സന്തോഷ് ട്രോഫിയിൽ ക്വാർട്ടർ ബർത്ത് ഉറപ്പിച്ച് കേരളം
- Share
- Tweet
- Telegram
- LinkedIniiiii
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ക്വാർട്ടർ ബർത്ത് ഉറപ്പിച്ച് കേരളം. ഗ്രൂപ്പ് എയിൽ ബുധനാഴ്ച നടന്ന മേഘാലയ - ഗോവ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചതോടെയാണ് കേരളം ഗ്രൂപ്പിൽ നിന്ന് ക്വാർട്ടർ ഉറപ്പാക്കിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സർവീസസ് എതിരില്ലാത്ത രണ്ട് ഗോളിന് അസമിനെ പരാജയപ്പെടുത്തി. ഇതോടെ ഗ്രൂപ്പ് എയിൽ നിന്ന് സർവീസസ്, ഗോവ ടീമുകൾക്കൊപ്പം കേരളവും അസമും ക്വാർട്ടറിലെത്തുകയായിരുന്നു. മേഘാലയയും അരുണാചലും പുറത്തായി. ഗ്രൂപ്പ് ജേതാക്കളെ അറിയാൻ അവസാന റൗണ്ട് മത്സരം വരെ കാത്തിരിക്കണം.
നിലവിൽ നാല് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്ന് ജയവും ഒരു തോൽവിയുമായി ഒമ്പത് പോയന്റോടെ സർവീസസാണ് ഒന്നാമത്. എട്ട് പോയന്റുള്ള ഗോവ രണ്ടാമതും ഏഴ് പോയന്റുമായി കേരളം മൂന്നാമതുമാണ്. ആറ് പോയന്റുള്ള അസം നാലാമതായും ക്വാർട്ടറിലെത്തി. ഗ്രൂപ്പിൽ നിന്ന് നാല് ടീമുകൾക്കാണ് ക്വാർട്ടർ ബർത്ത്.
ബുധനാഴ്ച നടന്ന മത്സരത്തിൽ കേരളം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആതിഥേയരായ അരുണാചലിനെ പരാജയപ്പെടുത്തിയിരുന്നു. 35-ാം മിനിറ്റിൽ ഹെഡറിലൂടെ ആഷിഖും 52-ാം മിനിറ്റിൽ വി. അർജുനുമാണ് കേരളത്തിനായി സ്കോർ ചെയ്തത്.