ന്യൂഡൽഹി: രാജ്യാന്തര കരിയറിലെ അവസാന മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം സുനിൽ ഛേത്രിക്ക് ആശംസകൾ നേർന്ന് ക്രൊയേഷ്യൻ ഫുട്‌ബോൾ ടീം നായകനും റയൽ മാഡ്രിഡ് താരവുമായ ലൂക്കാ മോഡ്രിച്ച്. ഒന്നരപതിറ്റാണ്ട് നീണ്ട കരിയറിനൊടുവിൽ സജീവ ഫുട്‌ബോളിൽ രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ ലോകതാരങ്ങളിൽ മൂന്നാം സ്ഥാനക്കാരനായാണ് ഛേത്രി ബൂട്ടഴിക്കുന്നത്. 150 മത്സരങ്ങളിൽ നിന്ന് 94 ഗോളുകളാണ് അദ്ദേഹം നേടിയത്.

വീഡിയോ സന്ദേശത്തിലൂടെയാണ് മോഡ്രിച്ച് ഇന്ത്യൻ നായകന് ആശംസകൾ അറിയിച്ചത്. 'ഹായ് സുനിൽ, എനിക്ക് നിങ്ങളോടൊരു ഹലോ പറയണം. രാജ്യത്തിനായുള്ള അവസാന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങളുടെ കരിയറിന് അഭിനന്ദനങ്ങൾ, ഫുട്‌ബോളിനും നിങ്ങളുടെ ടീമംഗങ്ങൾക്കും നിങ്ങളൊരു ഇതിഹാസമാണ്. അവസാന മത്സരം നിങ്ങൾ എന്നെന്നും ഓർമിക്കുന്ന മത്സരമാകട്ടെ. നല്ലത് സംഭവിക്കട്ടെ, ക്യാപ്റ്റനായി ജയിക്കൂ. ക്രൊയേഷ്യയുടെ ഭാഗത്ത് നിന്ന് എല്ലാവിധ ആശംസകളും" മോഡ്രിച്ച് വീഡിയോ സന്ദേശത്തിൽ കുറിച്ചു. ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക് ആണ് വീഡിയോ പങ്കുവച്ചത്. മോഡ്രിച്ചിന്റെ ആശംസക്ക് കോച്ച് ഇഗോർ സ്റ്റിമാക്ക് നന്ദി പറഞ്ഞു. രാജ്യത്തിന്റെ അഭിമാനം കാക്കാൻ ഞങ്ങളാൽ സാധ്യമായതെല്ലാം ചെയ്യും ലൂക്കാ എന്നായിരുന്നു സ്റ്റിമാക്ക് മറുപടിയിൽ പറഞ്ഞു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന് വിജയത്തോടെ വിടവാങ്ങൽ ഒരുക്കുമോ നീലപ്പട എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. അമ്പതിനായിരത്തോളം പേർക്കിരിക്കാവുന്ന സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിലേക്ക് ഛേത്രിയുടെ വിടവാങ്ങൾ മത്സരം കാണാൻ ആരാധകർ ഒഴുകിയെത്തുമെന്നാണ് കരുതുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ 128 ഉം ലയണൽ മെസ്സി 106 ഉം ഗോളുകളുമായി മുന്നിൽ നിൽക്കുന്ന പട്ടികയിൽ ഛേത്രി പിന്നിലാക്കുന്നത് എത്രയോ ഇതിഹാസങ്ങളെയാണ്. പെലെയും മറഡോണയും പുഷ്‌കാസും അടക്കമുള്ള ഇതിഹാസങ്ങൾ കണക്കുകളിലെങ്കിലും ഛേത്രിക്ക് പിന്നിലാണെന്നത് ഒരു പക്ഷെ സ്വപ്നങ്ങൾക്ക് നിരക്കാത്ത യാഥാർത്ഥ്യമായി മുന്നിൽ നിൽക്കുകയാണ്.

ലോകഫുട്ബോളിൽ ഇന്ത്യയുടെ സ്ഥാനവും ഇന്ത്യൻ ഫുട്ബോളർമാരുടെ നിലവാരവും കണക്കിലെടുമ്പോൾ ഛേത്രി കാതങ്ങൾ മുന്നിലാണ്. 2022 ൽ എന്ന പേരിൽ മൂന്ന് ഭാഗങ്ങൾ വരുന്ന ഒരു പരമ്പര പുറത്തിറക്കാൻ ഫിഫയെ പ്രേരിപ്പിച്ചതും ലോകകപ്പ് യോഗ്യത പോലും ഒരു സ്വപ്നം മാത്രമായ രാജ്യത്ത് നിന്നും ലോകോത്തര ഫുട്ബോളർമാരുടെ പേരിനൊപ്പം നിൽക്കാൻ പറ്റുന്ന ഒരു അതികായൻ ആണെന്ന പരിപൂർണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്.

നിലവിൽ ലോകഫുട്ബോളിൽ ഏറ്റവുമധികം ഗോൾ നേടിയ മൂന്നാമന്റെ കഥയാണിതെന്നായിരുന്നു ഫിഫ പറഞ്ഞത്. ഇന്ത്യൻ ഫുട്ബോളിന്റെ താഴേക്ക് പോക്ക് കാരണം വ്യക്തിപരമായ നഷ്ടങ്ങൾ കൂടി ഛേത്രിക്ക് സംഭവിച്ചിട്ടുണ്ട്. 2009 ൽ ഇംഗ്ലീഷ് ലീഗ് ചാംപ്യൻഷിപ്പ് ക്ളബ്ബ് ക്യൂൻസ് പാർക്ക് റെഞ്ചേഴ്സിന് വേണ്ടി മൂന്നു വർഷക്കരാറിൽ ഒപ്പിട്ടിട്ടും ഫിഫയുടെ ആദ്യ 70 റാങ്കിൽ പെടാത്തതുകൊണ്ട് മാത്രം വർക്ക് പെർമിറ്റ് കിട്ടാതെ പോയ നിർഭാഗ്യം ഛേത്രിക്ക് സംഭവിച്ചിട്ടുണ്ട്. എങ്കിലും 2012 ൽ പോർച്ചുഗൽ സ്പോർട്ടിങ് സി പി ബി ടീമിന്റെ ഭാഗമാകാൻ ഛേത്രിക്ക് സാധിച്ചു.

പൊതുവെ ലോക റാങ്കിങ്ങിൽ പിന്നിൽ നിൽക്കുന്ന ടീമുകൾക്കെതിരെയാണ് ഛേത്രിയുടെ ഗോൾ നേട്ടങ്ങൾ എന്ന ന്യായീകരണം നിരത്താമെങ്കിലും ബോക്സിൽ ഒരു ഗോളിനായി പന്തുകൾ എത്തിക്കുവാൻ പാടുപെടുന്ന ഇന്ത്യൻ ഫുട്ബോളിൽ ഛേത്രിയുടെ നേട്ടം കണക്കുകൾക്കപ്പുറത്ത് തന്നെയാണ് സമ്മതിക്കേണ്ടി വരും. ഐ.എം.വിജയനും ബൈച്ചുങ് ബൂട്ടിയയും അടക്കമുള്ള ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങളുടേയും ഈയടുത്ത കാലത്ത് കളിച്ചവരുടേയും കണക്കുകളെടുക്കുമ്പോൾ ഛേത്രി ബഹുദൂരം മുന്നിലാണ്.