ബെംഗളൂരു: ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചതിന്റെ ഞെട്ടലിലാണ് ആരാധകർ. ജൂൺ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷമാണ് 39കാരനായ ഛേത്രി ബൂട്ട് അഴിക്കുക. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

വിരമിക്കാനുള്ള തന്റെ തീരുമാനം സ്വയം തോന്നലിൽ നിന്ന് ഉണ്ടായതാണെന്ന് ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രി തുറന്നുപറഞ്ഞിരുന്നു. രാജ്യാന്തര മത്സരത്തിലെ തന്റെ കടമകൾ പൂർത്തിയാക്കിയെന്നും ഛേത്രി പറഞ്ഞു.

ജൂൺ ആറിനാണ് ഛേത്രിയുടെ വിരമിക്കൽ മത്സരം. 19 വർഷം കളിച്ച ഛേത്രിയാണ് രാജ്യത്തിനായി ഏറ്റവും കുടൂതൽ മത്സരം കളിച്ചതും ഗോൾ അടിച്ചതും. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ മൂന്നാമത്തെ താരവും ഛേത്രിയാണ്. 94 തവണയാണ് ഛേത്രി രാജ്യത്തിനായി വല കുലുക്കിയത്.

ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ടല്ല വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. താൻ ഇപ്പോഴും ഫിറ്റാണ്. കഠിനാദ്ധ്വാനമെന്നത് ബുദ്ധിമുട്ടുള്ള കാര്യവുമല്ല വിരമിക്കാനുള്ള കാരണം സ്വയം തോന്നിയതുകൊണ്ടാണെന്നും ഛേത്രി പറഞ്ഞു.

ഒരുവർഷം താൻ ബംഗളൂരു എഫ്സിയിലുണ്ടാകും. എത്രസമയം കളിക്കുമെന്ന് അറിയില്ല. അതിന് ശേഷം വിശ്രമിക്കണമെന്ന് ഛേത്രി പറഞ്ഞു. വിരമിച്ചതിന് ശേഷം പരിശീലക കുപ്പായമണിയുമോ എന്ന ചോദ്യത്തിൽ അത് ഇപ്പോൾ പറയാനാവില്ലെന്നും വിശ്രമവേളയിൽ അതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിരമിക്കുന്ന കാര്യം ഇന്ത്യൻ ക്രിക്കറ്റ് താരം വീരാട് കോഹ് ലിയുമായും ബൈചിങ് ബൂട്ടിയയുമായും ആലോചിച്ചിരുന്നെന്നും അവർക്ക് അത് മനസിലായെന്നും ഛേത്രി പറഞ്ഞു.

വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ താരത്തിന് നിരവധി പേർ ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ഛേത്രി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ സുഹൃത്തായ വിരാട് കോഹ്ലി കമന്റിട്ടിരുന്നു. 'എന്റെ സഹോദരൻ. അഭിമാനം', എന്നാണ് കോഹ്ലിയുടെ കമന്റ്.

കോഹ്ലിയുടെ കമന്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെയും പരസ്പര ബഹുമാനത്തെയും ആരാധകരുടെ മനസ് കീഴടക്കിയിട്ടുണ്ട്. ഇന്ത്യൻ കായിക രംഗത്തെ രണ്ട് ഇതിഹാസതാരങ്ങളുടെ ആത്മബന്ധം ആരാധകർ ഇഷ്ടപ്പെടുന്നുവെന്നാണ് ഒരു പോസ്റ്റ്.