- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹംഗറിയെ കീഴടക്കി സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനത്ത്
ബെർലിൻ: യൂറോ കപ്പ് ഫുട്ബോളിൽ സ്വിറ്റ്സർലൻഡിന് വിജയത്തുടക്കം. ഗ്രൂപ്പ് എ യിലെ മത്സരത്തിൽ ഹംഗറിയെ ഒന്നിനെതിരേ മൂന്നുഗോളുകൾക്കാണ് കീഴടക്കിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്ന സ്വിസ് പട രണ്ടാം പകുതിയിൽ ഗോൾ പട്ടിക പൂർത്തിയാക്കി. രണ്ടാം പകുതിയിലായിരുന്നു ഹംഗറിയുടെ ആശ്വാസ ഗോൾ. ജയത്തോടെ ഗ്രൂപ്പിൽ സ്വിസ് നിര രണ്ടാമതെത്തി. ജർമനിയാണ് തലപ്പത്ത്.
ഷാക്കിരിയെ ബെഞ്ചിലിരുത്തി മൈതാനത്തിറങ്ങിയ സ്വിറ്റ്സർലൻഡ് തുടക്കം മുതൽ തന്നെ ആക്രമണഫുട്ബോളാണ് പുറത്തെടുത്തത്. 12-ാം മിനിറ്റിൽ തന്നെ ലക്ഷ്യവും കണ്ടു. സ്ട്രൈക്കർ ക്വാഡോ ദുവയാണ് സ്വിസ് പടയ്ക്ക് ലീഡ് സമ്മാനിച്ചത്. പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് എബിഷർ നൽകിയ ത്രൂബോൾ സ്വീകരിച്ച ദുവ അനായാസം വലകുലുക്കി. റഫറി ഓഫ്സൈഡ് വിളിച്ചെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡല്ലെന്ന് കണ്ടെത്തിയതോടെ ഗോൾ അനുവദിച്ചു.
ഗോൾ നേടിയതിന് ശേഷവും മുന്നേറ്റം തുടർന്ന സ്വിറ്റ്സർലൻഡിന് 19-ാം മിനിറ്റിൽ മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. റൂബൻ വർഗസ്സിന്റെ ഷോട്ട് ഹംഗേറിയൻ ഗോൾകീപ്പർ പീറ്റർ ഗുലക്സി സേവ് ചെയ്തു. ആദ്യ പകുതിയുടെ അവസാനം സ്വിറ്റ്സർലൻഡ് ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ ഗോളിന് വഴിയൊരുക്കിയ എബിഷർ ഇത്തവണ ഗോൾ പട്ടികയിൽ ഇടം കണ്ടെത്തി. പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് ഉഗ്രൻ ഷോട്ടിലൂടെയാണ് താരം വലകുലുക്കിയത്.
രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ട് ഹംഗറി ഉണർന്നു കളിച്ചു. നിരവധി അവസരങ്ങളും സൃഷ്ടിച്ചു. 66-ാം മിനിറ്റിൽ ഹംഗറിയുടെ മറുപടിയെത്തി. ഇടതുവിങ്ങിൽ നിന്ന് ഡൊമിനിക് ഷൊബൊസ്ലായി നൽകിയ ക്രോസിൽ തല വെച്ച് ബർനബാസ് വർഗയാണ് ഹംഗറിക്കായി ഗോളടിച്ചത്. ഗോൾ വീണതിന് പിന്നാലെ സ്വിസ് പടയും മുന്നേറ്റം ശക്തമാക്കി. കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ സ്വിറ്റ്സർലൻഡ് മൂന്നാം ഗോളും നേടി ആഘോഷങ്ങൾക്ക് തുടക്കമിട്ടു. പകരക്കാരനായെത്തിയ എംബോളായാണ് ലക്ഷ്യം കണ്ടത്.