ലണ്ടൻ: മാഞ്ചെസ്റ്റർ ഡാർബിയിൽ ചിരവൈരികളായ മാഞ്ചെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് എഫ്.എ. കപ്പിൽ മുത്തമിട്ട് മാഞ്ചെസ്റ്റർ യുണൈറ്റഡ്. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡിന്റെ ജയം. അലയാൻഡ്രോ ഗർനാച്ചോയുടെയും കോബീ മൈനുവിന്റെയും ഗോളുകളാണ് യുണൈറ്റഡിനെ കിരീടത്തിലെത്തിച്ചത്. സിറ്റിക്കായി ജെറിമി ഡോക്കു ആശ്വാസ ഗോൾ നേടി. വിജയത്തോടെ യുണൈറ്റഡ് അടുത്ത സീസണിൽ യൂറോപ്പ ലീഗ് യോഗ്യത നേടി.

ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 30-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. സിറ്റിയുടെ ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് കൈവശപ്പെടുത്താൻ സിറ്റി ഗോൾക്കീപ്പർ കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചെങ്കിലും സഹതാരം ഗ്വാർഡിയോളിന്റെ ഹെഡർ വിനയായി. ഗോളിയെ മറികടന്ന് പോയ പന്തിൽ കാലുവെച്ചുകൊടുക്കേണ്ട പണിയേ ഗർനാച്ചോയ്ക്ക് ഉണ്ടായിരുന്നുള്ളൂ (10).

39ാം മിനിറ്റിൽ യുണൈറ്റഡിന്റെ രണ്ടാം ഗോൾ വന്നു. സിറ്റിയുടെ പകുതിയിൽവെച്ച് ഗെർനാച്ചോ ബോക്സിൽ ഫെർണാണ്ടസിന് കൈമാറിയ പാസിലൂടെയാണ് ഗോൾ. ഫെർണാണ്ടസ് അത് കോബീ മൈനുവിന് കൈമാറി. മൈനു അത് ശാന്തമായി വലയിലെത്തിച്ചു (20).

87ാം മിനിറ്റിലാണ് സിറ്റിയുടെ ആശ്വാസ ഗോൾ വന്നത്. 87-ാം മിനിറ്റിൽ ജെറിമി ഡോക്കുവാണ് ഗോൾ നേടിയത്. യുണൈറ്റഡിന്റെ പെനാൽറ്റി ഏരിയക്ക് പുറത്തുവെച്ച് ഡോക്കു തൊടുത്ത ഷോട്ട് യുണൈറ്റഡ് ഗോൾക്കീപ്പർ കൈയിൽ തട്ടി വലക്കകയ്ത്തു പോയി (21).

എഫ് എ കപ്പിൽ യുണൈറ്റഡിന്റെ 13-ാം കിരീടമാണിത്. 14 തവണ കിരീടം നേടിയ ആഴ്‌സണൽ മാത്രമാണ് യുണൈറ്റഡിനു മുന്നിലുള്ളത്. 2015-16 സീസണിനുശേഷം ആദ്യമായാണ് യുണൈറ്റഡ് എഫ്.എ. കപ്പ് നേടുന്നത്. എഫ്.എ. വിമൺസ് കപ്പിലും യുണൈറ്റഡ് തന്നെയായിരുന്നു ചാമ്പ്യന്മാർ. മെയ്‌ 12-ന് നടന്ന മത്സരത്തിൽ ടോട്ടനമിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ചാമ്പ്യന്മാരായത്.