- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് പോരാട്ടത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പ്രാഥമികറൗണ്ടിൽ ടീമിനെ നയിച്ച കെ.എസ്.ഇ.ബി.യുടെ മധ്യനിര താരം നിജോ ഗിൽബർട്ട് തന്നെയാണ് നായകൻ. മൂന്നാംതവണയാണ് നിജോ ടീമിൽ ഇടംപിടിക്കുന്നത്. കേരള പൊലീസിന്റെ ജി. സഞ്ജുവാണ് വൈസ് ക്യാപ്റ്റൻ.
പ്രാഥമികറൗണ്ടിൽ കളിച്ച ടീമിൽനിന്ന് മൂന്ന് മാറ്റങ്ങളോടെയാണ് ഫൈനൽ റൗണ്ടിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. എം. റാഷിദ്, ബിജേഷ് ബാലൻ, ജുനൈൻ എന്നിവർക്ക് പകരം അഖിൽ ജെ. ചന്ദ്രൻ, ഗിഫ്റ്റി ഗ്രേഷ്യസ്, മുഹമ്മദ് സഫ്നീദ് എന്നിവർ ടീമിലെത്തി. സാറ്റ് തിരൂരിന്റെ താരമായ സഫ്നീദാണ് ടീമിലെത്തിയ ഏക പുതുമുഖം.
സതീവൻ ബാലൻ പരിശീലിപ്പിക്കുന്ന ടീമിൽ യുവത്വത്തിന്റെ പ്രസരിപ്പിനാണ് പ്രാധാന്യം. അരുണാചൽ പ്രദേശിൽ 21-ന് തുടങ്ങുന്ന സന്തോഷ് ട്രോഫിയിൽ ആതിഥേയർക്കൊപ്പം ഗ്രൂപ്പ് എയിലാണ് കേരളം കളിക്കുന്നത്. ഗോവ, മേഘാലയ, അസം, സർവീസസ് ടീമുകളാണ് ഈ ഗ്രൂപ്പിലെ മറ്റ് എതിരാളികൾ.
കേരള ടീം: മുഹമ്മദ് അസ്ഹർ, സിദ്ധാർത്ഥ് രാജീവൻ, മുഹമ്മദ് നിഷാദ് (ഗോൾകീപ്പർ), ബെൽജിൻ ബോൽസ്റ്റർ, ജി, സഞ്ജു, ആർ. ഷിനു, മുഹമ്മദ് സലിം, കെ.പി. ശരത്, നിതിൻ മധു, അഖിൽ ജെ. ചന്ദ്രൻ, വി.ആർ. സുജിത് (പ്രതിരോധം), വി. അർജുൻ, ജി. ജിതിൻ, ഗിഫ്റ്റി ഗ്രേഷ്യസ്, മുഹമ്മദ് സഫ്നീദ്, നിജോ ഗിൽബർട്ട്, അബ്ദു റഹീം (മധ്യനിര) അക്ബർ സിദ്ദിഖ്, ഇ. സജീഷ്, മുഹമ്മദ് ആഷിഖ്, ബി. നരേഷ്, റിസ്വാൻ അലി (മുന്നേറ്റം) എന്നിവരാണ് ടീമംഗങ്ങൾ.
പി.കെ. അസീസ് (സഹപരിശീലകൻ), ഹർഷൽ റഹ്മാൻ (ഗോൾ കീപ്പർ കോച്ച്), ഡോ. സുധീർകുമാർ (മാനേജർ), റോഡ്രിഗസ് നെല്ലിശ്ശേരി (ഫിസിയോ) എന്നിവരാണ് സപ്പോർട്ട് സ്റ്റാഫുകൾ. 21-ന് അസമുമായാണ് കേരളത്തിന്റെ ആദ്യ കളി. കേരള ടീം 17-ന് രാത്രി കൊച്ചിയിൽ നിന്ന് അരുണാചൽ പ്രദേശിലേക്ക് യാത്ര തിരിക്കും. എറണാകുളത്ത് നടന്ന ടീം പ്രഖ്യാപന ചടങ്ങിൽ കെ.എഫ്.എ. പ്രസിഡന്റ് നവാസ് മീരാൻ, ഹോണററി പ്രസിഡന്റ് ടോം ജോസ്, ജനറൽ സെക്രട്ടറി പി. അനിൽ കുമാർ, ട്രഷറർ റെജിനോൾഡ് വർഗീസ്, ഡി.എഫ്.എ. സെക്രട്ടറി വിജു ചൂളക്കൽ, സ്കോർലൈൻ സ്പോർട്സ് പ്രതിനിധി ഫിറോസ് മീരാൻ എന്നിവർ പങ്കെടുത്തു.