- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരമിക്കൽ പ്രഖ്യാപിച്ച് യുറുഗ്വായ് ഇതിഹാസം എഡിൻസൻ കവാനി
മോണ്ടെവീഡിയോ: യുറുഗ്വായിയുടെ ഇതിഹാസ സ്‌ട്രൈക്കർ എഡിൻസൻ കവാനി അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചു. കോപ്പ അമേരിക്ക ടൂർണമെന്റ് പടിവാതിൽക്കൽ എത്തിനിൽക്കെയാണ് 37കാരനായ കവാനി വിരമിക്കൽ പ്രഖ്യാപിച്ചത്. ബൊക്ക ജൂനിയേഴ്‌സ് മുന്നേറ്റ താരമായ കവാനി യുറുഗ്വായ് ദേശീയ ടീമിനായി 14 വർഷത്തെ കരിയറിൽ 136 മത്സരങ്ങളിൽനിന്ന് 58 ഗോളുകൾ നേടിയിട്ടുണ്ട്.
യുറുഗ്വായ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ ചരിത്രത്തിലെ രണ്ടാമത്തെ താരമെന്ന നേട്ടത്തിനുടമയാണ് കവാനി. താരം നിലവിൽ അർജന്റീന ക്ലബ് ബൊക്ക ജൂനിയേഴ്സിന്റെ താരമാണ്.
ഇൻസ്റ്റഗ്രാമിലിട്ട നീണ്ട കുറിപ്പിലാണ് താരം വിരമിക്കുകയാണെന്ന കാര്യം വ്യക്തമാക്കിയത്. രാജ്യത്തിനായി കളിക്കാൻ സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്നു താരം വ്യക്തമാക്കി. കരിയറിലുടനീളം പിന്തുണച്ച ആരാധകർക്ക് താരം നന്ദി പറഞ്ഞു.
'ഇന്ന് എന്റെ വാക്കുകൾ വളരെ കുറവാണെങ്കിലും ആഴമേറിയതാണ്. വർഷങ്ങളായി ഈ യാത്രയുടെ ഭാഗമായ ഓരോ വ്യക്തികൾക്കും നന്ദി. ഈ ലോകത്ത്, ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് ജഴ്‌സി ധരിക്കാനായതിൽ അന്നും എന്നും അനുഗ്രഹിക്കപ്പെട്ടവനായിരിക്കും' -ഇൻസ്റ്റഗ്രാം കുറിപ്പിൽ കവാനി പറഞ്ഞു.
എത്ര അത്ഭുതകരമായ വർഷങ്ങളായിരുന്നു കടന്നുപോയത് എന്നതിൽ സംശയമില്ല. എനിക്ക് പറയാനും ഓർക്കാനും ഒരായിരം കാര്യങ്ങൾ ഉണ്ട്, കരിയറിലെ ഈ പുതിയ ഘട്ടത്തിനായി സമർപ്പിക്കുകയാണ്. ഒടുവിൽ മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നു, പക്ഷേ ഹൃദയമിടിപ്പ് തുടരുകയാണ്. ആരാധകരെ ശക്തമായ ആലിംഗനം ചെയ്യുന്നുവെന്നും താരം കുറിപ്പിൽ പറയുന്നു.
2022 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഘാനക്കെതിരെയാണ് താരം അവസാനമായി ദേശീയ ടീമിനായി കളിച്ചത്. യുറുഗ്വായ് പിന്നാലെ പുറത്താകുകയും ചെയ്തു. ജൂൺ 23ന് പനാമക്കെതിരെയാണ് കോപ്പ അമേരിക്ക ടൂർണമെന്റിൽ യുറുഗ്വായിയുടെ അരങ്ങേറ്റ മത്സരം.
2008ലാണ് താരം യുറുഗ്വെ ജേഴ്സിയിൽ അരങ്ങേറിയത്. കൊളംബിയക്കെതിരെയാണ് ആദ്യമായി കളിച്ചത്. 136 മത്സരങ്ങൾ ദേശീയ ടീമിനായി കളിച്ച കവാനി 58 ഗോളുകളും നേടി. രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തും കവാനിയുണ്ട്.
2010ലെ ലോകകപ്പിൽ യുറുഗ്വെ നാലാം സ്ഥാനത്തെത്തിയപ്പോഴും 2018ലെ ലോകകപ്പിൽ മുന്നേറ്റം നടത്തിയപ്പോഴും ടീമിലെ നിർണായക സാന്നിധ്യമായിരുന്നു കവാനി. 2011ൽ യുറുഗ്വെ കോപ്പ അമേരിക്ക ചാമ്പ്യന്മാരായപ്പോഴും കവാനിയുടെ റോൾ ശ്രദ്ധയമായിരുന്നു.
പാലെർമോ, നാപ്പോളി, പിഎസ്ജി, മാഞ്ചസ്റ്റർ യുനൈറ്റഡ്, വലൻസിയ ടീമുകൾക്കായി നേരത്തെ 37കാരൻ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് താരം ബൊക്ക ജൂനിയേഴ്സിൽ എത്തിയത്.