- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് പന്തു തട്ടാൻ മെസ്സിയെത്തും; അർജന്റീന ടീം രണ്ട് മത്സരങ്ങൾ കളിക്കും: മന്ത്രി
തിരുവനന്തപുരം: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി കേരളത്തിൽ സൗഹൃദ ഫുട്‌ബോൾ മത്സരത്തിനായി എത്തുമെന്ന് സ്ഥിരീകരിച്ച് മന്ത്രി വി. അബ്ദുറഹിമാൻ. 2025ലായിരിക്കും സൗഹൃദ മത്സരത്തിനായി അർജന്റീന ടീം കേരളത്തിലെത്തുക. മലപ്പുറത്തെ സ്റ്റേഡിയത്തിന്റെ നിർമ്മാണം ആ സമയം പൂർത്തിയാകുമെന്നും അവിടെ ഉദ്ഘാടന മത്സരമായി അർജന്റീനയുടെ സൗഹൃദ മത്സരം നടത്താനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു.
"അർജന്റീന ഫുട്‌ബോൾ ടീമിനൊപ്പം ലയണൽ മെസ്സിയും കേരളത്തിലെത്തും. മലപ്പുറത്തെ സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചിക്കുന്നത്. അപ്പോഴേക്കും സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു." കായിക മന്ത്രി പ്രതികരിച്ചു. ലോകകപ്പ് ജയിച്ച അർജന്റീന ടീം അംഗങ്ങൾ മുഴുവൻ കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.
അർജന്റീന ടീം കേരളത്തിൽ രണ്ട് സൗഹൃദ ഫുട്‌ബോൾ മത്സരങ്ങൾ കളിക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അടുത്ത വർഷം ഒക്ടോബറിലാണ് മെസ്സിയും ടീമും കേരളത്തിലെത്തുകയെന്ന് മന്ത്രി ഫേസ്‌ബുക് പോസ്റ്റിലൂടെ അറിയിച്ചു. ഇന്നലെ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രതിനിധികളുമായി നടന്ന ഓൺലൈൻ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. നേരത്തേ ജൂണിൽ കളിക്കാനെത്തുമെന്നാണ് അർജന്റീന ടീം അറിയിച്ചിരുന്നത്.
എന്നാൽ, ആ സമയം മൺസൂൺ കാലമായതിനാൽ കേരള പ്രതിനിധികൾ പ്രയാസം അറിയിക്കുകയായിരുന്നു. ഇതോടെയാണ് അടുത്ത വർഷം ഒക്ടോബറിൽ കളിക്കാനെത്താൻ അർജന്റീന സമ്മതിച്ചത്. കേരളവുമായി ഫുട്‌ബോൾ മേഖലയിൽ സജീവമായ സഹകരണത്തിനുള്ള സന്നദ്ധതയും അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ നടത്തുന്ന 'ഗോൾ' പരിശീലന പദ്ധതിയുമായി ചേർന്ന് 5,000 കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകും. അർജന്റീന ദേശീയ ടീമിന്റെ ഇന്റർനാഷനൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസുമായാണ് മന്ത്രി ഉൾപ്പെടുന്ന കേരളസംഘം ചർച്ച നടത്തിയത്. സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണവ് ജ്യോതിനാഥ്, കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
2022ലെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യയിൽ നിന്ന് ലഭിച്ച പിന്തുണക്ക് നന്ദി അറിയിക്കാനായി ഇന്ത്യയിൽ സൗഹൃദ മത്സരം കളിക്കാൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ താൽപര്യം അറിയിച്ചിരുന്നെങ്കിലും ഭീമമായ ചെലവ് താങ്ങാനാകില്ലെന്നും സ്‌പോൺസർമാരെ കണ്ടെത്താനായില്ലെന്നും വ്യക്തമാക്കി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ഇത് നിരസിച്ചിരുന്നു.
ഇത് കേരളത്തിലെ ഫുട്ബോൾ പ്രേമികളിൽ പ്രത്യേകിച്ചും അർജന്റീന ആരാധകരിൽ സൃഷ്ടിച്ച നിരാശയാണ് മെസിയെയും സംഘത്തെയും കേരളത്തിലേക്ക് ക്ഷണിക്കാൻ പ്രേരണയായതെന്ന് വി അബ്ദുൾ റഹിമാൻ ഇന്നലെ ഫേസ്‌ബുക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
അർജന്റീന ദേശീയ ഫുട്‌ബോൾ ടീമിന്റെ ഇന്റർനാഷണൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ് സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ എ എസ് കെ എഫ് എ സംസ്ഥാന പ്രസിഡന്റ് നവാസ് മീരാൻ അടക്കമുള്ള പ്രതിനിധികൾ പങ്കെടുത്ത ചർച്ചയിലാണ് കേരളത്തിലെ ഫുട്‌ബോൾ ആരാധകരെ ആവേശത്തിലാഴ്‌ത്തുന്ന തീരുമാനമുണ്ടായത്.