കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാൻ വുക്കോമനോവിച്ച്. ക്ലബ് തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. പരസ്പര ധാരണയോടെയാണ് തീരുമാനമെന്നാണ് ക്ലബ് നൽകുന്ന വിശദീകരണം. 2021ൽ ക്ലബിനൊപ്പം ചേർന്ന ഇവാൻ വുക്കോമനോവിച്ച് ക്ലബിനായി ചരിത്രനേട്ടങ്ങൾ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്.

തുടർച്ചയായി മൂന്നു തവണ ടീമിനെ പ്ലേഓഫിൽ എത്തിച്ച ഇവാന് ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കുവാനും സാധിച്ചു. 2021 -22 സീസണിൽ ക്ലബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിന്റ്, ഏറ്റവും കൂടുതൽ ഗോളുകൾ എന്നീ നേട്ടങ്ങൾ സ്വന്തമാക്കുവാനും അദ്ദേഹത്തിനു കീഴിൽ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു.

വുക്കോമനോവിച്ച് നൽകിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.

ഐ.എസ്.എൽ. സീസണിൽ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയൽ. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.

ഇവാന്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങൾ നടത്തി. മൂന്നുവർഷം തുടർച്ചയായി ഐ.എസ്.എൽ. പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.

ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോൾ സ്‌കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്.

ഐഎസ്എല്ലിൽ പഞ്ചാബ് എഫ്‌സിക്കെതിരെ ഈ സീസണിലെ ഏറ്റവും മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തതെന്ന് അടുത്തിടെ വുകോമനോവിച്ച് വ്യക്തമാക്കിയിരുന്നു. ടീമിനെതിരെ രൂക്ഷ വിമർശനവും ഉണ്ടായിരുന്നു.

ഇവാനുമായി ബന്ധം വിടപറയുന്നതുമായി ബന്ധപ്പെട്ട പോസ്റ്റിൽ ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കുന്നതിങ്ങനെ.. "ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചിനോട് ക്ലബ് വിട പറയുന്നു. ഇവാന്റെ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി. മുന്നോട്ടുള്ള യാത്രയിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും." ബ്ലാസ്റ്റേഴ്സ് കുറിച്ചിട്ടു. പരസ്പര ധാരണയോടെയാണ് വേർപിരിഞ്ഞതെന്നും ക്ലബിന്റെ പോസ്റ്റിൽ പറയുന്നു.

2021-22 സീസണിൽ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിന്റ് സ്വന്തമാക്കിയത് ഇവാന്റെ കീഴിലായിരുന്നു. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും സെർബിയക്കാരന്റെ കീഴിൽ നിന്നുതന്നെ. അദ്ദേഹം വിടപറയുന്നതുമായി ബന്ധപ്പെട്ട് ക്ലബ് ഡയറക്റ്റർ കരോലിസ് സ്‌കിൻകിസ് പറയുന്നതിങ്ങനെ... "ടീമിന്റെ വിജയത്തിൽ മൂന്ന് വർഷം ഇവാൻ ഒരുപാട് സ്വാധീനം ചെലുത്തി. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം. ടീമിന് വേണ്ടി അദ്ദേഹം ചെയ്തതിനെല്ലാം നന്ദി. എല്ലാവിധ ആശംസകളും നേരുന്നു." കരോലിസ് വ്യക്തമാക്കി.

ഇവാനുമായി വേർപിരിയേണ്ടി വന്നതിൽ വിഷമമുണ്ടെന്ന് ടീം ഡയറക്റ്റർ നിഖിൽ ബി നിമ്മഗദ്ദ പ്രസ്താവനയിൽ അറിയിച്ചു. ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ശരിയായ തീരുമാനമെന്ന് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.