോളല്ല എന്ന് വാദിച്ച് റഫറി ക്രിസ്റ്റൽ ജോണുമായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ തർക്കിച്ചെങ്കിലും അദേഹം തീരുമാനത്തിൽ ഉറച്ചുനിന്നു. പിന്നാലെ ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കാതെ കളംവിട്ടപ്പോൾ 1-0ന് കളി ജയിച്ച് ബെംഗളൂരു എഫ്സി സെമിയിൽ എത്തി.