കൊച്ചി: ഇവാൻ വുകമനോവിച്ചിന്റെ പിൻഗാമിയായി മിക്കേൽ സ്റ്റാറേ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ മുഖ്യ പരിശീലകൻ. സ്വീഡിഷുകാരനായ സ്റ്റാറേയ്ക്ക് പരിശീലകനെന്ന നിലയിൽ പതിനേഴു വർഷത്തോളം അനുഭവ സമ്പത്തുണ്ട്. ഇവാൻ വുകമനോവിച്ചിന് പകരക്കാരനായെത്തിയ 46-കാരനായ സ്റ്റാറേ 2026 വരേയാണ് ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. ഇന്ത്യയിലെത്തി എല്ലാവരേയും കാണാൻ ആഗ്രഹിക്കുന്നു. ഒന്നിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്റ്റാറേ പറഞ്ഞു. ബ്ലാസ്റ്റേഴ്സിനൊപ്പം ചേരാൻ സാധിച്ചതിലും ഏഷ്യയിൽ തന്നെ പരിശീലകനായി തുടരാൻ കഴിയുന്നതിലും സന്തോഷമുണ്ടെന്ന് സ്റ്റാറേ പ്രതികരിച്ചു.

സ്വീഡൻ, ഗ്രീസ്, ചൈന, യു.എസ്.എ., തായ്‌ലാൻഡ് തുടങ്ങിയിടങ്ങളിലായി എഐകെ, പാനിയോണിയോസ്, ഐഎഫ്‌കെ ഗോട്ടെൻബെർഗ്, ഡാലിയാൻ യിഫാങ്, ബികെ ഹാക്കെൻ, സാൻ ജോസ് എർത്ത്ക്വാക്‌സ്, സാർപ്‌സ്‌ബോർഗ് 08, സർപ്‌സ് ബോർഗ് 08 തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

രണ്ട് ദശാബ്ദത്തോളം നീണ്ട പരിശീലന പരിചയസമ്പത്തുള്ള സ്റ്റാറേ വിവിധ ക്ലബ്ബുകളിലായി നാനൂറോളം മത്സരങ്ങൾ കൈകാര്യം ചെയ്തു. സ്വീഡിഷ് ക്ലബായ വാസ്ബി യുണൈറ്റിലൂടെയാണ് പരിശീലക കുപ്പായം അണിയുന്നത്. 2009-ൽ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി. എഐകെയ്‌ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓൾസ്വെൻസ്‌കാൻ, കപ്പ് മത്സരങ്ങളായ സ്വെൻസ്‌ക കുപെൻ, സൂപ്പർകുപെൻ നേടിയതും ഐഎഫ്‌കെ ഗോട്ടെൻബെർഗിനൊപ്പം സ്വെൻസ്‌ക കുപെൻ നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ്.