കൊൽക്കത്ത: നായകൻ സുനിൽ ഛേത്രിയുടെ വിടവാങ്ങൽ മത്സരത്തിൽ ഇന്ത്യയ്ക്ക് ഗോൾരഹിത സമനില. ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ട് മത്സരത്തിൽ മികച്ച കളി പുറത്തെടുത്തിട്ടും കുവൈത്തിനോട് ഇന്ത്യ ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു. ഛേത്രിയുടെ അവസാന മത്സരം കാണാൻ അൻപതിനായിരത്തിലേറെ കാണികളാണ് സാൾട്ട്ലേക്കിലെത്തിയത്. ഛേത്രിയുടെ ഓരോ ടച്ചും അവർ നിറഞ്ഞ കൈയടികളാൽ ആവേശകരമാക്കി. എന്നാൽ വിജയമധുരത്തോടെ ഫുട്‌ബോൾ ഇതിഹാസത്തിന് വിടവാങ്ങൽ ഒരുക്കാൻ ഒരുക്കാനായില്ല.

ഒന്നര ദശകത്തോളം ഇന്ത്യൻ ഫുട്‌ബോളിനെ തോളിലേറ്റി നീലക്കുപ്പായത്തിൽ ഏറ്റവും കൂടുതൽ ഗോളടിച്ച(94) ഛേത്രിക്കും തന്റെ അവസാന മത്സരത്തിൽ ഗോളിലേക്ക് വഴിതുറക്കാനായില്ല. കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ റാങ്കിംഗിൽ പിന്നിലുള്ള(139) കുവൈറ്റ് ഇന്ത്യയെ ഗോൾരഹിത സമനിലയിൽ തളയ്ക്കുകയായിരുന്നു. കിറ്റ് സ്പോൺസർമാരായ പെർഫോമാക്സ് ആക്റ്റീവ്വെയർ പുറത്തിറക്കിയ പുതിയ ജേഴ്സി ധരിച്ചായിരുന്നു ഛേത്രിയുടെ വിടവാങ്ങൽ മത്സരത്തിൽ ഇന്ത്യൻ ടീം കളത്തിലിറങ്ങിയത്.

ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഫിനിഷിംഗിലെ പോരായ്മമൂലും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. രണ്ടാം പകുതിയിലും കിട്ടിയ അവസരങ്ങൾ മുതലാക്കാൻ ഇരു ടീമുകൾക്കും കഴിയാതിരുന്നതോടെ ഇന്ത്യൻ ഫുട്‌ബോളിലെ ഇതിഹാസത്തിന് വിജയമധുരത്തോടെ വിട പറയാൻ ഇന്ത്യക്കായില്ല. മത്സരത്തിനൊടുവിൽ പൊട്ടിക്കരഞ്ഞാണ് ഛേത്രി വിടവാങ്ങിയത്.

കവൈറ്റിനോട് സമനില വഴങ്ങിയതോടെ 11ന് നടക്കുന്ന ഖത്തറിനെതിരായ മത്സരം ഇന്ത്യക്ക് നിർണായകമായി. അവസാന മത്സരത്തിൽ കരുത്തരായ ഖത്തറിനെതിരെ സമനിലയെങ്കിലും നേടാതെ ഇന്ത്യക്ക് ഇനി അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവില്ല. കുവൈറ്റിനാകട്ടെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിക്കുകയോ സമനില നേടുകയോ ചെയ്താലും അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവും.

പരിക്കേറ്റ സന്ദേശ് ജിംഗാന്റെ അഭാവത്തിൽ നിഖിൽ പൂജാരി, രാഹുൽ ഭേകെ, അൻവർ അലി, ജയ് ഗുപ്ത എന്നിവരെ പ്രതിരോധത്തിന്റെ ചുമതലയേൽപ്പിച്ചാണ് ഇഗോർ സ്റ്റിമാച്ച് ടീമിനെ ഇറക്കിയത്. ലാലിയൻസുവാല ചാങ്തെ, അനിരുദ്ധ് ഥാപ്പ, സുരേഷ് സിങ്, ലിസ്റ്റൻ കൊളാസോ എന്നിവരായിരുന്നു മധ്യനിരയിൽ. മുന്നിൽ ഛേത്രിയേയും തൊട്ടുപിന്നിൽ സഹൽ അബ്ദുൾ സമദിനെയുമിറക്കി 4-4-1-1 ഫോർമേഷനിലാണ് ടീം ഇറങ്ങിയത്.

കളിയുടെ തുടക്കത്തിൽത്തന്നെ ആക്രമിച്ചുകളിക്കാനാണ് ഇരുടീമും ശ്രമിച്ചത്. നാലാം മിനിറ്റിൽ തന്നെ ഇന്ത്യൻ ബാക്ക്ലൈൻ കടന്ന് മുഹമ്മദ് അബ്ദുള്ളയിലൂടെ കുവൈത്ത് ഒരു മുന്നേറ്റത്തിന് ശ്രമിച്ചെങ്കിലും ഗോൾകീപ്പർ ഗുർപ്രീതിന്റെ സമയോചിതമായ ഇടപെടൽ രക്ഷയായി. എന്നാൽ, മത്സരം 10 മിനിറ്റ് പിന്നിട്ടതോടെ ഇന്ത്യ കളംപിടിച്ചു. ലിസ്റ്റൻ കൊളാസോയും സുനിൽ ഛേത്രിയും ചേർന്നുള്ള ഒരു മുന്നേറ്റം ഏറെ പണിപ്പെട്ടാണ് കുവൈത്ത് പ്രതിരോധം തടഞ്ഞത്. പിന്നാലെ അനിരുദ്ധ് ഥാപ്പയുടെ ക്രോസിൽ തലവെച്ച അൻവർ അലിക്ക് ലക്ഷ്യം കാണാനായില്ല. തുടർന്ന് കുവൈത്തിനുമേൽ പ്രസ്സിങ് ഗെയിം പുറത്തെടുത്ത ഇന്ത്യ തുടർച്ചയായി എതിരാളികളുടെ ഗോൾമുഖം വിറപ്പിച്ചു.

വലതുവിങ്ങിൽ നിഖിൽ പൂജാരി ലാലിയൻ സുല ചാങ്തെ സഖ്യത്തിന്റെ മുന്നേറ്റങ്ങളാണ് കുവൈത്തിന് കൂടുതൽ തലവേദന സൃഷ്ടിച്ചത്. ആദ്യ പകുതി ഗോൾരഹിതസമനിലയിൽ അവസാനിച്ചു.

അനുരുദ്ധ് ഥാപ്പയ്ക്കും സഹലിനും പകരം റഹീം അലിയേയും ബ്രാൻഡൻ ഫെർണാണ്ടസിനെയും ഇറക്കിയാണ് രണ്ടാം പകുതിയിൽ ടീം കളിച്ചത്. പിന്നാലെ 48-ാം മിനിറ്റിൽ തന്നെ ഇന്ത്യയ്ക്ക് മത്സരത്തിലെ മികച്ച അവസരങ്ങളിലൊന്ന് ലഭിച്ചു. മധ്യനിരയിൽ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ റഹീം അലിക്ക് പക്ഷേ ഗോളി മാത്രം മുന്നിൽനിൽക്കേ ലക്ഷ്യം കാണാനായില്ല. താരത്തിന്റെ ദുർബലമായ ഷോട്ട് കുവൈത്ത് ഗോളി അബ്ദുൾ ഗഫൂർ തട്ടിയകറ്റുകയായിരുന്നു. പിന്നാലെ 51-ാം മിനിറ്റിൽ ലഭിച്ച സുവർണാവസരവും റഹീമിന് മുതലാക്കാനായില്ല.

ഇതിനു പിന്നാലെ പോസ്റ്റിൽ മുന്നിൽനിന്ന് അൽറാഷിദിയുടെ ഷോട്ട് തടഞ്ഞിട്ട് ഗുർപ്രീത് ഒരിക്കൽക്കൂടി ഇന്ത്യയുടെ രക്ഷയ്ക്കെത്തി. 71-ാം മിനിറ്റിൽ ലിസ്റ്റനു പകരം മൻവീർ സിങ്ങിനെ കളത്തിലിറക്കിയ ഇന്ത്യ ആക്രമണത്തിന് മൂർച്ചകൂട്ടിയെങ്കിലും കുവൈത്ത് പ്രതിരോധം ഉറച്ചുനിന്നു. 74-ാം മിനിറ്റിൽ അൽസുലൈമാനിക്കെതിരേ ബോക്സിൽ പുറത്തെടുത്ത മികച്ചൊരു ടാക്ലിങ്ങിലൂടെ അൻവർ അലി കുവൈത്തിന്റെ ഉറച്ചൊരു ഗോളവസരം ഇല്ലാതാക്കി. അവസാന 10 മിനിറ്റിൽ ജയ് ഗുപ്തയ്ക്ക് പകരം ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച എഡ്മണ്ട് ലാൽറിൻഡികയെ കളത്തിലിറക്കിയെങ്കിലും ഇന്ത്യയ്ക്ക് ഗോൾനേടാനായില്ല. ഇതിനിടെ എഡ്മണ്ടിനെ കുവൈത്ത് താരം ഫൗൾ ചെയ്തതോടെ മത്സരം അവസാന ഘട്ടത്തിൽ അൽപം പരുക്കനായി.

സമനിലയോടെ ഗ്രൂപ്പ് എയിൽ അഞ്ചു കളികളിൽ നിന്ന് അഞ്ചു പോയന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. നാലു കളികളിൽ നിന്ന് 12 പോയന്റുമായി ഖത്തറാണ് ഒന്നാമത്. സമനിലയോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിൽ കടക്കാനുള്ള സാധ്യത ഇന്ത്യ നിലനിർത്തി. ഇന്ത്യയുടെ ശേഷിക്കുന്ന മത്സരം