ന്യൂഡൽഹി: അന്താരാഷ്ട്ര ഫുട്ബോളിൽ നൂറ്റമ്പതാം മത്സരമെന്ന നാഴികക്കല്ല് പിന്നിടുന്ന ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്.) ആദരം. ചൊവ്വാഴ്ച ഗുവാഹാട്ടിയിൽ അഫ്ഗാനിസ്താനെതിരായ ലോകകപ്പ് യോഗ്യതാ ഫുട്ബോൾ മത്സരത്തിന് മുമ്പ് ഛേത്രിയെ ആദരിക്കുമെന്ന് എ.ഐ.എഫ്.എഫ്. അറിയിച്ചു.

2005 ജൂൺ 12-നാണ് ഛേത്രി അരങ്ങേറ്റംകുറിച്ചത്. പാക്കിസ്ഥാനെതിരേയായിരുന്നു ആദ്യമത്സരം. കളിയിൽ ഗോളടിച്ച ഛേത്രിയിലൂടെ ഇന്ത്യ സമനില നേടി (11). ഇതുവരെ 149 കളിയിൽനിന്ന് 93 ഗോൾ പേരിലുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായി കളിക്കുന്നവരിൽ ഗോൾനേട്ടത്തിൽ മൂന്നാമതാണ് ഛേത്രി. ക്രിസ്റ്റ്യാനോ റൊണാൾഡോ (128), ലയണൽ മെസ്സി (106) എന്നിവരാണ് ഛേത്രിക്കുമുന്നിൽ.

"ഇത് അസാധാരണമായ നേട്ടമാണ്. വിസ്മയകരമായ യാത്രയായിരുന്നു 2005 മുതൽ അദ്ദേഹത്തിന്റേത്. ഇന്ത്യൻ ഫുട്ബോളിനെ കൂടുതൽ ഉയരത്തിലെത്തിക്കുന്നതിന് ഇത്തരം നേട്ടങ്ങൾ കാരണമാകും" ആദരിക്കൽ ചടങ്ങ് പ്രഖ്യാപിച്ച് എ.ഐ.എഫ്.എഫ്. പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞു.