- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്കെതിരെ
ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് കരുത്തരായ ഒഡീഷയ്‌ക്കെതിരെ. പ്ലേ ഓഫ് എലിമിനേറ്ററിൽ ഒഡീഷയാണ് എതിരാളികൾ. ഗോളടി വീരന്മാരായ റോയ് കൃഷ്ണയെയും ഡീഗോ മൗറിസിയോയെയും പിടിച്ചുകെട്ടണം. ഗോളടിക്കണം. ജയിക്കണം. ഭുവനേശ്വറിൽ ഒഡീഷയുടെ മൈതാനത്ത് ഇതിൽ കുറഞ്ഞതൊന്നും കേരള ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കില്ല.
എത്ര പ്രതിസന്ധിയുണ്ടായാലും പോരാട്ടവീര്യം കൈവിടാത്ത ആശാനും സംഘവും കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടവീര്യമാണോ ഒഡിഷയുടെ താരസമ്പന്നതയാണോ വിജയിക്കുകയെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ജയിക്കുന്ന ടീം സെമിഫൈനലിന് യോഗ്യതനേടും. വെള്ളിയാഴ്ച രാത്രി 7.30-ന് കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.
പരിക്കിൽനിന്ന് മുക്തനായ നായകൻ അഡ്രിയൻ ലൂണ ടീമിനൊപ്പം ചേർന്നത് ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷനൽകുന്നു. എന്നാൽ, മുഴുവൻസമയം കളിക്കാനുള്ള ശാരീരികക്ഷമത താരത്തിനില്ലെന്ന് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം പകുതിയിൽ ലൂണയെ പരീക്ഷിക്കാനാണ് സാധ്യത. പരിക്ക് മാറിയെങ്കിലും സ്‌ട്രൈക്കർ ദിമിത്രി ഡയമെന്റാകോസ് കളിക്കാനിടയില്ല. വിങ് ബാക്ക് പ്രബീർ ദാസും ടീമിലുണ്ടാകില്ല.
മുന്നേറ്റത്തിൽ ഫെഡോർ ചെർച്ചിനൊപ്പം മുഹമ്മദ് അയ്മനെ ഇറക്കിയേക്കും. കഴിഞ്ഞ മത്സരത്തിൽ മുന്നേറ്റനിരയിൽ അയ്മൻ നന്നായി കളിച്ചിരുന്നു. മധ്യനിരയിൽ വിബിൻ മോഹൻ, ജീക്‌സൻ സിങ്, ഡെയ്‌സുക്ക സക്കായ്, സൗരവ് മണ്ഡൽ എന്നിവർ കളിച്ചേക്കും. സെൻട്രൽ ഡിഫൻസിൽ മാർക്കോ ലെസ്‌ക്കോവിച്ചും മിലോസ് ഡ്രിൻസിച്ചുമാകും. വിങ്ബാക്കുകളായ മുഹമ്മദ് അസ്ഹറും ഹോർമിപാമും തുടരും. ഗോൾകീപ്പറായി ലാറ ശർമയെ നിലനിർത്താനും സാധ്യതയുണ്ട്.
22 കളിയിൽ 32 ഗോൾ നേടിയ ബ്ലാസ്റ്റേഴ്സ് 31 ഗോൾ തിരിച്ചുവാങ്ങി. ഒഡിഷ 35 ഗോൾ നേടിയപ്പോൾ വഴങ്ങിയത് 23 ഗോൾ. ഒഡീഷ അവസാന രണ്ടുകളിയും തോറ്റെങ്കിലും സെമിയിലേക്ക് മുന്നേറാൻ സമീപകാലത്തെ പ്രകടനം മതിയാവില്ല ബ്ലാസ്റ്റേഴ്സിന്. ഇത് ഏറ്റവും നന്നായി അറിയാവുന്ന ഇവാൻ വുകോമനോവിച്ച് മറുതന്ത്രവുമായി തയ്യാറെടുത്തുകഴിഞ്ഞു. ഭുവനേശ്വറിൽ ഇതുവരെ ബ്ലാസ്റ്റേഴ്സിന് ജയിക്കാനായിട്ടില്ല. കളിച്ച മൂന്ന് മത്സരത്തിലും തോറ്റു. ഒഡിഷയെ തോൽപിച്ചാൽ സെമിയിൽ നിലവിലെ ചാംപ്യന്മാരായ മോഹൻ ബഗാനായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ഇത്തവണ മികച്ച കളിക്കാരെ ടീമിലെത്തിച്ച ക്ലബ്ബാണ് ഒഡിഷ. സെർജി ലൊബേറ എന്ന തന്ത്രശാലിയായ പരിശീലകനും അവർക്കുണ്ട്. സീസണിലെ അവരുടെ കുതിപ്പിന്റെ അടിസ്ഥാനം ഇതുരണ്ടുമാണ്. ഡീഗോ മൗറീഷ്യോയും റോയ് കൃഷ്ണയും കളിക്കുന്ന മുന്നേറ്റനിര അതിശക്തമാണ്. മധ്യനിരയിൽ അഹമ്മദ് ജാഹുവെന്ന ബോക്‌സ് ടു ബോക്‌സ് കളിക്കാൻ കഴിയുന്ന താരമുണ്ട്. പ്രതിരോധത്തിൽ കാർലോസ് സെൽഗാഡോയും മൗർറ്റാഡെ ഫാളും കരുത്തരാണ്. ഗോൾകീപ്പറായി അമരീന്ദർ സിങ്ങും. കടലാസിൽ കരുത്തരാണ് ടീം. സ്വന്തം മണ്ണിൽ കരുത്തിനൊത്ത പ്രകടനം പുറത്തെടുത്താൽ സെമിയിലേക്ക് ചീട്ടെടുക്കാനാകും.