- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെസ്സിയെ കളിപ്പിച്ചില്ല രോഷാകുലരായി ഹോങ്കോങിലെ ആരാധകർ
ഹോങ്കോങ്: ഹോങ്കോങ് ഇലവൻ - ഇന്റർ മയാമി സൗഹൃദ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയെ കളിപ്പിക്കാതിരുന്നതിന് എതിരെ ഹോങ്കോങ്ങിൽ ആരാധകരുടെ കനത്ത പ്രതിഷേധം. കളി കാണാനായി തിങ്ങിനിറഞ്ഞ 40,000 കാണികളെ നിരാശരാക്കിയെന്നും ഹോങ്കോങ്ങിനെ മെസ്സി വിലമതിച്ചില്ലെന്നും ആരോപണങ്ങളുയർന്നു. കോപാകുലരായ ആരാധകർ, മെസ്സിയുടെ ഫ്ളക്സുകളും കട്ടൗട്ടുകളും തകർത്തു.
മെസ്സിയെ മത്സരത്തിൽ കളിപ്പിക്കാത്തതിൽ സംഘാടകർക്കെതിരെ നിയമനടപടിക്കൊരുങ്ങി ഹോങ്കോങ് സർക്കാർ. ടിക്കറ്റ് തുക തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് ആരാധകരും രംഗത്തുവന്നു. ഇന്റർ മയാമിയുടെ ഹോങ്കോങ് പര്യടനത്തിനിടെ ഹോങ്കോങ് ഇലവനുമായുള്ള മത്സരത്തിൽ മെസ്സി ഇറങ്ങുമെന്നായിരുന്നു സംഘാടകരായ ടാറ്റ്ലർ ഏഷ്യ അറിയിച്ചിരുന്നത്. ഇതിന്റെ പേരിൽ മാത്രം, 30 ലക്ഷം യു.എസ് ഡോളറാണ് (ഏകദേശം 25 കോടി രൂപ) സർക്കാർ സഹായമായി നൽകിയത്. മത്സര നടത്തിപ്പിനും വേദിയൊരുക്കുന്നതിനും കാണികളെ നിയന്ത്രിക്കുന്നതിലുമെല്ലാം സർക്കാർ സഹായം നൽകുകയും ചെയ്തു.
എന്നാൽ, മെസ്സി മാത്രമല്ല മറ്റൊരു പ്രമുഖ താരമായ ലൂയി സുവാരസും കളത്തിലിറങ്ങിയില്ല. സംഘാടകർ വാക്കു പാലിക്കാത്തതിനാൽ ഈ തുക തിരിച്ചടക്കാൻ ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. മത്സരത്തിൽ ഇന്റർ മയാമി 4-1ന് വിജയിച്ചിരുന്നു. തുടർച്ചയായി അഞ്ചു കളികളിൽ ജയിക്കാതെ പതറിയ ടീമിന് ഈ ജയം ആശ്വാസത്തിന് വക നൽകി.
എന്നാൽ മത്സരത്തിൽ മെസ്സി 90 മിനിറ്റും സൈഡ് ബെഞ്ചിൽ തന്നെ ഇരുന്നു. ഇതാണ് ആരാധകരെ പ്രകോപിതരാക്കിയത്. 8,300 മുതൽ 50,000 വരെയായിരുന്നു ടിക്കറ്റ് വില. മെസ്സി ഇറങ്ങാതിരുന്നതോടെ ടിക്കറ്റ് വില തിരിച്ചു ചോദിച്ചും പ്രതിഷേധങ്ങളുണ്ടായി.
ടീമിൽ പകരക്കാരുടെ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും സൈഡ് ലൈനിലിരുന്ന് കളി കാണുക മാത്രമാണ് ചെയ്തത്. സംഭവത്തിൽ തർക്കമുന്നയിച്ച് ഹോങ്കോങ് സർക്കാർ രംഗത്തെത്തി. കരാറിൽ മെസ്സി 45 മിനിറ്റെങ്കിലും കളിക്കുമെന്ന് പ്രത്യേകമായി അറിയിച്ചിരുന്നെന്നും പരിക്കോ മറ്റോ ഉണ്ടെങ്കിൽ മാത്രമേ ഇതിൽ മാറ്റമുണ്ടാകൂ എന്ന് അറിയിച്ചിരുന്നെന്നും സർക്കാർ പറഞ്ഞു. അതിനാൽ 25 കോടിയോളം രൂപ സർക്കാർ സഹായമായി നൽകിയിരുന്നു. ഇത് തിരിച്ചുവാങ്ങാനുള്ള നടപടികളിലാണ് സർക്കാർ ഇപ്പോൾ.
കളിയുടെ രണ്ടാം പകുതിയിലെത്തിയതോടെ ഗ്യാലറിയുടെ മട്ടും ഭാവവും മാറി. മെസ്സി ഇറങ്ങുന്നതിനുവേണ്ടിയുള്ള മുറവിളികൾ ഉയർന്നു. ട്രെയ്നഴ്സ് വിയറും ട്രാക്സ്യൂട്ടും ധരിച്ചാണ് മെസ്സി സൈഡ്ലൈനിലിരുന്നത്. അതേസമയം മറ്റു സബ്സ്റ്റിറ്റിയൂട്ടർമാരെല്ലാം ഫുട്ബോൾ ബൂട്ട്സും ഷോട്ട്സും ധരിച്ചിരുന്നു. മെസ്സിയും സുവാരസും അവസാനം വരെ ഇറങ്ങിയില്ല.
മത്സരത്തിന്റെ തുടക്കത്തിൽ 'ഞങ്ങൾക്ക് മെസ്സിയെ വേണമെന്നായിരുന്നു ഗാലറിയിൽനിന്ന് ഉയർന്ന ശബ്ദങ്ങൾ. ഇത് പതിയെപ്പതിയെ 'മെസ്സിയെവിടെ' എന്ന ചോദ്യത്തിലേക്ക് വഴിമാറി. അവസാന വിസിൽ മുഴങ്ങിയതോടെ 'റീഫണ്ട്, റീഫണ്ട്' എന്നായി. മത്സരത്തിന് മുൻപ് ഡേവിഡ് ബെക്കാമിനെ ഹർഷാരവങ്ങളോടെയാണ് വരവേറ്റിരുന്നത്. എന്നാൽ മത്സരം അവസാനിച്ച് സ്റ്റേഡിയത്തെ അഭിസംബോധ ചെയ്യുന്നതിനിടെ, ബെക്കാമിന് കൂക്കിവിളികളും തെറിയഭിഷേകങ്ങളുമാണ് ലഭിച്ചത്.