ഗുവാഹാട്ടി: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്താനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ആദ്യ പകുതിയിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നൽകിയ മേധാവിത്വം അവസാന നിമിഷം കൈവിട്ടാണ് ഇന്ത്യ തോൽവി വഴങ്ങിയത്. എഴുപതു മിനിറ്റുവരെ ഒരു ഗോളിന് മുന്നിട്ടുനിന്ന ഇന്ത്യ, പിന്നീടുള്ള സമയങ്ങളിൽ രണ്ട് ഗോൾ വഴങ്ങി തോൽവിയേറ്റുവാങ്ങി.

സുനിൽ ഛേത്രിയുടെ 150-ാം അന്താരാഷ്ട്ര മത്സരമായിരുന്നു ഇന്ന്. 37-ാം മിനിറ്റിൽ ഗോൾ നേടി ഛേത്രി അതിന്റെ ആഘോഷം കൊണ്ടാടിയതുമാണ്. പക്ഷേ, രണ്ടാം പകുതിയിലെ അവസാന മിനിറ്റുകളിലെ കാലിടർച്ച ഇന്ത്യക്ക് വിനയായി. 36-ാം മിനിറ്റിൽ ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി, ഛേത്രി ഗോളാക്കി മാറ്റുകയായിരുന്നു. വലതുവശത്തുനിന്ന് ഛേത്രിയെ ലക്ഷ്യമാക്കി മൻവീർ സിങ് നൽകിയ ക്രോസ് അഫ്ഗാൻ താരം അമിരി കൈകൊണ്ട് തടുത്തു.

ഇതോടെ റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ഛേത്രിയുടെ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിൽച്ചെന്ന് തറച്ചു. അഫ്ഗാൻ ഗോൾക്കീപ്പർ അസീസി വലതുവശത്തേക്ക് തന്നെ ചാടിയെങ്കിലും ഛേത്രിയുടെ ശക്തമായ ഷോട്ട് പ്രതിരോധിക്കാനായില്ല. ഇതോടെ ഇന്ത്യ മേധാവിത്വം പുലർത്തി (1-0).

ഇതോടെ കഴിഞ്ഞ അഞ്ചു കളികളിൽ ഒരു ഗോൾ പോലുമടിക്കാനാവാത്ത ഇന്ത്യയുടെ വരൾച്ച അവസാനിച്ചു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഛേത്രിയുണ്ടായിരുന്നെങ്കിലും ഗോളടിക്കാനായിരുന്നില്ല. 150-ാം മത്സരമെന്ന ചരിത്ര മുഹൂർത്തത്തിൽ ഛേത്രി ആ പ്രശ്നം പരിഹരിച്ചു.

അങ്ങനെ കളിയുടെ ഒന്നാം പകുതി ഇന്ത്യൻ മേധാവിത്വത്തോടെ അവസാനിച്ചു. 68-ാം മിനിറ്റിൽ ഇന്ത്യ സുനിൽ ഛേത്രി, ബ്രണ്ടൻ ഫെർണാണ്ടസ്, ലിസ്റ്റൻ കൊലാസോ എന്നിവരെ കയറ്റി പകരം ലലിൻസുവാല ഛങ്തെ, നോറം മഹേഷ്, അനിരുദ്ധ് ഥാപ്പ എന്നിവരെയിറക്കി. കൃത്യം രണ്ട് മിനിറ്റു കഴിഞ്ഞ് അഫ്ഗാന്റെ ആദ്യ ഗോൾ വീണു. 70-ാം മിനിറ്റിൽ അഫ്ഗാനിസ്താന്റെ തിരിച്ചടിയുണ്ടായി. മികച്ച ഒരു പ്രത്യാക്രമണത്തിലൂടെ അഫ്ഗാൻ ഇന്ത്യൻ വല കുലുക്കി. അഫ്ഗാൻ താരം റഹ്‌മത് അക്‌ബരി ഉതിർത്ത ഷോട്ട്, ഇന്ത്യൻ താരം രാഹുൽ ഭേക്കയുടെ കാലിനിടയിലൂടെ കടന്നുപോയി. ഇതോടെ അഫ്ഗാൻ ഒപ്പമെത്തി (1-1).

88ാം മിനിറ്റിൽ അഫ്ഗാൻ മുന്നേറ്റ താരത്തെ ബോക്സിനകത്ത് തടയാൻ ശ്രമിച്ചതിന് ഗുർപ്രീത് സിങ് സന്ധു പെനാൽറ്റിയും മഞ്ഞക്കാർഡും വഴങ്ങി. കിക്കെടുത്ത ശരീഫ് മുഖമ്മദിന് പിഴച്ചില്ല. റെഗുലർ സമയം അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കേ, ഗുവാഹാട്ടിയിലെ ഗാലറിയിൽ നിറഞ്ഞ ഇന്ത്യക്കാരെ മുഴുവൻ നിരാശരാക്കി അഫ്ഗാൻ മുന്നിലെത്തി (2-1). ഛേത്രിയെ പിൻവലിച്ച ശേഷമാണ് ഇന്ത്യ രണ്ട് ഗോളുകളും വഴങ്ങിയത്.

പിന്നീട് അതിൽനിന്നുള്ള തിരിച്ചുവരവ് ഇന്ത്യക്ക് സാധ്യമായില്ല. അധികമായി നൽകിയ ആറ് മിനിറ്റിനുള്ളിൽ ഇന്ത്യ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ അകന്നുനിന്നു. ഇതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് അഫ്ഗാനിസ്താനെ തോൽപ്പിക്കാനായില്ല എന്ന നാണക്കേട് ബാക്കിയായി. അഫ്ഗാനിസ്താനെതിരായ ആദ്യ പാദ മത്സരത്തിൽ ഇന്ത്യ ഗോൾരഹിത സമനില വഴങ്ങിയിരുന്നു. പോയിന്റ് പട്ടികയിൽ രണ്ടാമതാണ് ഇന്ത്യ. രണ്ടാം സ്ഥാനം നിലനിർത്താൻ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമായിരുന്നു.