- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെസ്സി ചാന്റിൽ അശ്ലീല ആംഗ്യം കാണിച്ച റൊണാൾഡോയ്ക്ക് വിലക്കും പിഴയും
റിയാദ്: സൗദി ഫുട്ബോൾ പ്രോ ലീഗ് മത്സരത്തിനിടെ ആരാധകർ ഗാലറിയിൽനിന്ന് ലയണൽ മെസ്സിയുടെ പേര് ചാന്റ് ചെയ്തതിന് അശ്ലീല ആംഗ്യം കാണിച്ച സംഭവത്തിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ. ഒരു കളിയിലാണ് ലീഗിൽ അൽ നസ്ർ ക്ലബിന്റെ താരമായ റോണോയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം 30,000 സൗദി റിയാൽ പിഴയും ക്രിസ്റ്റ്യാനോയ്ക്ക് എതിരെ ചുമത്തിയിട്ടുണ്ട് എന്ന് രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നടപടിയിന്മേൽ ക്രിസ്റ്റ്യാനോയ്ക്ക് അപ്പീൽ നൽകാൻ അവസരമില്ലെന്ന് സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കിയിട്ടുണ്ട്.
അൽ ഷബാബ് എഫ്.സിക്കെതിരായ കഴിഞ്ഞ മത്സരത്തിനിടെയാണ് ആരാധകർ 'മെസി, മെസി' ചാന്റിങ് നടത്തി ക്രിസ്റ്റ്യാനോയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു. മത്സര ശേഷം ഗ്യാലറിയിലേക്ക് തിരിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. ഈ നടപടിയാണ് സൂപ്പർ താരത്തിന് തിരിച്ചടിയായത്.
ക്രിസ്റ്റ്യാനോയുടെ മോശം ആംഗ്യം മൈതാനത്തെ ടെലിവിഷൻ ക്യാമറകളിൽ കാണിച്ചില്ലെങ്കിലും ഗ്യാലറിയിലെ ചില ആരാധകർ പകർത്തിയ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ സംഭവത്തിൽ സിആർ7നെതിരെ നടപടി ഉറപ്പായിരുന്നു. സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മോശം പെരുമാറ്റത്തിൽ വിവാദത്തിലാവുന്നത് ഇതാദ്യമല്ല. 2023 ഏപ്രിലിൽ അൽ ഹിലാലിനെതിരായ മത്സരത്തിന് ശേഷം ഡഗൗട്ടിലേക്ക് മടങ്ങവേ ക്രിസ്റ്റ്യാനോ കാട്ടിയ ആംഗ്യവും വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.
താരം സൗദി ഫുട്ബോൾ ഫെഡറേഷന് 10,000 സൗദി റിയാലും, അൽ ഷബാബിന് 20,000 റിയാലും (ആകെ ആറര ലക്ഷം രൂപ) പിഴ നൽകേണ്ടിവരുമെന്ന് സൗദി ഫുട്ബോൾ ഫെഡറേഷന്റെ ഡിസിപ്ലിനറി ആൻഡ് എത്തിക്സ് കമ്മിറ്റി അറിയിച്ചു. കൂടാതെ, ഈ തീരുമാനം അപ്പീലിന് വിധേയമല്ല. ആരോപണവിധേയമായ സംഭവം ടെലിവിഷൻ ക്യാമറകൾ പകർത്തിയില്ല. എന്നാൽ അതിനുശേഷം മുൻ കളിക്കാരും കമന്റേറ്റർമാരും ഇതിനെ വിമർശിച്ചിരുന്നു.
യൂറോപ്പിൽ ഇത് വിജയത്തിന്റെ ഒരു ആംഗ്യമാണെന്നും അവിടെ ഇതെല്ലാം സാധാരണമാണെന്നും റൊണാൾഡോ കമ്മിറ്റിയെ അറിയിച്ചിരുന്നു. വിശദീകരണത്തിൽ തൃപ്തരാകാതിരുന്ന ഡിസിപ്ലിനറി ആൻഡ് എത്തിക്സ് കമ്മിറ്റി താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. 175 മില്യൺ പൗണ്ട് വാർഷിക പ്രതിഫലത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസർ എഫ്.സിയിൽ എത്തിയത്.
സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ റൊണാൾഡോ ചേർന്നതു മുതൽ തന്നെ മെസ്സിയുടെ പേര് എതിർ ടീമുകളുടെ ആരാധകർ താരത്തിനെതിരെ ഉയർത്തുന്നുണ്ട്. മെസ്സിയുടെ ചാന്റുകൾ പാടി റൊണാൾഡോയെ പ്രകോപിപ്പിക്കുകയാണ് എതിർ ടീം ആരാധകരുടെ ലക്ഷ്യം. കഴിഞ്ഞ വർഷം ഏപ്രിലിൽ അൽ ഹിലാലിനെതിരായ മത്സരത്തിനിടെയും മെസ്സി ചാന്റ് മുഴക്കിയ ആരാധകർക്കു നേരെ റൊണാൾഡോ അശ്ലീല ആംഗ്യം കാണിച്ചിരുന്നു.
സൗദി പ്രോ ലീഗിൽ നിലവിൽ രണ്ടാംസ്ഥാനക്കാരായ അൽ നസ്റിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിലക്ക് തിരിച്ചടിയാവും. ഞായറാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ അൽ നസ്ർ, അൽ ഷബാബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. പെനാൽറ്റി ഗോളാക്കി റൊണാൾഡോ ടീമിനെ മുന്നിൽ നിന്ന് നയിക്കുകയും ചെയ്തിരുന്നു. ടലിസ്കയാണ് നസ്റിന്റെ മറ്റ് രണ്ട് ഗോളുകൾ നേടിയത്.
2023-2024 സൗദി പ്രോ ലീഗിൽ 20 മത്സരങ്ങളിൽ 22 ഗോളും 9 അസിസ്റ്റുമായി ഗോൾവേട്ടയിലും അസിസ്റ്റിലും ഒന്നാം സ്ഥാനത്തുള്ള താരമാണ് 39കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ. 2022-2023 സീസണിൽ 16 മത്സരങ്ങളിൽ അൽ നസർ ജഴ്സിയിൽ ഇറങ്ങിയെങ്കിലും സൗദി പ്രോ ലീഗിൽ 14 ഗോളും രണ്ട് അസിസ്റ്റും മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. 2023ൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായും ഈ പോർച്ചുഗീസ് താരം മാറിയിരുന്നു.